05 December Tuesday

കിഫ്‌ബിയിലെ കേന്ദ്ര ഇടപെടൽ ; ചോദ്യങ്ങൾക്ക്‌ മറുപടിയില്ല ; 
വിചിത്ര വാദവുമായി സതീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023


തിരുവനന്തപുരം
കിഫ്‌ബിയുടെ പേരിൽ സംസ്ഥാനത്തിന്റെ വായ്‌പാനുമതി വെട്ടിക്കുറച്ച കേന്ദ്ര നടപടികളെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മുൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ നൽകുന്നത്‌ വിചിത്ര മറുപടികൾ. ബജറ്റിന്‌ പുറത്തെടുത്ത തുക കടമെടുപ്പ്‌ പരിധിയിൽവരുമെന്ന്‌ പ്രതിപക്ഷം മുന്നറിയിപ്പായി പറഞ്ഞ കാര്യങ്ങളാണ്‌ സിഎജി റിപ്പോർട്ടിലുള്ളതെന്ന്‌ സതീശൻ അവകാശപ്പെട്ടിരുന്നു. ഇത്തരത്തിൽ കേന്ദ്ര സർക്കാർ നടപടികൾക്ക്‌ യുഡിഎഫ്‌ എന്തിന്‌ കൂട്ടുനിൽക്കണമെന്ന ചോദ്യമാണ്‌ തോമസ്‌ ഐസക്‌ ഉയർത്തിയത്‌. ഇതുമായി ബന്ധപ്പെട്ട മറ്റ്‌ ഏഴു ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെല്ലാം വിചിത്ര മറുപടികളാണ്‌ പ്രതിപക്ഷ നേതാവിനുള്ളത്‌. സിഎജിക്ക്‌ ബുദ്ധി ഉപദേശിക്കുന്നുവെന്നത്‌ അപഹാസ്യവാദമെന്നായി പ്രതിരോധം.

കിഫ്‌ബി വായ്‌പ കടമെടുപ്പ്‌ പരിധിയിൽ വരുമെന്ന്‌ നിയമസഭയിൽ കിഫ്‌ബി നിയമ നിർമാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ സതീശൻ പറഞ്ഞിട്ടുണ്ടോയെന്ന്‌ തോമസ്‌ ഐസക്‌ ചോദിച്ചിരുന്നു. അന്തിമമായി സർക്കാർ ബാധ്യത വർധിക്കുമെന്ന്‌ പറഞ്ഞിരുന്നുവെന്നായി മറുപടി. 2016ൽ ഉമ്മൻചാണ്ടിയുടെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 30,000 കോടി രൂപ സമാഹരിക്കാൻ കേരള അടിസ്ഥാനസൗകര്യ വികസന നിധിയെ സജ്ജമാക്കുമെന്ന പ്രഖ്യാപനത്തിൽ എന്തെങ്കിലും മുന്നറിയിപ്പ്‌ നൽകിയിരുന്നുവോ എന്നതിൽ, സ്വയം താങ്ങാനാകുന്ന പദ്ധതികൾക്കായാണ്‌ ധനസമാഹരണം ലക്ഷ്യമിട്ടതെന്നായി ന്യായവാദം. ധന ഉത്തരവാദിത്തം നിയമം നടപ്പായശേഷം, പൊതുമേഖലാ സ്ഥാപനത്തിന്റെ വായ്‌പ സർക്കാർ വായ്‌പായി കണക്കാക്കുന്ന സമീപനം കേരളം ഒഴികെ മറ്റേതെങ്കിലും സംസ്ഥാനത്ത്‌ സ്വീകരിച്ചതായി ചൂണ്ടിക്കാട്ടാമോ എന്നതിന്‌ വായ്‌പ എടുക്കാതെ വൻകിട പദ്ധതികൾ നടപ്പാക്കാനാകില്ലെന്നും യുഡിഎഫ്‌ പിന്തുടർന്ന മാതൃകയിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ കിഫ്‌ബി മാതൃകയെന്നുമായി ഉത്തരം.

ബജറ്റിന്റെ അനുബന്ധ പട്ടികയിൽപ്പോലും പെടുത്താതെ മൂന്നുലക്ഷം കോടി രൂപ 2020ൽ കേന്ദ്ര സർക്കാർ കടമെടുത്തത്‌ കണ്ടെത്തിയിട്ടും അത്‌ സർക്കാർ കടത്തിൽ ഉൾപ്പെടുത്തണമെന്ന്‌ സിഎജി ആവശ്യപ്പെടാത്തതിനെക്കുറിച്ചും ഐസക്‌ ചോദ്യമുയർത്തി. കേന്ദ്ര സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ തങ്ങൾ എതിർക്കുമെന്നുമാത്രമാണ്‌ സതീശന്‌ പറയാനുണ്ടായിരുന്നത്‌. യുഡിഎഫ്‌ ബദലായി അവതരിപ്പിക്കുന്ന ആന്വിറ്റി മാതൃകയിൽനിന്ന്‌ കിഫ്‌ബിക്കുള്ള വ്യത്യാസമെന്തെന്നതിലും പ്രതിപക്ഷ നേതാവിന്‌ ഉത്തരമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top