23 April Tuesday

കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെയും തുഷാറിനെയും പ്രതി ചേർക്കാൻ കോടതി ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ആലപ്പുഴ> എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേർക്കാൻ ഉത്തരവ്‌. മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയേയും വെള്ളാപ്പള്ളിയുടെ മാനേജർ കെ എൽ അശോകനെയും പ്രതിച്ചേർക്കാനും ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട്‌ നിർദ്ദേശിച്ചു. മഹേശന്റെ ആത്മഹത്യ കുറിപ്പിൽ ഇവർ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ്‌ ഉത്തരവ്‌. മാനസിക പീഡനവും കള്ളക്കേസിൽ കുടുക്കിയതും മൂലവുമാണ് മഹേശൻ ആത്മഹത്യ ചെയ്തത്‌. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരാണ് ഇതിന് കാരണം. ഇവരെ പ്രതിചേർത്ത് കേസെടുക്കണമെന്നാണ്‌ ഹർജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിആർപിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാൽ മജിസ്ട്രേറ്റ് കോടതി വീണ്ടും വാദം കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.

എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ്‌ കേസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തിരുന്നു. അതിന്റെ അടുത്ത ദിവസം ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇവിടെ ചുവരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന്‌ ലഭിച്ചിരുന്നു.

വെള്ളാപ്പള്ളിക്കും കെഎൽ അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം ഹോമിക്കുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ. മഹേശൻ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നടേശനും ക്രൈംബ്രാഞ്ച്‌ സിഐക്കും എഴുതിയ കത്തുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top