29 March Friday

ഇ ശ്രീധരന്റെ പദ്ധതികളെല്ലാം‌ കടമെടുപ്പിലൂടെ‌: കിഫ്‌ബി

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021


തിരുവനന്തപുരം
ഇ ശ്രീധരൻ നേതൃത്വം നൽകിയ വൻകിട പദ്ധതികളിലും മുഖ്യസാമ്പത്തിക സ്രോതസ്സ്‌‌ കടമെടുപ്പാണെന്ന്‌ കിഫ്‌ബി. കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ, കൊച്ചി മെട്രോ തുടങ്ങി ശ്രീധരൻ നേതൃത്വംനൽകിയ പദ്ധതികളെല്ലാം പൂർത്തിയാക്കിയത്‌ കടമെടുത്താണ്‌. വൻതോതിലുള്ള നിക്ഷേപത്തിലൂടെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പൊക്കുന്നത്.

സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കടമെടുക്കലാണ് കിഫ്ബി നടത്തുന്ന ഏറ്റവുംവലിയ ‘ദ്രോഹം' എന്ന ശ്രീധരന്റെ ആക്ഷേപത്തിനാണ്‌‌ കിഫ്‌ബി നേതൃത്വത്തിന്റെ മറുപടി. ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്‌എഐ) 2019 മാർച്ച് 31വരെയുള്ള കണക്കിൽ വാർഷിക ബാധ്യത 69,484 കോടി രൂപയാണ്. എൻഎച്ച്‌എഐക്ക്‌‌ കേന്ദ്രസർക്കാർ നൽകാനുള്ളത്‌ 41,290 കോടിയും. ഇ ശ്രീധരൻ നേതൃത്വം നൽകിയതോ, വിദഗ്‌ധോപദേശത്തിൽ പൂർത്തിയാക്കിയതോ ആയ പദ്ധതികളിലും സ്ഥിതി വ്യത്യസ്‌തമല്ല‌. 2020 മാർച്ച് 31വരെ കൊങ്കൺ റെയിൽവേ കോർപറേഷന്റെ മൊത്തം സാമ്പത്തിക ബാധ്യത 3937.60 കോടിയാണ്.

ആ വർഷം 184.82 കോടി രൂപയുടെ നഷ്ടമാണ് കൊങ്കണിനുണ്ടായത്‌. ഡൽഹി മെട്രോ ചുമതലയുള്ള ഡിഎംആർസിയുടെ സാമ്പത്തിക ബാധ്യത 45,892.78 കോടിയാണ്. കഴിഞ്ഞവർഷം നഷ്ടം 462.24 കോടിയും. ലക്‌നോ മെട്രോ റെയിൽ കോർപറേഷന്റെ ബാധ്യത 2019 മാർച്ചുവരെ 4908.17 കോടി. നഷ്ടം 72.11 കോടി. കൊച്ചി മെട്രോയിൽ സാമ്പത്തിക ബാധ്യത 2020 മാർച്ച് വരെ 4158.80 കോടി.നഷ്ടം 310.02 കോടിയും. ഇതെല്ലാം മറച്ചുവച്ച്‌ കിഫ്ബിയെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്ന ശ്രീധരന്റെ നിലപാട് നിർഭാഗ്യകരമാണ്. 

കേന്ദ്രസർക്കാരും റിസർവ് ബാങ്കും നിശ്ചയിച്ച പരിധികൾ മറികടന്നാണ് കിഫ്ബി കടം വാങ്ങിക്കൂട്ടുന്നതെന്ന ആരോപണത്തിന്‌‌ വിശദവും കൃത്യവുമായ മറുപടി നൽകിയിട്ടുണ്ട്‌. ശ്രീധരൻ അവ ഏറ്റുപിടിക്കുന്നത്‌ ശരിയല്ല.  സർക്കാർ നിയമസാധുത നൽകിയ സ്ഥാപനമാണ് കിഫ്ബി എന്നെങ്കിലും ശ്രീധരൻ കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top