23 April Tuesday

'അബ്ദുസമദ് പൂക്കോട്ടൂരിനെതിരല്ല പരാമര്‍ശം': വിശദീകരണവുമായി കെ എം ഷാജി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കോഴിക്കോട്‌> സമസ്ത യുവജനവിഭാഗം സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനെതിരല്ല തന്റെ പരാമര്‍ശമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മലപ്പുറത്തെ പ്രസംഗം വിവാദായതിന് പിന്നാലെയാണ് വിശദീകരണവുമായി ഷാജി രംഗത്തെത്തിയത്. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിശദീകരണം.

'നിലപാടുകളില്‍ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളില്‍ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കില്‍ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങള്‍ തമ്മില്‍
അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയില്‍ പോയി പ്രസംഗിക്കാറില്ല.

എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അബ്ദുസമദ് പൂക്കോട്ടൂരിന് മറുപടിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള വാര്‍ത്തകള്‍  സമുദായത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. സമുദായ ഐക്യം തകര്‍ക്കുന്ന ഒരു കുറിയില്‍ നറുക്കെടുക്കാന്‍ എന്തായാലും എനിക്ക് താല്‍പര്യമില്ല എന്ന് വാര്‍ത്തക്ക് പിന്നിലുള്ളവരെ അറിയിക്കുന്നു'-കെ എം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമ്യൂണിസം പൂര്‍ണമായും മതനിരാസമല്ലെന്നും വിശ്വാസികള്‍ സിപിഐ എമ്മിലടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂക്കോട്ടൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്യൂണിസ്റ്റുകാര്‍ക്ക് പ്രായോഗികമായ നയം, താത്വികമായി മറ്റൊരു നയം എന്നുള്ളത് ശരിയല്ലെന്ന് ഷാജി പറഞ്ഞത്. ഈ വിധത്തിലുള്ള വിശദീകരണങ്ങള്‍ സിപിഐ എമ്മിനെ പ്രോത്സാഹിപ്പിക്കലാണെന്നും ഷാജി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top