25 April Thursday

കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ - ശവക്കച്ച തുന്നുന്ന പണാധിപത്യം - എം എസ് അശോകൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന കോർപറേറ്റ്‌ പണാധിപത്യത്തിന്റെ ധിക്കാരമുഖമാണ്‌ കിഴക്കമ്പലത്ത്‌ രൂപപ്പെട്ട ട്വന്റി–-20. അന്ന–-കിറ്റെക്‌സ്‌ വ്യവസായ ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ‌(സിഎസ്‌ആർ) വിനിയോഗത്തിനുള്ള ഏജൻസി എന്ന പേരിലായിരുന്നു രൂപീകരണം. അതിന്റെ മറവിൽ മറ്റെങ്ങുമില്ലാത്ത സൗജന്യം നൽകുന്നു എന്ന പ്രതീതി സൃഷ്‌ടിച്ച്‌ കിഴക്കമ്പലം പഞ്ചായത്തിനുപിന്നാലെ കുന്നത്തുനാട്‌, ഐക്കരനാട്‌, മഴുവന്നൂർ പഞ്ചായത്തുകളിലെ ജനഹിതം വിലയ്‌ക്ക്‌ വാങ്ങാൻ  അവർക്കായി. പിന്നെ വികസനപ്രവർത്തനങ്ങൾ എന്നപേരിൽ സ്വന്തം താൽപ്പര്യങ്ങൾ കമ്പനി ഒളിച്ചുകടത്തിയത്‌ ആരും കണ്ടില്ല.  ജീവരാശിക്കാകെ നാശം വിതയ്‌ക്കുന്ന രാസമലിനീകരണവും കമ്പനി തുടരുന്നു. ജനാധിപത്യസംവിധാനങ്ങളെ വിലയ്‌ക്കെടുത്താണ്‌ ഇതെല്ലാം ചെയ്യുന്നത്‌. അതിനെതിരെ നാടാകെ ശക്തമായ ചെറുത്തുനിൽപ്പ്‌ രൂപപ്പെട്ടുവരുമ്പോൾ കമ്പനിഭരണത്തിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിക്കുകയാണിവിടെ.

കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ
കരിക്കിൻ വെള്ളത്തിൽപ്പോലും തുണിച്ചായം കലർത്തിയ കൊടും വ്യവസായമലിനീകരണത്തിനെതിരെ പോരാടി വിജയിച്ച ഒരു നാടും നാട്ടാരുമുണ്ട്‌. വളരെ ദൂരെയൊന്നുമല്ല. കോയമ്പത്തൂരിനടുത്ത്‌ കാരൂർ ജില്ലയിലെ കർഷകരാണ്‌ 11 വർഷം ഐതിഹാസികപോരാട്ടം നടത്തി വിജയിച്ചത്‌. എതിരാളികൾ ചില്ലറക്കാരായിരുന്നില്ല. രാജ്യത്തെ ടെക്‌സ്റ്റൈൽ കമ്പനികളുടെയാകെ തുണിത്തരങ്ങൾക്ക്‌ നിറംകൊടുത്തിരുന്ന തിരുപ്പൂർ വ്യവസായമേഖലയിലെ എഴുന്നൂറോളം ഡൈയിങ് ആൻഡ്‌ ബ്ലീച്ചിങ് യൂണിറ്റിന്റെ ഉടമകൾ. കിഴക്കമ്പലത്തെ അന്ന–-കിറ്റെക്‌സ്‌ കമ്പനിക്കെതിരെ പ്രതിഷേധങ്ങൾ ശക്തിപ്രാപിക്കുന്ന കാലത്ത്‌ തിരുപ്പൂരിലെ കർഷകപ്രക്ഷോഭത്തെ ഓർക്കാതെ വയ്യ. പരിസ്ഥിതി മലിനീകരണം നടത്തിവന്ന നാനൂറ്റമ്പതോളം ഡൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകളാണ്‌ 2006 ഒക്‌ടോബർ 22ലെ ചരിത്രവിധിയിലൂടെ മദ്രാസ്‌ ഹൈക്കോടതി അടച്ചുപൂട്ടിച്ചത്‌. അതിൽ നാല്‌ യൂണിറ്റുകൾ കിഴക്കമ്പലത്തെ സിംഗപ്പൂരാക്കാൻ പ്രതിജ്ഞയെടുത്ത കിറ്റെക്‌സ്‌ മുതലാളിയുടേതായിരുന്നു. തിരുപ്പൂരിൽനിന്ന്‌ കെട്ടിയെടുത്ത ആ ഡൈയിങ്, ബ്ലീച്ചിങ്‌ യൂണിറ്റുകൾ അന്നുമുതൽ കിഴക്കമ്പലത്തുണ്ട്‌. അതിൽനിന്നുള്ള മാരകമാലിന്യങ്ങൾ പക്ഷേ, മുതലാളിയുടെ പാർടി തോറ്റമ്പിയ ചേലക്കുളം വാർഡിൽമാത്രമല്ല ഉള്ളത്‌. മുതലാളി ഇനി കടന്നുവരാനിടയുള്ള പഞ്ചായത്തുകളിലെല്ലാമുണ്ട്‌.

കിറ്റെക്‌സ്‌ ഗാർമന്റ്‌സ്‌ പ്രവർത്തിക്കുന്ന കിഴക്കമ്പലം പഞ്ചായത്തുപ്രദേശത്തെ മലിനീകരണത്തിനെതിരെ ആദ്യം പ്രക്ഷോഭമുയർന്നത്‌ 2011ലാണ്‌. 2006ലെ മദ്രാസ്‌ ഹൈക്കോടതി വിധിവന്നശേഷം 2008ൽ കിറ്റെക്‌സിന്റെ ബ്ലീച്ചിങ് യൂണിറ്റ്‌ കിഴക്കമ്പലത്ത്‌ പ്രവർത്തനം തുടങ്ങിയിരുന്നു. കുറഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക്‌ എത്തിക്കുംവിധം മലിനീകരണം രൂക്ഷമായെന്ന്‌ ചുരുക്കം. ആക്ഷൻ കൗൺസിൽ സമരത്തിന്‌ ഇറങ്ങിയതോടെയാണ്‌ ട്വന്റി–-20 രൂപീകരിച്ച്‌ ജീവകാരുണ്യപ്രവർത്തനം നടത്താൻ മുതലാളി ആലോചിച്ചത്‌. അതിലേക്ക്‌ വരുംമുമ്പ്‌ തിരുപ്പൂരിന്റെ കഥ കേൾക്കാം. കാരൂർ, ഈറോഡ്‌, കോയമ്പത്തൂർ ജില്ലകളിലെ നാലുലക്ഷത്തോളം സാധു കർഷകർ തിരുപ്പൂരിലെ മലിനീകരണ കമ്പനികളെ കെട്ടുകെട്ടിച്ച ഐതിഹാസികപോരാട്ടത്തിന്റെ കഥ.

കിറ്റക്‌സ്‌ ഗാർമെന്റ്‌സ്‌ കമ്പനിയും പിന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്റും .... ഫോട്ടോ/മനു വിശ്വനാഥ്‌

കിറ്റക്‌സ്‌ ഗാർമെന്റ്‌സ്‌ കമ്പനിയും പിന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്റും .... ഫോട്ടോ/മനു വിശ്വനാഥ്‌


 

കാവേരിയുടെ പോഷകനദിയായ നൊയ്യാൽ നദി മലിനമാക്കിയ തിരുപ്പൂർ വ്യവസായമേഖലയിലെ ഡൈയിങ്, ബ്ലീച്ചിങ് കമ്പനികൾക്കെതിരായ പ്രക്ഷോഭത്തിന്റെ തുടക്കം 1996ലാണ്‌. തിരുപ്പൂരിലൂടെ ഒഴുകി കോയമ്പത്തൂർ, ഈറോഡ്‌ ജില്ലകളിലൂടെ കാരൂർ താലൂക്കിലെ നൊയ്യാൽ ഗ്രാമത്തിൽ കാവേരിയിൽ ചേരുന്ന നൊയ്യാൽ നദി, അഞ്ചു കിലോമീറ്റർ ചുറ്റളവിലെ 40,000 ഏക്കറോളം കൃഷിയിടങ്ങളുടെ ജീവവാഹിനിയായിരുന്നു.  എഴുപതുകൾമുതൽ തുണിവ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ്‌ തിരുപ്പൂർ. തൊണ്ണൂറുകളുടെ തുടക്കത്തോടെ മലിനീകരണം രൂക്ഷമായി. ഡൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകൾക്കായിരുന്നു അതിൽ പ്രധാന പങ്ക്‌. ക്ലോറൈഡുകളും സൾഫേറ്റും ഫോസ്‌ഫറസും നിക്കൽ, ക്രോമിയം, സിങ്ക്‌, ലെഡ്‌ പോലുള്ള ലോഹങ്ങളും കലർന്ന ദശലക്ഷക്കണക്കിന്‌ ലിറ്റർ ജലമാണ്‌ ഈ യൂണിറ്റുകൾ പുഴയിലേക്ക്‌ ഒഴുക്കിയത്‌. അവ നൊയ്യലിലും അനുബന്ധ ജലാശയങ്ങളിലും അടിഞ്ഞുകൂടി. നെല്ലും പച്ചക്കറികളും കരിമ്പും തെങ്ങും കൃഷി ചെയ്‌തിരുന്ന പ്രദേശത്ത്‌ വിള കുറഞ്ഞു. പലതും കൃഷി ചെയ്യാൻ പറ്റാതായി.  മനുഷ്യരിലും മാരക രോഗബാധകൾ കണ്ടുതുടങ്ങി.

1996ൽ പി ആർ കന്തസ്വാമി എന്ന കർഷകനാണ്‌ തിരുപ്പൂർ കമ്പനികൾക്കെതിരായ ആദ്യകേസ്‌ നൽകിയത്‌. മലിനീകരണം തടയാൻ തമിഴ്‌നാട്‌ മലിനീകരണ നിയന്ത്രണബോർഡിനോട്‌ നിർദേശിക്കണമെന്നായിരുന്നു ആവശ്യം. മൂന്നുമാസത്തിനുള്ളിൽ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാമെന്ന്‌ കമ്പനികൾ സമ്മതിച്ചതിനെ തുടർന്ന്‌ 1998ൽ കേസ്‌ തീർപ്പാക്കി. എന്നാൽ, ഒന്നും സംഭവിച്ചില്ല. പ്ലാന്റുകളിൽനിന്നുള്ള വിഷജലം നൊയ്യാലിലേക്കുതന്നെ ഒഴുകി. മലിനീകരണം തുറന്നുകാട്ടി കൂടുതൽ പഠനങ്ങൾ പുറത്തുവന്നു.

നൊയ്യാൽ നദിയെ ഉപജീവിക്കുന്ന കർഷകരുടെ സംഘടന 2003ൽ വീണ്ടും മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നപഠനത്തിനും നിരീക്ഷണത്തിനുമായി കോടതി രണ്ടു‌ കമ്മിറ്റികളെ നിയോഗിച്ചു. അവ അടിക്കടി റിപ്പോർട്ടുകൾ സമർപ്പിച്ചു. എല്ലാം പരിശോധിച്ച ഡിവിഷൻ ബെഞ്ച്‌ 2006 ഡിസംബർ 22ന്‌ ഇടക്കാല വിധി പറഞ്ഞു.

മലിനീകരണനിയന്ത്രണത്തിന്‌ കമ്പനികളും ബോർഡും സ്വീകരിക്കേണ്ട നടപടികൾ വിധിയുടെ 30–-ാംഖണ്ഡികയിൽ വിശദീകരിച്ചു. പുറന്തള്ളുന്ന മാലിന്യത്തിന്‌ കോടതി നിശ്‌ചിത തുക പിഴ കണക്കാക്കി. അതിലേക്ക്‌ 12 കോടി മുൻകൂർ അടയ്‌ക്കാനും ആവശ്യപ്പെട്ടു.  പുറന്തള്ളിയ മാലിന്യം നീക്കാൻ 12.5 കോടിയും പ്രകൃതിനാശത്തിന്‌ പരിഹാരമായി 24.79 കോടിയും നൽകാൻ പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ടത്‌, കമ്പനികൾ ഒരുതരിപോലും മാലിന്യം തള്ളുന്നില്ലെന്ന അവസ്ഥ (സീറോ ലിക്വിഡ്‌ ഡിസ്‌ചാർജ്‌)യിലേക്ക്‌ എത്താൻ അത്യാധുനിക റിവേഴ്‌സ്‌ ഒസ്‌മോസിസ് ‌(ആർഒ) പ്ലാന്റുകൾ സ്ഥാപിക്കണമെന്ന നിർദേശമായിരുന്നു. അതിന്‌ മൂന്നുമാസത്തെ സമയവും നിശ്‌ചയിച്ചു. 40 കോടിയോളം രൂപ വേണം ആർഒ പ്ലാന്റ്‌ സ്ഥാപിക്കാൻ. പ്രതിവർഷം 15 കോടിയോളം രൂപയുടെ ചെലവ്‌ വേറെ. സ്വാഭാവികമായും കുറച്ച്‌ കമ്പനികൾ തിരുപ്പൂർ വിട്ട്‌ മറ്റിടങ്ങളിലേക്ക്‌ ചേക്കേറി. കിറ്റെക്‌സിനെപ്പോലെ. വേറെ ചിലർ വിധിക്ക്‌ സ്‌റ്റേ തേടി സുപ്രീംകോടതിയിൽ എത്തി. ഹൈക്കോടതി നിർദേശം നടപ്പാക്കാൻ സമയം നീട്ടിനൽകിയതല്ലാതെ ഹൈക്കോടതിവിധിയിൽ ഇടപെടാൻ 2009ലെ വിധിയിൽ സുപ്രീംകോടതി തയ്യാറായില്ല. ചീഫ്‌ ജസ്‌റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണൻ ഉൾപ്പെട്ട ബെഞ്ചാണ്‌ വിധി പറഞ്ഞത്‌.

ഇതിനിടെ പതിനേഴോളം ബ്ലീച്ചിങ് യൂണിറ്റുകൾ എഫ്ലുവന്റ്‌ പ്ലാന്റുകൾ സ്ഥാപിച്ചു. കൂടുതൽ കമ്പനികൾ മാറിനിന്നതിനാൽ മലിനീകരണം കൂടുതൽ ഗുരുതരമായിത്തന്നെ തുടർന്നു. ഈ സ്ഥിതിയിൽ കോടതിവിധി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷക കൂട്ടായ്‌മ 2009ൽ വീണ്ടും ഹൈക്കോടതിയിലെത്തി. അപ്പീൽ പരിഗണിച്ച കോടതി, നദിയിലെ മലിനീകരണത്തോത്‌ അറിയാൻ കമീഷനെ വിട്ട്‌ തത്സമയ സാമ്പിൾ പരിശോധനപോലും നടത്തി. ഇരുണ്ടചുവപ്പ്‌ നിറത്തിലുള്ള നദീജലം കോടതിയിൽ ഹാജരാക്കി. അതിന്റെ പരിശോധനാഫലം കോടതിയെ ഞെട്ടിച്ചു. മറ്റു റിപ്പോർട്ടുകളും പരിശോധിച്ച കോടതി, 2011 ജനുവരി 23ന്‌ രാജ്യമാകെ ശ്രദ്ധിച്ച ചരിത്രവിധി പുറപ്പെടുവിച്ചു. നിർദിഷ്‌ട മലിനീകരണനിയന്ത്രണ സംവിധാനമില്ലാത്ത തിരുപ്പൂരിലെ മുഴുവൻ ഡൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകൾക്കും താഴിടാനായിരുന്നു ഉത്തരവ്‌. നാനൂറ്റമ്പതിലേറെ യൂണിറ്റുകൾ അതോടെ ഷട്ടറിട്ടു. വിധി നടപ്പാക്കുന്നതിൽ വീഴ്‌ചവരുത്തിയ തമിഴ്‌നാട്‌ മലിനീകരണനിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത വകുപ്പുതലനടപടിക്ക്‌ കോടതി നിർദേശം നൽകി.

(അവസാനിക്കുന്നില്ല)

...................................................
2009ലെ സുപ്രീംകോടതി വിധിയുടെ പൂർണരൂപം വായിക്കാനുള്ള ലിങ്ക്‌: https://indiankanoon.org/doc/197754/

2011ലെ മദ്രാസ്‌ ഹൈക്കോടതിവിധിയുടെ പൂർണരൂപം വായിക്കാനുള്ള ലിങ്ക്‌:  https://www.legitquest.com/case/noyyal-river-ayacutdars-protection-association-rep-by-its-president-ap-kandasamy-v-s-ramasundaram-ias/520e5


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top