28 March Thursday

മണ്ണും വെള്ളവുമൂറ്റി വിതയ്‌ക്കുന്നത്‌ മരണം; ശവക്കച്ച തുന്നുന്ന പണാധിപത്യം

എം എസ്‌ അശോകൻUpdated: Sunday Jan 17, 2021

കഴിഞ്ഞ ജനുവരിയിലാണ്‌ കിഴക്കമ്പലം പഞ്ചായത്ത്‌  വിലങ്ങ്‌ വാർഡിലെ ആമേപാടശേഖരത്തിലേക്ക്‌ കിറ്റെക്‌സ്‌ കമ്പനിയിൽനിന്നുള്ള ബ്ലീച്ചിങ്, ഡൈയിങ്‌ മാലിന്യം ഒഴുകിയെത്തി ഏക്കറുകണക്കിന്‌ നെൽക്കൃഷി  നശിച്ചത്‌. പെരിയാർവാലി ജലസേചന കനാലിന്റെ കൈത്തോട്ടിലൂടെയാണ്‌ കമ്പനിയിൽനിന്ന്‌ മാലിന്യം ഒഴുക്കിയത്‌. വലിയ തോട്ടിലേക്ക്‌ ഒഴുകി കടമ്പ്രയാറിലേക്കാണ്‌ ഇത്‌ എത്തുക. കരിനിറത്തിൽ കനാലിലേക്ക്‌ ഒഴുക്കിയ മാലിന്യം ചീർപ്പുകൾ തുറന്നതോടെ കതിരിട്ടുനിന്ന പാടങ്ങളിലേക്ക്‌ കയറി. മാലിന്യത്തിൽ മുങ്ങി തന്റെ 60 സെന്റിലെ നെൽക്കതിർ ഒന്നുപോലും ശേഷിക്കാതെ കരിഞ്ഞു വീഴുകയായിരുന്നെന്ന്‌ സ്ഥലമുടമ വിലങ്ങ്‌ മലമേൽ അരുൺ നാരായണൻ പറഞ്ഞു. ‘‘സമീപത്തെ കൃഷിയിടങ്ങളും നശിച്ചു. എന്നിട്ടും ഞാനൊഴികെ ആരും പരാതിപ്പെട്ടില്ല. മുതലാളിക്കെതിരെ പരാതി പറഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഓർത്ത്‌  ഉപദ്രവങ്ങളെല്ലാം ജനം സഹിക്കുകയാണ്‌. ഈ വർഷം ആമേപാടത്ത്‌ ആരും കൃഷിയിറക്കിയിട്ടില്ല’’–- അരുൺ പറഞ്ഞു. കിഴക്കമ്പലത്തെ ഏറ്റവുമൊടുവിലുണ്ടായ അനുഭവങ്ങളിൽ ഒന്നുമാത്രമാണിത്‌.

പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്താണ്‌ കിറ്റെക്‌സ്‌ ഗാർമെന്റ്‌സ്‌ കമ്പനി പ്രവർത്തിക്കുന്നത്‌. യാൺ, ഡൈയിങ്, ബ്ലീച്ചിങ്‌, പ്രിന്റിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന ആറുലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള ഫാക്ടറിയുടെ പിന്നിലാണ്‌ മാലിന്യസംഭരണികൾ. കുന്നത്തുകുടി കോളനി റോഡരുകിലെ എഫ്ലുവന്റ്‌ പ്ലാന്റിലേക്ക്‌ എത്തുന്ന മാലിന്യം നാലുതലങ്ങളിൽ സംസ്‌കരിച്ച്‌ കൃഷിക്കും മറ്റ്‌ ആവശ്യങ്ങൾക്കും പറ്റാവുന്നതായി മാറ്റുന്നു എന്നാണ്‌ കമ്പനിയുടെ അവകാശവാദം. രാസമാലിന്യങ്ങളുടെ അളവും സംസ്‌കരണത്തിനുശേഷമുള്ള അവസ്ഥയും ഉൾപ്പെടുന്ന  പ്രതിദിന മോണിറ്ററിങ് ഡാറ്റ പ്ലാന്റിന്‌ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ പ്രദർശിപ്പിക്കണമെന്നാണ്‌. എന്നാൽ, വിവരങ്ങൾ ഒന്നും കൃത്യമായി രേഖപ്പെടുത്താറില്ലെന്നത്‌ ബോർഡിൽനിന്ന്‌ വ്യക്തം. സംസ്‌കരണത്തിനുശേഷം വെള്ളം സമീപത്തെ തുറന്ന സംഭരണികളിലാണ്‌ ശേഖരിക്കുന്നത്‌. ഇത്‌ പലപ്പോഴും പിവിഐപി കനാലിലേക്ക്‌ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ ഒഴുക്കുന്നതിന്റെ വീഡിയോ ചിത്രങ്ങൾ പ്രദേശവാസികൾ ശേഖരിച്ചിട്ടുണ്ട്‌. നിറംമാറി പതഞ്ഞൊഴുകുന്ന മലിനജലം മഴയുള്ളപ്പോഴാണ്‌ കനാലിലേക്ക്‌ ഒഴുക്കുന്നത്‌. മഴ മാറിയാലും ചില രാസപദാർഥങ്ങൾ കനാലിൽ ശേഷിക്കാറുമുണ്ട്‌. ചെറുതോട്ടിലേക്ക്‌ ഒഴുക്കുന്ന മാലിന്യം വലിയ തോട്ടിലെത്തി അവിടെനിന്ന്‌ പെരിയാറിന്റെ  കൈവഴിയായ കടമ്പ്രയാറിലേക്ക്‌ ഒഴുകുന്നു.

ഫാക്ടറിക്ക്‌ താഴെയുള്ള നുറുകണക്കിന്‌ ഏക്കർ ഭൂമി കമ്പനി പിന്നീട്‌ വാങ്ങിക്കൂട്ടിയതാണ്‌. കമ്പനി വാങ്ങുന്നതിനുമുമ്പ്‌ അവിടെ നെൽക്കൃഷി ഉൾപ്പെടെ ഉണ്ടായിരുന്നു. ഇപ്പോഴുള്ളത്‌ കുളങ്ങളും കുഴൽക്കിണറുകളും മാത്രം. ഇതിലൂടെ ഒഴുകുന്ന പെരിയാർവാലി ജലസേചന കനാലിലൂടെ കാർഷികാവശ്യത്തിന്‌ നൽകുന്ന വെള്ളം കമ്പനി അനധികൃതമായി കുളങ്ങളിൽ സംഭരിക്കുന്നു. അത്‌ കമ്പനിയിലെ ആവശ്യത്തിനാണ്‌. പ്രതിദിനം 10 ലക്ഷം ലിറ്ററിലേറെ വെള്ളമാണ്‌ പ്ലാന്റുകളിലേക്ക്‌ ആവശ്യമുള്ളത്‌. നൂറോളം കുഴൽക്കിണറുകൾ ഈ ഭാഗത്തുള്ളതായാണ്‌ വിവരം.

ഭൂഗർഭജലം വൻതോതിൽ ഊറ്റിയെടുക്കുന്നു. കിറ്റെക്‌സിലെ തുണിത്തരങ്ങൾക്ക്‌ പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ടെക്‌സ്‌റ്റൈൽ വ്യവസായികളുടെ തുണികളും കിഴക്കമ്പലത്ത്‌ നിറം മുക്കുന്നതായി മുൻ പഞ്ചായത്ത്‌ പ്രസിഡന്റുകൂടിയായ എം കെ അനിൽകുമാർ പറഞ്ഞു. കോടതിവിധികളുടെ പശ്‌ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും ബ്ലീച്ചിങ് യൂണിറ്റുകൾക്ക്‌ നിയന്ത്രണമുണ്ട്‌. അതിനാൽ അവരും കിഴക്കമ്പലത്തെയാണ്‌ ആശ്രയിക്കുന്നത്‌. തുണിത്തരങ്ങളുമായെത്തുന്ന ഇതരസംസ്ഥാന ലോറികൾ കമ്പനിക്ക്‌ മുന്നിൽ ഊഴം കാത്ത്‌ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടെക്‌സ്‌റ്റൈൽ മാലിന്യത്തിനുപുറമെ അന്ന അലുമിനിയത്തിൽനിന്നുള്ള കാസ്‌റ്റിക്‌ സോഡ കലർന്ന വെള്ളവും തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നുള്ള മാലിന്യവും പെരിയാർ വാലി കനാലുകളിലേക്ക്‌ ഒഴുക്കുന്നതും പതിവ്‌. നാലായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ കമ്പനിവളപ്പിലെ ഷെഡുകളിൽ താമസിക്കുന്നുണ്ട്‌.

കമ്പനി തുടരുന്ന അനിയന്ത്രിത ജലചൂഷണവും മലിനീകരണവും കിഴക്കമ്പലത്തിന്റെ ഭാവി ആശങ്കയിലാക്കുന്നു. വർഷങ്ങളായി തുടരുന്ന മലിനീകരണംമൂലം ജലസ്രോതസ്സുകളെല്ലാം മലിനമാണെങ്കിലും അതുസംബന്ധിച്ച ശാസ്‌ത്രീയ പരിശോധനകളോ പഠനങ്ങളോ നടന്നിട്ടില്ല.  അതിനുവേണ്ടിയുള്ള മുറവിളി ഉയർന്നുതുടങ്ങിയിട്ടുണ്ട്‌. സൗജന്യങ്ങളുടെ പുകമറ തീർത്ത്‌ മുതലാളി ഒളിച്ചുകടത്തുന്നത്‌ എന്തൊക്കെയാണെന്ന്‌ കിഴക്കമ്പലം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. (അവസാനിച്ചു).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top