26 April Friday

മരുന്നുസംഭരണശാലകളിൽ സുരക്ഷ ഉറപ്പാക്കും; സ്‌റ്റോക്ക്‌ മാറ്റി സൂക്ഷിക്കും

സ്വന്തം ലേഖികUpdated: Monday May 29, 2023


തിരുവനന്തപുരം
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മരുന്നുസംഭരണശാലകളിൽനിന്ന്‌ സ്‌റ്റോക്ക്‌ മാറ്റി സൂക്ഷിക്കാൻ കെഎംഎസ്‌സിഎൽ നടപടി. സ്ഥലപരിമിതി പ്രശ്നമാകാതിരിക്കാനാണിത്‌. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ സ്റ്റോക്ക് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എറണാകുളം ജില്ലയിലെ സ്റ്റോക്ക് മാറ്റുന്നത്‌ പുരോഗമിക്കുകയാണ്‌. ഇടുക്കി, വയനാട് ജില്ലകളിലെയും സ്റ്റോക്ക് മാറ്റും.

മുഴുവൻ സ്വകാര്യ സംഭരണശാലാ ഉടമസ്ഥരോടും ഫയർ എൻഒസി ലഭ്യമാക്കാനും നിർദേശം നൽകി. ഇതില്ലാത്ത പക്ഷം അവിടങ്ങളിൽനിന്നും സ്‌റ്റോക്ക്‌ മാറ്റാനാണ്‌ തീരുമാനം. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ, സെൻട്രൽ വെയർഹൗസിങ്‌ കോർപറേഷൻ, കിൻഫ്ര എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി ആലോചിച്ച്‌ കൂടുതൽ സംഭരണസ്ഥലം കണ്ടെത്തും. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ കെട്ടിടം വാടകയ്ക്ക് എടുക്കാനും ആലോചനയുണ്ട്‌.

കൊല്ലത്തിനുശേഷം തിരുവനന്തപുരത്തുണ്ടായ അപകടത്തിന്‌ പിന്നാലെ ബ്ലീച്ചിങ് പൗഡർ വിതരണം 23 മുതൽ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. തുടർന്ന്‌ സാമ്പിൾ ശേഖരിച്ച്  ഡ്രഗ്സ് കൺട്രോളർ വിഭാഗം വഴി പരിശോധനയ്‌ക്കയച്ചു. ആലപ്പുഴയിലെ സംഭരണശാലയിൽ തീപിടിത്തമുണ്ടായത്‌ ശനി പുലർച്ചെയാണ്‌. ഈ സാഹചര്യത്തിൽ പരിശോധനാഫലത്തിനായി കാക്കാതെ ബ്ലീച്ചിങ് പൗഡർ തിരികെയെടുക്കാൻ വിതരണക്കാരായ പാർക്കിൻസ് എന്റർപ്രൈസസ്‌, ബാങ്കെ ബിഹാരി കെമിക്കൽസ്‌ എന്നീ കമ്പനികൾക്ക്‌ ശനിയാഴ്ചതന്നെ കെഎംഎസ്‌സിഎൽ നിർദേശവും നൽകി. കമ്പനികൾക്കായി മരുന്നുവാങ്ങി വിതരണം ചെയ്യുന്നുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും കെഎംഎസ്‌സിഎൽ വ്യക്തമാക്കി.

ജീവനക്കാർക്ക്‌ അഗ്നിരക്ഷാ ബോധവൽക്കരണം
എല്ലാ സംഭരണശാലകളിലെയും ജീവനക്കാർക്ക് അടിയന്തര സാഹചര്യം നേരിടുന്നതിനായി അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ്‌ നൽകും. സംഭരണശാലകളിൽ സേന കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച്  സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടിയെടുക്കും. എല്ലാ സംഭരണശാലകളിലും സുരക്ഷാജീവനക്കാർക്ക് പുറമെ ഒന്നോ രണ്ടോ പുരുഷ ജീവനക്കാരുടെ സേവനം കൂടി  ലഭ്യമാക്കാനാണ്‌ തീരുമാനം.


കാരണം ബ്ലീച്ചിങ്‌ പൗഡറിലെ 
രാസപ്രവർത്തനമോ
കേരള മെഡിക്കൽ സർവീസ്‌ കോർപ്പറേഷന്റെ മരുന്ന്‌ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിന്റെ വ്യക്തമായ കാരണമറിയാൻ ഫോറൻസിക്‌ റിപ്പോർട്ട്‌ ലഭിക്കണം. ബ്ലീച്ചിങ്‌ പൗഡറിനുണ്ടായ രാസപ്രവർത്തനം മൂലമാകാം തീപിടിത്തമെന്ന വിദഗ്‌ധരുടെ വിശദീകരണത്തിന്‌ പിന്നാലെയാണ്‌ അധികൃതരുടെ പ്രതികരണം. രാസപ്രവർത്തനമെന്നത്‌ സാധ്യത മാത്രമാണെന്ന്‌ കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ പറഞ്ഞു.  ഈർപ്പവുമായി സമ്പർക്കത്തിലെത്തിയാൽ ചൂട്‌ പുറത്തുവിടുന്ന "എക്‌സോതെർമിക്‌ റിയാക്ഷൻ' സ്വഭാവം ബ്ലീച്ചിങ്‌ പൗഡറിനുണ്ട്‌. ഇത്‌ തീപിടിത്തത്തിന്‌ കാരണമായിരിക്കാം എന്നാണ്‌ അനുമാനിക്കുന്നത്‌. ഉറപ്പാക്കണമെങ്കിൽ തീപിടിത്തം സംബന്ധിച്ച്‌ വിശദ റിപ്പോർട്ട്‌ പുറത്തുവരണം.

വെള്ളി പുലർച്ചെയാണ്‌ ആലപ്പുഴ മെഡിക്കൽ കോളേജിനടുത്ത്‌ സംഭരണശാലയുടെ ബ്ലീച്ചിങ്‌ പൗഡർ ഗോഡൗണിന്‌ തീപിടിച്ചത്‌.  17ന്‌ കൊല്ലത്തും 23ന്‌ തിരുവനന്തപുരത്തും മരുന്ന്‌ സംഭരണശാലകളിൽ സമാന  തീപിടിത്തമുണ്ടായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top