24 April Wednesday
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ
അവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്‌

കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022


കൊച്ചി
കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ (കെജിഎൻഎ) 65–-ാം സംസ്ഥാന സമ്മേളനത്തിന്‌ എറണാകുളം ടൗൺഹാളിൽ തുടക്കമായി. മൂന്നുദിവസം നീളുന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ, സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി, കെ കെ ശൈലജ എംഎൽഎ എന്നിവർ സംസാരിച്ചു.

യാത്രയയപ്പുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് എസ് ഹമീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൽ ദീപ, വൈസ് പ്രസിഡന്റ്‌ എം ജയശ്രീ, സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമൻ, പി ഉഷാദേവി, ഹേന ദേവദാസ് എന്നിവർ സംസാരിച്ചു. രാത്രി എട്ടിന് കലാസന്ധ്യ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

തിങ്കൾ രാവിലെ 10ന് സൗഹൃദസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് ടൗൺഹാളിനുമുന്നിൽനിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ടൗൺഹാൾ അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി ടി നുസൈബ അധ്യക്ഷയാകും.  ചൊവ്വ രാവിലെ 10ന്‌ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തോടെ സമ്മേളനത്തിന്‌ സമാപനമാകും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യും.

ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ
അവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്‌
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ നഴ്സിങ്‌ സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിക്കും. നഴ്സിങ്‌ സ്കൂളുകളെ കോളേജുകളായി അപ്ഗ്രേഡ് ചെയ്യും. സ്‌പെഷ്യാലിറ്റി നഴ്സിങ്‌ മേഖലയിൽ പിജി സീറ്റ്‌ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ്‌ അസോസിയേഷന്റെ (കെജിഎൻഎ) 65–-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിൽ നടന്ന സന്ദർശനത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്‌ നിരവധി ചർച്ചകൾ നടന്നു. കേരളത്തിലെ നഴ്സുമാർക്ക്‌ ജോലി നൽകാൻ വിദേശ സർക്കാരുകൾ തയ്യാറാണ്‌. അതിന്റെ ഭാഗമായി കൊച്ചിയിൽ 21 മുതൽ 25 വരെ യുകെ നാഷണൽ ഹെൽത്ത് സർവീസ്‌ റിക്രൂട്ട്‌മെന്റ്‌ മേള നടത്തും. 3000 നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. അധികം വൈകാതെ വെയിൽസ്‌ സർക്കാരുമായി ധാരണപത്രം ഒപ്പുവയ്‌ക്കുന്നുണ്ട്‌.

കൊല്ലത്തും പാരിപ്പള്ളിയിലും 60 സീറ്റുവീതമുള്ള പുതിയ നഴ്സിങ്‌ സ്കൂളുകൾ ഈ വർഷം തുടങ്ങും. അടുത്തവർഷം സഹകരണമേഖലയിൽ കൂടുതൽ നഴ്സിങ്‌ സ്കൂളുകൾ ആരംഭിക്കും. സർക്കാർമേഖലയിൽ ആർദ്രം പദ്ധതിവഴി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്‌. സർക്കാർ ആശുപത്രികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top