25 April Thursday

കാലാവസ്ഥാ പ്രവചനം : പിന്തുടരുന്നത്‌ പഴയ മാതൃക ; പിടിതരാതെ മേഘചലനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
ഉപയോഗിച്ചുവരുന്ന മാതൃക നവീകരിക്കാനാകാത്തത്‌ കാലാവസ്ഥാ പ്രവചനത്തിൽ പിഴവിന്‌ കാരണമാകുന്നുവെന്ന്‌ വിലയിരുത്തൽ.  കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത അന്തരീക്ഷചലനങ്ങളും പ്രവചനത്തെ ബാധിക്കുന്നു. ഏറെക്കുറെ കൃത്യത ഉണ്ടെങ്കിലും ഇടയ്‌ക്കുണ്ടാകുന്ന പിഴവിന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ കേൾക്കുന്ന പഴി ‘ഉരുൾപൊട്ടലി’നു സമാനം.   സംഖ്യാപര കാലാവസ്ഥാ പ്രവചന മാതൃകയിൽ വൻ മാറ്റം ലോകരാജ്യങ്ങൾ കൈവരിച്ചിട്ടുണ്ട്‌. വിവരശേഖരണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയടക്കം ഉപയോഗിക്കുന്നു.

സമുദ്രം, കര, പർവത പ്രദേശങ്ങളിലെ ചൂട്‌, കാറ്റ്‌ തുടങ്ങി വിവിധ ഘടകങ്ങളുടെ വിവരങ്ങൾ പല പ്രദേശത്തുനിന്ന്‌ ശേഖരിച്ച്‌ സൂപ്പർ കംപ്യൂട്ടർ ഗണിച്ച്‌ പറയുന്നതാണ്‌ പൊതുവിൽ കാലാവസ്ഥാ പ്രവചനം. വിവരശേഖരണത്തിന്‌ സാറ്റ്‌ലൈറ്റ്‌ അടക്കം ഉപയോഗിക്കുന്നു. എപ്രകാരമാണ്‌ കണക്ക്‌ കൂട്ടേണ്ടത്‌ എന്നത്‌ സംബന്ധിച്ച ക്രമമാണ്‌  ‘മാതൃക’.  പ്രവചനം എളുപ്പമാക്കുന്ന പല മേഖലയിലും സ്വന്തം മാതൃകകളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥ പ്രവചിക്കാൻ ആവശ്യമായ ഗവേഷണവും നടക്കുന്നുണ്ടെന്ന്‌ ഐഎംഡിയിലെ വിദഗ്ധർ പറയുന്നു. മൂന്നു ദിവസംമുമ്പുവരെയുള്ള കാലാവസ്ഥ പ്രവചിക്കാനാകുന്ന സംവിധാനമാണ്‌ നിലവിലുള്ളത്‌. മൂന്നു മണിക്കൂർമുമ്പുവരെയുള്ള തത്സമയ പ്രവചനത്തിനും കഴിയുന്നുണ്ട്‌. ഏറ്റവും അടുത്ത സമയം എന്ത്‌ സംഭവിക്കുന്നുവെന്നത്‌ കൂടുതലും സമുദ്രത്തിലെ അന്തരീക്ഷത്തെ ആശ്രയിച്ചാണ്.

മനുഷ്യ ഇടപെടൽമൂലമുള്ള കാലാവസ്ഥാ വ്യതിയാനം പ്രവചനങ്ങളെ പലപ്പോഴും വഴിതെറ്റിക്കുന്നുണ്ടെന്ന്‌ കാർഷിക സർവകലാശാല കാലാവസ്ഥാ ഗവേഷകൻ ഗോപകുമാർ ചോലയിൽ പറഞ്ഞു. മേഘങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ എന്ത്‌ നടക്കുന്നുവെന്ന്‌ പറയാനാകില്ല. ഔദ്യോഗിക സംവിധാനങ്ങൾ  മെച്ചപ്പെട്ടതാണ്‌. പക്ഷേ, സമകാലികമായി നവീകരിക്കേണ്ടതുണ്ട്‌. പ്രവചനം എപ്പോഴും ശരിയായ അനുഭവം ലോകത്തെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top