29 March Friday
ഗൂഢാലോചനയ്‌ക്ക്‌ കുടപിടിച്ച്‌ പത്രമായ മനോരമ

കരിതേക്കാൻ നുണക്കഥയും ; ഓഡിറ്റ്‌ റിപ്പോർട്ടിന്റെ കരടോ, അന്തിമ റിപ്പോർട്ടോ കിഫ്‌ബിക്കും ധനവകുപ്പിനും ലഭിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം  
കിഫ്‌ബിയെ കരിതേക്കാൻ സിഎജിയെ മറപിടിച്ചുള്ള ഗൂഢാലോചനയ്‌ക്ക്‌ കുടപിടിച്ച്‌ യുഡിഎഫ്‌ പത്രമായ മനോരമയും. ഏപ്രിൽ 14ന്‌ റിപ്പോർട്ട്‌ കിഫ്‌ബിക്കും ധന സെക്രട്ടറിക്കും നൽകിയെന്നും, സർക്കാർ ഇത്‌ ഒളിച്ചുവച്ചുവെന്നുമുള്ള പച്ചക്കള്ളമാണ്‌ മനോരമ തിങ്കളാഴ്‌ച പടച്ചുവിട്ടത്‌. കേരളത്തിലെ  മുൻ അക്കൗണ്ടന്റ്‌ ജനറൽ(എജി) എസ്‌ സുനിൽരാജിന്റെ നിർദേശ പ്രകാരം നടന്ന പ്രത്യേക ഓഡിറ്റ്‌ റിപ്പോർട്ടിൽ‌ കിഫ്‌ബിയിൽ വ്യാപക കുഴപ്പങ്ങൾ കണ്ടെത്തിയെന്ന ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിലാണ്‌  നുണയെഴുത്ത്‌. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനും സർക്കാരിനെതിരായ ആയുധമാക്കാനും കോൺഗ്രസിനും ബിജെപിക്കും ഒത്താശ പാടിയിരുന്നയാളാണ്‌ സുനിൽരാജ്‌.  ഇങ്ങനെയൊരു റിപ്പോർട്ട്‌ കിഫ്‌ബിക്കോ, സംസ്ഥാന ധന വകുപ്പിനോ കിട്ടിയിട്ടില്ല. പൊതുതെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട പല വിവാദങ്ങളും സൃഷ്ടിക്കാൻ സുനിൽരാജിന്റെ നേതൃത്വത്തിൽ ശ്രമിച്ചിരുന്നു. കിഫ്‌ബിയെ സംബന്ധിച്ച 72 ചോദ്യം എജി ഉന്നയിച്ചു. ഇതിന്‌ കൃത്യമറുപടിയും നൽകി. തുടർന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ടിന്റെ കരടോ, അന്തിമ റിപ്പോർട്ടോ എജി തയ്യാറാക്കിയതായ അറിയിപ്പൊന്നും കിഫ്‌ബിക്കും ധന വകുപ്പിനും ലഭിച്ചിട്ടില്ല.

എജിയായിരിക്കെ ആരോപണവിധേയനായി സ്ഥലംമാറ്റപ്പെട്ടയാളാണ്‌ സുനിൽരാജ്‌. സംസ്ഥാന സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന നിലപാടാണിയാളുടേത്‌.  അനാവശ്യ കുറ്റപ്പെടുത്തലുകളും കാരണമില്ലാത്ത കണ്ടെത്തലുകളും ഉൾപ്പെടുത്തിയ കത്തുകളും റിപ്പോർട്ടുകളും തയ്യാറാക്കലായിരുന്നു രീതി. ഇവ‌ സർക്കാരിന്‌ ലഭിക്കുംമുമ്പ്‌ പ്രതിപക്ഷ പാർടി നേതാക്കൾക്കും മാധ്യമങ്ങൾക്കും ലഭിക്കും. എജിയുടെ ഈ രാഷ്‌ട്രീയപക്ഷപാതിത്വത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്‌ സുനിൽരാജിനെ സിഎജി അരുണാചൽ പ്രദേശിലേക്ക്‌ സ്ഥലംമാറ്റി. കോവിഡ്‌ അടച്ചുപൂട്ടലിൽ സ്ഥലംമാറ്റം താൽക്കാലികമായി നടപ്പായില്ല. ഇതിനിടെ സെൻട്രൽ റിജ്യണൽ ഡയറക്ടർ ജനറലായി സിഎജി ആസ്ഥാന ഓഫീസിലെത്തി. ഇവിടെയിരുന്ന്‌ കേരളത്തിലെ എജിമാരെ നിയന്ത്രിക്കുകയാണ്‌. എജി ഓഫീസിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ഇപ്പോഴും ലഭ്യമാണെന്നും, അത്രയേറെ ഇടപെടൽ സുനിൽരാജ്‌ ഇവിടെ നടത്തുന്നതായും ജീവനക്കാർ പറയുന്നു.

പ്രചാരണം 
ധനസമാഹരണം 
മുടക്കാൻ: 
സിഇഒ
കിഫ്‌ബിയുടെ ധനസമാഹരണ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌ നിരന്തരം നുണപ്രചാരണം നടത്തുന്നതെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസർ ഡോ. കെ എം എബ്രഹാം പറഞ്ഞു. ബാങ്കുകളടക്കമുള്ള ധന സ്ഥാപനങ്ങൾക്ക്‌ ആശയക്കുഴപ്പമുണ്ടാക്കാൻ മനഃപൂർവം ചെയ്യുന്നതാണിത്തരം വ്യാജവാർത്തകൾ. 

ഇല്ലാത്ത ഓഡിറ്റ്‌ റിപ്പോർട്ടിന്റെ പേരിലാണ്‌ ഇപ്പോൾ വിവാദം. സിഎജി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും കൈമാറി. കിഫ്‌ബിയുടെ ഓൺലൈൻ അക്കൗണ്ടിങ്‌‌ സംവിധാനത്തിലെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന നിലയിൽ, ശൃംഖലയിലേക്ക്‌ കയറാനുള്ള പാസ്‌വേഡും നൽകി.  
മാധ്യമ വാർത്തകളെ തുടർന്ന്‌ റിപ്പോർട്ട്‌ നിജസ്ഥിതി അറിയാൻ എജിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ നടപടി തുടരുകയാണെന്ന മറുപടിയാണ്‌ ലഭിച്ചതെന്നും ഡോ. കെ എം എബ്രഹാം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top