19 April Friday
13 മുതൽ 16 വരെ തൃശൂരിൽ

 കിസാൻസഭാ അഖിലേന്ത്യാ സമ്മേളനം; ലക്ഷംപേരുടെ റാലി

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

തൃശൂർ
അഖിലേന്ത്യാ കിസാൻസഭാ 35–-ാം സമ്മേളനത്തിന്റെ  പൊതുസമ്മേളന റാലിയിൽ ലക്ഷംപേർ അണിനിരക്കുമെന്ന്‌ കിസാൻസഭാ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ, സംഘാടക സമിതി ജനറൽ കൺവീനർ എ സി മൊയ്‌തീൻ  എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുദിവസത്തെ സമ്മേളനം 13ന്‌ രാവിലെ 9.30ന് കിസാൻസഭാ  ജനറൽ സെക്രട്ടറി ഹനൻമൊള്ള ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനം 16ന്‌ വൈകിട്ട്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വിദ്യാർഥി കോർണർ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ദീപശിഖ, കൊടിമരം, പതാക ജാഥകൾ 12ന്‌ വൈകിട്ട്‌ നാലിന്‌ തൃശൂർ ശക്തൻ നഗറിൽ കേന്ദ്രീകരിച്ച്‌ തേക്കിൻകാട്‌ മൈതാനത്ത്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഗമിക്കും. തുടർന്ന്‌ ദീപശിഖ തെളിച്ച്‌ പതാക ഉയർത്തും. ദീപശിഖാ ജാഥ അഞ്ചിന്‌ തെലങ്കാനയിൽനിന്ന്‌ പി കൃഷ്‌ണപ്രസാദിന്റെയും ആറിന്‌  കീഴ്‌വെൺമണിയിൽനിന്ന്‌ ഡോ. വിജുകൃഷ്‌ണന്റെയും നേതൃത്വത്തിൽ ആരംഭിക്കും. എം പ്രകാശൻ, എസ്‌ കെ പ്രീജ എന്നിവർ അംഗങ്ങളാണ്‌. പതാക ജാഥ ഒമ്പതിന്‌ ആലപ്പുഴ വലിയ ചുടുകാട്ടിൽ കിസാൻസഭാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി ജോർജ്‌ മാത്യു മാനേജരുമാണ്‌. കൊടിമരജാഥ കയ്യൂർ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ എട്ടിന്‌ രാവിലെ ഒമ്പതിന്‌ ആരംഭിക്കും. കിസാൻസഭാ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി വി എം ഷൗക്കത്ത്‌ മാനേജരുമാണ്‌.   

പ്രതിനിധി സമ്മേളനം 13ന്‌ കെ വരദരാജൻ നഗറിൽ (പുഴയ്‌ക്കൽ ലുലു കൺവൻഷൻ സെന്റർ) ആരംഭിക്കും. വിദേശത്തുനിന്നുള്ള ക്രിസ്‌റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരും സൗഹാർദ പ്രതിനിധികളുമടക്കം 801  പ്രതിനിധികൾ പങ്കെടുക്കും.

കാർഷിക–- വാണിജ്യ–- ചരിത്രപ്രദർശനം ഏഴിന് തേക്കിൻകാട്‌ മൈതാനത്ത്‌ എ കെ ജി നഗറിൽ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. മല്ലുസ്വരാജ്യം വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. 15ന്‌ വൈകിട്ട്‌ നാലിന്‌ വിദ്യാർഥി കോർണറിൽ സെമിനാറിൽ പ്രകാശ്‌ കാരാട്ട്‌, എ വിജയരാഘവൻ, പ്രഭാത്‌ പട്‌നായിക്‌ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ട്രഷറർ എം എം വർഗീസ്‌, മുരളി പെരുനെല്ലി എംഎൽഎ, എ എസ്‌ കുട്ടി, പി ആർ വർഗീസ്‌, ടി എ രാമകൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top