01 October Saturday

വ്യാപക മഴ തുടരും ; 8 ജില്ലയിൽ ഇന്ന്‌ 
മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറും ഉയർത്തിയതോടെ വെള്ളം കയറിയ തടിയമ്പാട്‌ ചപ്പാത്ത് ഫോട്ടോ: അപ്പു എസ് നാരായണൻ


തിരുവനന്തപുരം
സംസ്ഥാനത്ത്‌ വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും മഴ തുടരുന്നു. വെള്ളിവരെ വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ്‌ മേഖലയിലൂടെ സഞ്ചരിച്ച്‌ ചൊവ്വയോടെ തീവ്ര ന്യൂനമർദമാകും. തെക്കൻ മഹാരാഷ്ട്ര തീരംമുതൽ  കർണാടക തീരംവരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനമാണ്‌ സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ കാരണം.

ചൊവ്വ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലയിൽ ജാഗ്രത തുടരണം.
കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത്‌ കടലാക്രമണത്തിനും സാധ്യതയുണ്ട്‌. നിലവിൽ 254 ക്യാമ്പിലായി 11,229 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. ഇതുവരെ 48 വീട്‌ പൂർണമായും 390 വീട്‌ ഭാഗികമായും തകർന്നു.

മുല്ലപ്പെരിയാറിൽ 
139 അടി പിന്നിട്ടു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടി പിന്നിട്ടു. തിങ്കൾ രാവിലെ ആറിന് 138.9 ആയിരുന്നത്‌ വൈകിട്ട് അഞ്ചിന് 139.35 അടി എത്തി. സുപ്രീംകോടതി മേൽനോട്ടസമിതി അനുവദിച്ചിരിക്കുന്നത്‌ 137.5 അടിയാണ്‌. 13ൽ 10 സ്പിൽവേ ഷട്ടറാണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 7246 ഘനയടിയായി ഉയർത്തി.

ഇടുക്കിയുടെ എല്ലാ 
ഷട്ടറും തുറന്നു
മഴ ശക്തിപ്പെട്ടതോടെ ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ അഞ്ച്‌ ഷട്ടറും തുറന്നു.  സെക്കൻഡിൽ മൂന്ന് ലക്ഷം (300 ക്യുമെക്സ്) ലിറ്റർ ജലമാണ് പെരിയാറ്റിലേക്ക് ഒഴുക്കുന്നത്. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾക്ക്‌ പുറമേ തിങ്കൾ വെെകിട്ട് മൂന്നരയോടെ അഞ്ച്, ഒന്ന് ഷട്ടറുകൾ 40 സെന്റിമീറ്റർ വീതമാണ്‌ ഉയർത്തിയത്‌. കേരളത്തിലാകെ കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും 26 അണക്കെട്ടുകൾ ഇതിനകം തുറന്നിട്ടുണ്ട്‌.  

പുറത്തേക്കൊഴുക്കുമ്പോഴും ഇടുക്കി സംഭരണിയിൽ തിങ്കളാഴ്ച ഒരടികൂടി ജലനിരപ്പ്‌ ഉയർന്ന് 2385.76 അടിയെത്തി. ശേഷിയുടെ 80 ശതമാനം പിന്നിട്ടതോടെയാണ്‌ എല്ലാ ഷട്ടറും തുറന്നത്‌.  ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രത പുലർത്താൻ നിർദേശംനൽകി. തടിയമ്പാട് പാലം മുങ്ങി. ജില്ലയിലെ മുല്ലപ്പെരിയാർ, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, മലങ്കര, കുണ്ടള ,പൊൻമുടി തുടങ്ങി എട്ട്‌ സംഭരണികളും തുറന്നിരിക്കുകയാണ്‌. 

വയനാട്‌ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിട്ടുതുടങ്ങി. റവന്യു മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ തിങ്കൾ രാവിലെ 8.10നാണ്‌ ആദ്യം ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്‌.  പിന്നീട്‌ 2.30ഓടെ രണ്ടാം ഷട്ടറും 10 സെന്റിമീറ്റർ ഉയർത്തി.   
പത്തനംതിട്ട കക്കി ആനത്തോട്‌ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറും പമ്പ അണക്കെട്ടിന്റെ രണ്ട്‌ ഷട്ടറുമാണ്‌ തുറന്നിരിക്കുന്നത്‌. പമ്പാതീരത്ത്‌ ജാഗ്രതാനിർദേശം നൽകി. പാലക്കാട്‌ മലമ്പുഴ, ശിരുവാണി, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകളും മൂലത്തറ റെഗുലേറ്ററും കഴിഞ്ഞ ദിവസം തുറന്നു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top