29 March Friday

മണ്ണെണ്ണ ഊറ്റി കേന്ദ്രം; മീൻപിടിത്ത വള്ളങ്ങൾ പ്രതിസന്ധിയിൽ

ജി രാജേഷ്‌കുമാർUpdated: Sunday Sep 20, 2020

തിരുവനന്തപുരം > സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കുള്ള മണ്ണെണ്ണ ലഭ്യമാക്കാതെ കേന്ദ്ര സർക്കാർ. സമ്പൂർണ വൈദ്യുതീകരണം നടപ്പായ കേരളത്തിന്‌ മണ്ണെണ്ണയുടെ ആവശ്യമില്ലെന്നാണ്‌ കേന്ദ്രനിലപാട്‌. മത്സ്യത്തൊഴിലാളികൾക്ക്‌ മതിയായ മണ്ണെണ്ണ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനത്തിൽ ആവശ്യത്തിന്‌ സബ്‌സിഡി രഹിത മണ്ണെണ്ണ അനുവദിക്കണമെന്നാണ്‌ സംസ്ഥാനത്തിന്റെ ആവശ്യം. ഇതുന്നയിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കത്തിനുള്ള മറുപടിയിലാണ്‌ മണ്ണെണ്ണ നൽകാനാകില്ലെന്ന്‌ കേന്ദ്രം അറിയിച്ചത്‌.

കേരളതീരത്ത്‌ ഒമ്പത്‌ ജില്ലയിലായി രണ്ടര ലക്ഷം മത്സ്യത്തൊഴിലാളികൾ ഔട്ട്‌ബോർഡ്‌ എൻജിൻ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പ്രതിവർഷം 51,700 കിലോലിറ്റർ മണ്ണെണ്ണ ഇവയ്‌ക്കാവശ്യമാണ്‌. ഈ വർഷം പൊതുവിതരണത്തിന്‌ സംസ്ഥാനത്തിന്‌ അനുവദിച്ച മണ്ണെണ്ണ 3468 കിലോ ലിറ്ററും. ഇതിന്റെ ഒരുഭാഗംമാത്രമാണ്‌ മത്സ്യബന്ധനമേഖലയ്‌ക്ക്‌ ലഭിക്കുക.

കഴിഞ്ഞവർഷം ആകെ ലഭിച്ചത്‌ 15,108 കിലോ ലിറ്ററും. ബാക്കി മണ്ണെണ്ണയ്‌ക്ക്‌ തൊഴിലാളികൾ പൊതുമാർക്കറ്റിനെ ആശ്രയിക്കുന്നു. ഇവിടെ വിൽപ്പനക്കാർ അമിതവിലയാണ്‌ ഈടാക്കുന്നത്‌.‌  മണ്ണെണ്ണയുടെ പേരിൽ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്‌ തടയാൻ മത്സ്യഫെഡിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. ഫെഡിന്‌ ഒമ്പത്‌ ജില്ലയിലായി തീരത്ത്‌ 13 ഇന്ധന ബങ്കുണ്ട്‌.
ഇവ വഴി പ്രതിദിനം 280 കിലോ ലിറ്റർവരെ മണ്ണെണ്ണ വിതരണം ചെയ്യാനാകും.

അതിനാൽ, മത്സ്യഫെഡ്‌ മണ്ണെണ്ണയുടെ വിതരണശൃംഖല ഒരുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനാവശ്യമായ മണ്ണെണ്ണ മൊത്തവിതരണ ഏജൻസി എന്ന നിലയിൽ മത്സ്യഫെഡിന്‌ ലഭ്യമാക്കണമെന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാന്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ സർക്കാരിന്റെ മൊത്തവിതരണ ഏജൻസിയായ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുള്ള എണ്ണയും ലഭിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top