25 April Thursday

കിഫ്‌ബി സ്വപ്‌നമല്ല: പ്രതിപക്ഷത്തിനും കിട്ടി 9266 കോടിയുടെ വികസനം

ജി രാജേഷ്‌കുമാർUpdated: Sunday Aug 14, 2022

തിരുവനന്തപുരം
കിഫ്‌ബി ആശയത്തെ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്‌ ആക്ഷേപിച്ച പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നത്‌ കണ്ണഞ്ചിപ്പിക്കുന്ന വികസനപ്രവർത്തനങ്ങൾ. 41 മണ്ഡലത്തിൽമാത്രമായി ഏറ്റെടുത്തത്‌ 9266.23 കോടി രൂപയുടെ 409 അടിസ്ഥാനസൗകര്യ വികസന പദ്ധതി. കിഫ്ബി‌ പദ്ധതിയില്ലാത്ത ഒരു മണ്ഡലവുമില്ല.  ബജറ്റിൽ വിഹിതമുള്ള പദ്ധതികൾക്കു പുറമേയാണിവ.

32,118 കോടി രൂപയുടെ പൊതുപദ്ധതികൾ കിഫ്‌ബി ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്‌. കെ–-ഫോൺ, വൈദ്യുതിപ്രസരണ ശൃംഖലാ ശാക്തീകരണം,  ദേശീയപാത വികസനത്തിനും വ്യവസായ ഇടനാഴികൾക്കുമടക്കം ഭൂമി ഏറ്റെടുക്കൽ, ദേശീയ ജലപാതാ വികസനം, സംയോജിത ഗതാഗതസൗകര്യ വികസനം, കെഎസ്‌ആർടിസിക്ക്‌ 750 നൂതന ബസ്‌ തുടങ്ങിയ കിഫ്‌ബി പദ്ധതികളുടെ പ്രയോജനം ഒട്ടുമിക്ക മണ്ഡലങ്ങൾക്കും ഒരുപോലെ ലഭിക്കുന്നതാണ്‌. ഇതിനുപുറമേയാണ്‌‌ മണ്ഡലങ്ങൾക്കുമാത്രമായുള്ള പദ്ധതികൾ.

പ്രധാനപാതാ വികസനം, മേൽപ്പാലങ്ങൾ, റെയിൽവേ മേൽപ്പാലങ്ങൾ, ജനങ്ങൾ നേരിട്ട്‌ ബന്ധപ്പെടുന്ന സർക്കാർ ഓഫീസുകളുടെ സൗകര്യം ഉയർത്തലും സേവനങ്ങളുടെ ഗുണം മെച്ചപ്പെടുത്തലും, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കൽ, കുടിവെള്ള പദ്ധതികളുടെ നവീകരണം തുടങ്ങീ പണം ഇല്ലാത്തതുമൂലം നടപ്പാക്കാൻ കഴിയാത്ത പദ്ധതികളാണ്‌ ഇപ്പോൾ കിഫ്‌ബി പട്ടികയിൽപ്പെട്ടതിൽ ബഹുഭൂരിപക്ഷവും.

822 കോടി രൂപയുടെ പദ്ധതി ലഭിച്ച പ്രതിപക്ഷ മണ്ഡലമുണ്ട്‌. 33 മണ്ഡലത്തിൽ 100 കോടി മുതൽ നിക്ഷേപം ഉറപ്പാക്കിയിട്ടുണ്ട്‌. കിഫ്‌ബിയെ പരസ്യമായി എതിർക്കുന്നവരുടെ മണ്ഡലങ്ങളിലാണ്‌ കൂടുതൽ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ളതെന്നും‌ കണക്കുകളിൽ വ്യക്തം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top