24 April Wednesday
ഏറ്റവും സുരക്ഷിതം‌ കേരളത്തിന്റെ ട്രഷറി

കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


തിരുവനന്തപുരം
കിഫ്‌ബി വൻ വിജയമായതിനാലാണ്‌ അതിനെ തർക്കാൻ ഗൂഢാലോചന നടക്കുന്നതെന്ന്‌‌  മന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം നിരന്തരം അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. ചിലർ കോടതിയിൽ പോയി. ഓഡിറ്റിൽ ഉന്നയിക്കാത്തതും കരടിൽ ഇല്ലാത്തതുമായ  കാര്യങ്ങൾ സിഎജി റിപ്പോർട്ടിൽ എഴുതിച്ചേർത്തു. എട്ട് തവണ നടത്തിയ ഓഡിറ്റിൽ കണ്ടെത്താത്ത നിഗമനം പിന്നെ എങ്ങനെ വന്നുവെന്നത് വ്യക്തമല്ല.

പണ്ട് 500 കോടി രൂപ വായ്പയെടുത്ത് അല്ലറചില്ലറ പ്രവർത്തനങ്ങൾ നടത്തിയിരുന്നിടത്ത് ഇപ്പോൾ 50,000 കോടി സമാഹരിച്ച്‌ വലിയ വികസന പ്രവർത്തനങ്ങൾ കിഫ്ബി നടത്തുന്നു. ഇതിന്റെ പ്രയാസം ചിലർക്കുണ്ട്‌. ഒരു സംസ്ഥാനത്തിന് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്നാണ് ചിലരുടെ ചോദ്യം. 50000 കോടിയുടെ പദ്ധതികളാണ്‌ ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തത്‌. ഇപ്പോഴത് 65000 കോടിയിലെത്തി.  കിഫ്ബിക്ക് രണ്ടാം ഘട്ടം ആലോചിച്ചിട്ടില്ല. 

ആസ്തിയിൽ കൂടുതൽ ബാധ്യത വരുന്ന പദ്ധതികൾ  ഏറ്റെടുക്കില്ല. നിർദേശം മറികടന്നും അംഗീകരിച്ച  മാതൃകയിൽനിന്ന് വ്യതിചലിച്ചും നടത്തിയ നിർമാണമായതിനാലാണ് കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മേൽനോട്ടസംവിധാനം ഒരുക്കിയിട്ടുണ്ട്‌. 

പദ്ധതികൾ  രാഷ്ട്രീയ പരിഗണനയിൽ വീതംവച്ചുവെന്ന ആരോപണം ഉയർന്നിട്ടില്ലെന്നും വി കെ സി  മമ്മത് കോയ, എസ് ശർമ,  വീണാ ജോർജ്‌,  കെ സുരേഷ് കുറുപ്പ്,  എ  പ്രദീപ് കുമാർ, ജോൺ ഫെർണാണ്ടസ്, ഡി കെ മുരളി എന്നിവരുടെ  ചോദ്യങ്ങൾക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു
തുടർച്ചയായ ദുരന്തങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെതെന്ന് മന്ത്രി തോമസ് ഐസക്.

പുനർനിർമാണത്തിനുള്ള വിദേശ  വായ്പകൾ സാധാരണ വായ്പാ പരിധിക്ക് പുറത്തായി പരിഗണിക്കാമെന്ന് ജിഎസ്ടി കൗൺസിൽ നൽകിയ വാഗ്ദാനത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറിയിരുന്നു. 2016-–-17 മുതൽ വിവിധ വകുപ്പുകളുടെ പണം ട്രഷറിയിൽ നിക്ഷേപമുണ്ടായിരുന്നത്‌  സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കി.
അതിനാൽ അടുത്ത വർഷത്തെ വായ്പയിൽനിന്ന് വെട്ടിക്കുറയ്ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഇ എസ് ബിജിമോൾ, ജി എസ് ജയലാൽ, മുഹമ്മദ് മുഹ്‌സിൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഏറ്റവും സുരക്ഷിതം‌ കേരളത്തിന്റെ ട്രഷറി
രാജ്യത്തെ ഏറ്റവും മികച്ച ട്രഷറി സംവിധാനം കേരളത്തിലാണെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ പറഞ്ഞു.  ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും നമ്മൾ ഒന്നാമതാണ്‌.
റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2019ൽ 1.13 ലക്ഷം കോടിയുടെ സാമ്പത്തിക കുറ്റകൃത്യ തട്ടിപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. 2018 ൽ 71000 കോടിയുടെയും. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ ട്രഷറികൾ ഏറെ സുരക്ഷിതമാണ്.  സുരക്ഷ ഉറപ്പാക്കാൻ ട്രഷറിയിൽ ഫങ്ഷണൽ ഓഡിറ്റും സെക്യൂരിറ്റി ഓഡിറ്റും നടത്തുന്നുണ്ട്‌. 

വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പഴുതില്ലാത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പടുത്തി‌. സമാനമായ ക്രമക്കേടുണ്ടോ എന്നറിയാൻ ട്രഷറികളിൽ പരിശോധന നടത്തുകയാണ്. ഇതുവരെ മറ്റൊന്നും  കണ്ടെത്താനായില്ല.
ജീവനക്കാരന്റെ  യൂസർ നെയിമും പാസ്‌വേർഡും  ഇപ്പോൾ വിരമിക്കുന്ന ദിവസം തന്നെ സ്വയം പ്രവർത്തരഹിതമാകും. കൂടാതെ സ്വന്തം കംപ്യൂട്ടറിലൂടെ മാത്രമേ ‌ ലോഗിൻ ചെയ്യാനാകൂ.  പാസ്‌വേർഡിനു പുറമെ ഒടിപി കൂടി നൽകണം.  
വഞ്ചിയൂരിൽ വകമാറ്റിയ രണ്ട് കോടി  രൂപയിൽ 61 ലക്ഷമാണ്‌ ട്രഷറി സംവിധാനത്തിൽനിന്ന് പുറത്ത് പോയതെന്നും‌   പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ, പി കെ അബ്ദുറബ്ബ്, എൻ എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top