28 March Thursday

വികസന പദ്ധതികൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്‌ ആക്ഷേപിച്ചവർക്കുള്ള മറുപടി

സ്വന്തം ലേഖകൻ Updated: Thursday Sep 10, 2020

തിരുവനന്തപുരം > പ്രഖ്യാപിക്കുന്ന പദ്ധതികൾ ഏട്ടിൽ കിടക്കാനുള്ളതല്ലെന്നും ജനകീയ സഹകരണത്തോടെ യാഥാർഥ്യമാക്കാനുള്ളതാണെന്നും  സർക്കാർ തെളിയിച്ചെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ 34 സ്‌കൂൾകെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാലയങ്ങൾ അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്‌. വികസനപദ്ധതികളെക്കുറിച്ച്‌ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ട്‌. സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്യുന്ന സമയത്ത്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌ അവയെല്ലാം മലബാർ ഭാഗത്താണെന്നാണ്‌. എന്നാൽ, ബാലരാമപുരംമുതൽ ചേലക്കരവരെയുള്ളതാണ്‌ പട്ടികയിലെ 19 സ്‌കൂളും.

ലൈഫ്‌ പദ്ധതിക്കെതിരെയും അപവാദ പ്രചാരണം നടത്തി‌. 2.25 ലക്ഷത്തിലധികം വീടാണ്‌ പൂർത്തിയാക്കിയത്‌. സ്വന്തം വീട്ടിലാണ്‌ അവർ‌ കയറിക്കിടന്നത്‌. അത്‌ കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ അഭിമാനബോധം എത്ര വലുതായിരിക്കും. നാടിന്റെ പൊതുവായ അഭിമാനബോധമാണത്‌‌‌. അതുൾക്കൊള്ളാൻ നീചമനസ്സുകൾക്ക്‌ പ്രയാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവെ, സർക്കാരിന്റെ കൈയിലുള്ള ചെറിയ തുക ഉപയോഗിച്ചാണ്‌ വികസന പ്രവർത്തനങ്ങൾ ‌നടത്താറുള്ളത്. പക്ഷേ, ആവശ്യം വലുതായതിനാലാണ് കിഫ്‌ബിയിലൂടെ പണം കണ്ടെത്തിയത്‌. 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ്‌ ആലോചനാ ഘട്ടത്തിൽ നിയമസഭയിൽ ധനമന്ത്രി വ്യക്തമാക്കിയത്‌.

മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പറഞ്ഞ്‌ ആക്ഷേപിച്ചവരുണ്ട്‌. 50,000 കോടിയുടെ പദ്ധതി ലക്ഷ്യമിട്ട സ്ഥാനത്ത്‌ ഇപ്പോൾ 54,000 കോടിയുടെ വികസനം പക്ഷാപാതിത്തമില്ലാതെ എല്ലാ മണ്ഡലത്തിലും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top