25 April Thursday

'ബദല്‍ നയങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ അണിനിരക്കുക': കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

കോഴിക്കോട്> രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന പൊതുമേഖലയെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തില്‍ മുഴുവന്‍ തൊഴിലാളികളും അണിനിരക്കണമെന്ന് മുന്‍ കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എംഎല്‍എ കോഴിക്കോട് വെച്ച് നടന്ന ആള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ അഞ്ചാമത് അഖിലേന്ത്യാ വനിത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ ദുരിതങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ സ്ത്രീകള്‍ കടന്നുവരണം. ബദല്‍ നയങ്ങള്‍ നടപ്പിലാക്കിയത് കാരണമാണ്  വിവിധ മാനവ സൂചികകളില്‍ കേരളത്തിന് നേട്ടം ഉണ്ടാക്കാനായത്. ഈ നേട്ടങ്ങള്‍ രാജ്യത്താകെ വ്യാപിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ബദല്‍ നയങ്ങള്‍ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്താകെ വിദ്വേഷ  പ്രചാരണങ്ങള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ജാഗരൂകരായി നിലകൊള്ളേണ്ടതുണ്ട്- ഷൈലജ ടീച്ചര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശകള്‍ കര്‍ശനമായി നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക, പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെയും, ദേശീയ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറുന്ന നാഷണല്‍ അസ്സറ്റ് മോണിറ്റയ്‌സേഷന്‍ പദ്ധതിയെയും ചെറുക്കുക. വിലക്കയറ്റം തടയുവാനും പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുവാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക തുടങ്ങി 8 പ്രമേയങ്ങള്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു.

എഐഐഇഎ ജോയിന്റ് സെക്രട്ടറി എം.ഗിരിജ  പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്പകം (സൗത്ത് സോണ്‍), ജ്യോതി പട്ടീല്‍ (സെന്‍ട്രല്‍ സോണ്‍), മനോരമ (ഈസ്റ്റ് സെന്‍ട്രല്‍ സോണ്‍), ശ്യാമ ഭട്ടാചാര്യ (ഈസ്റ്റ് സോണ്‍), പൂനം ഗുപ്ത (നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍), നീത സിംഗള്‍ (നോര്‍ത്തേണ്‍ സോണ്‍), സൂര്യ പ്രഭ (സൗത്ത് സെന്‍ട്രല്‍ സോണ്‍), കെ.ആര്‍.മീന (സൗത്ത് സോണ്‍), ഹിന (വെസ്റ്റേണ്‍ സോണ്‍), രജനി ഭാരതി (സെന്‍ട്രല്‍ സോണ്‍) എന്നിവര്‍ സംസാരിച്ചു.

എ.ഐ.ഐ.ഇ.എ മുന്‍ പ്രസിഡന്റ് അമാനുള്ളഖാന്‍, എ.ഐ.ഐ.ഇ.എ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് മിശ്ര, എ.ഐ.ഐ.പി.എ ജനറല്‍ സെക്രട്ടറി എം. കുഞ്ഞികൃഷ്ണന്‍, എന്‍.എഫ്.ഐ.എഫ്. ഡബ്ലിയൂ.ഐ ജോയിന്റ് സെക്രട്ടറി അങ്കത്തില്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡന്റ്  പി.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ഭാഗ്യലക്ഷ്മി സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top