28 March Thursday

‘ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ ജാഗരൂകനാണ്’; ഗവർണറുടെ വിമർശനങ്ങൾക്ക്‌ മറുപടിയുമായി വിസി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

തിരുവനന്തപുരം > ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി പി മഹാദേവൻ പിള്ള. പ്രസ്‌താനവയിലൂടെയാണ്‌ ഗവർണറുടെ വിമർശനങ്ങൾക്ക്‌ വിസി മറുപടി നൽകിയത്‌.  

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരിക്കാനില്ല’ എന്നാണ്‌ വിസി പ്രസ്‌താവനയിൽ പറയുന്നത്‌.

രാഷ്‌‌ട്രപതിയ്‌ക്ക്‌ ഡി ലിറ്റ്‌ നൽകുന്നതിനുള്ള നിർദേശം സിൻഡിക്കറ്റ്‌ അംഗങ്ങൾ നിരാകരിച്ച വിവരം ഗവർണറെ അറിയിക്കുന്നതിനായി സന്ദർശിച്ചപ്പോൾ കനത്ത സമ്മർദം നേരിടേണ്ടി വന്നു എന്നാണ്‌ വിസി പ്രസ്‌താവനയിൽ സൂചിപ്പിക്കുന്നത്‌. ഗവർണർക്ക്‌  നൽകിയ കത്തിൽ സമ്മർദം കൊണ്ടാണ്‌ തെറ്റുകൾ വന്നതെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.



രാഷ്‌‌ട്രപതിയ്‌ക്ക്‌ ഡി ലിറ്റ്‌ നൽകാനുള്ള നിർദേശത്തിന്‌ മറുപടിയായി വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ട്‌ ഞെട്ടിയെന്നും ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിറ്റെടുത്തെന്നും ഗവർണർ പറഞ്ഞിരുന്നു. എന്നാൽ, വിസിയുടെ പേരിൽ വെള്ളക്കടലാസിൽ കത്ത്‌ എഴുതിവാങ്ങാനുള്ള സാഹചര്യമെന്തെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഡിസംബർ 21ന്‌ കേരളത്തിലെത്തുന്ന രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ നൽകണമെന്ന്‌ ഒരാഴ്‌ചമുമ്പ്‌ ഫോണിലാണ്‌ ഗവർണർ കേരള വിസിയോട്‌ ആവശ്യപ്പെട്ടത്‌. ഡി ലിറ്റ്‌ നൽകാനുള്ള ചട്ടങ്ങൾ പൂർത്തിയാക്കാൻ ഈ സമയം പോരെന്നും ഇത്‌ ലംഘിച്ച്‌ ഡി ലിറ്റ്‌ നൽകുന്നത്‌ അനുചിതമാകുമെന്നും അറിയിച്ചതിലാണ്‌ ഗവർണർ ഞെട്ടൽ രേഖപ്പെടുത്തിയതെന്നാണ്‌ സർവകലാശാല വൃത്തങ്ങൾ വിശദീകരിച്ചത്‌.

ഡി ലിറ്റ്‌ നൽകേണ്ടത്‌ സർവകലാശാല സെനറ്റാണ്‌. നടപടിക്രമങ്ങളുടെ ഭാഗമായി സെനറ്റ്‌ യോഗം ചേർന്ന്‌ ബിരുദദാനം തീരുമാനിക്കുകയും ഇത്‌ അവാർഡ്‌ ചെയ്യാൻ വീണ്ടും സെനറ്റ്‌ ചേരേണ്ടതുമുണ്ട്‌. ഡി ലിറ്റ്‌ നൽകുംമുമ്പ്‌ രാഷ്‌ട്രപതിഭവന്റെയും അനുമതി വേണം. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ നേരത്തേ പഞ്ചാബിലെ സർവകലാശാലയുടെ ഡി ലിറ്റ്‌ നിരസിച്ചിട്ടുമുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ വിസി നിയമപ്രശ്‌നങ്ങൾ ഗവർണറെ അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top