29 March Friday

കിഫ്‌ബിയിൽ ഒരുങ്ങുന്നു 7 റോഡ്‌; പാലക്കാട്‌ പൂർത്തിയാകുന്നത്‌ മികച്ച റോഡുകൾ

സ്വന്തം ലേഖികUpdated: Saturday Aug 13, 2022

പത്തംകുളം–വാണിയംകുളം റോഡ്

പാലക്കാട്‌ > കിഫ്‌ബി പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തിയാകുന്നത്‌ മികച്ച റോഡുകൾ. മികച്ച നിലവാരമുള്ള ഏഴ്‌ റോഡും ആറ്‌ പാലവുമാണ്‌ കിഫ്‌ബി (കേരള  ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌) ഏറ്റെടുത്തത്‌. ഇതിൽ നാല്‌ റോഡിന്റെ നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയായി. മറ്റ്‌ റോഡുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

7 റോഡ്‌ അതിവേഗം
 
അടയ്‌ക്കാപുത്തുർ - കല്ലുവഴി റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. 13.25 കോടിക്ക്‌ കരാർ വച്ച റോഡിന്റെ ടാറിങ്  പൂർത്തിയായി. ഇനി ചെറിയ ഡ്രെയിനേജ്‌ ജോലിയും പെയിന്റിങ്ങും അവശേഷിക്കുന്നു. 42 കോടിക്ക്‌ കരാർ വച്ച എംഇഎസ്‌ കോളേജ്‌ - പയ്യനെടം റോഡിന്റെയും ടാറിങ് പൂർത്തിയായി ഡ്രെയിനേജ്‌ പണികൾ പുരോഗതിയിലാണ്‌. പത്തംകുളം - വാണിയംകുളം റോഡ്‌ 17.36 കോടിയുടെ കരാറിൽ നിർമാണവും അവസാന ഘട്ടത്തിലെത്തി. ഒറ്റപ്പാലം -പെരിന്തൽമണ്ണ കിഴൂർ 11 കിലോമീറ്റർ റോഡിന്റെ പണിയും അന്തിമഘട്ടത്തിലാണ്‌.
 
ചിറയ്‌ക്കൽപ്പടി - കാഞ്ഞിരപ്പടി റോഡിൽ 25 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നു. കോങ്ങാട്‌ - മണ്ണാർക്കാട്‌ ടിപ്പുസുൽത്താൻ റോഡിന്‌  59 കോടിയുടെ കരാറാണ്‌. ഡ്രെയിനേജ്‌ ജോലിയാണ്‌ നിലവിൽ നടക്കുന്നത്‌. റോഡുപണി ഉടൻ ആരംഭിക്കും. ശ്രീകൃഷ്‌ണപുരം - മുറിയങ്കണ്ണി - ചെത്തല്ലൂർ റോഡ്‌ 12 കിലോമീറ്റർ നിർമാണത്തിന്‌ 45 കോടിയുടെ സാമ്പത്തിക അനുമതി ലഭ്യമായി. ശ്രീകൃഷ്‌ണപുരം മുതൽ മുറിയങ്കണ്ണിവരെയുള്ള 27.61 കോടിയുടെ പ്രവൃത്തിയാണ്‌ നടക്കുന്നത്‌. ബാക്കി 7.6 കിലോമീറ്ററിന്‌ 20.5 കോടി രൂപയുടെ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്‌. കൂടാതെ പാലക്കാട്‌ -പൊള്ളാച്ചി നാലുവരിപ്പാത നിർമിക്കാനുള്ള നടപടിയും പുരോഗതിയിലാണ്‌. 200 കോടി രൂപയിലേറെ  ചെലവുവരുന്ന പദ്ധതി ഈ വർഷം ആരംഭിക്കാമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
 
സർവേ നടപടി പുരോഗമിക്കുന്നുണ്ട്‌. മലമ്പുഴ, ചിറ്റൂർ മണ്ഡലങ്ങളിലൂടെ 26 കിലോമീറ്റർ കടന്നുപോകുന്നതാണ്‌ റോഡ്‌. തമിഴ്‌നാട്‌ ഭാഗത്ത്‌ പാത നാലുവരിയായതിനാൽ കേരളത്തിന്റെ ഭാഗത്തും നാലുവരിയാക്കാനാണ്‌ പദ്ധതി. ഏകദേശം 21 മീറ്റർ വീതിയിലായിരിക്കും റോഡ്‌ നിർമിക്കേണ്ടത്‌. കിഫ്‌ബി ധനസഹായത്തോടെ നടത്തുന്ന പാലങ്ങളുടെയും റോഡുകളുടെയും നിർമാണം സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കിളായ കെആർഎഫ്‌ബിയാണ്‌ (കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌) നടപ്പാക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top