24 April Wednesday

വീണ്ടും വിമാനക്കൊള്ള ; ടിക്കറ്റിൽ അഞ്ചിരട്ടി വർധന , വലിയ വർധന യുഎഇ സെക്ടറിൽ

ബഷീർ അമ്പാട്ട്‌Updated: Thursday May 25, 2023


കരിപ്പൂർ
കൊള്ളലാഭം ലക്ഷ്യമിട്ട്‌ വിമാനക്കമ്പനികൾ യാത്രാനിരക്ക് വീണ്ടും അഞ്ചിരട്ടി കൂട്ടി. കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഉയർത്തിയത്‌. 28 മുതൽ പ്രാബല്യത്തിൽവരും. വേനലവധി കഴിഞ്ഞ് ഗൾഫിലേക്കുള്ള മടക്കയാത്രയും ഗൾഫിൽ സ്‌കൂൾ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ്‌ കൊള്ള. യുഎഇ സെക്ടറിലാണ് വലിയ വർധന. കരിപ്പൂർ–-ദുബായ്‌ നിരക്ക് 51,523 രൂപയായി.

സമാനമാണ്‌ കരിപ്പൂർ–ഷാർജ സെക്ടറിലും. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്‌ക്കുമുകളിലാണ്. കഴിഞ്ഞ മാർച്ച് 31 വരെ 9000 മുതൽ 12,000 വരെയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ 31,000 ആയി. ഇതാണ്‌ അരലക്ഷത്തിനുമുകളിലായത്. ഖത്തറിലേക്ക് 38,000 മുതൽ 40,000 വരെയായിരുന്നത്‌ 48,000 രൂപയായി ഉയർത്തി. സൗദി മേഖലയിലും നിരക്ക് കൂട്ടി. 20,000 മുതൽ 23,000 രൂപവരെയായിരുന്ന നിരക്ക് 35,000 ആയി. 20,000 രൂപയിൽ താഴെയായിരുന്ന കരിപ്പൂർ–-കുവൈത്ത് നിരക്ക് 39,000 ആയി. നെടുമ്പാശേരി–- കുവൈത്ത് 38,200, തിരുവനന്തപുരം–- കുവൈത്ത് 38,000 എന്നിങ്ങനെയാണ്‌ നിരക്ക്‌. നിലവിൽ ജൂൺ മൂന്നുവരെയാണ് വർധന കാണിക്കുന്നതെങ്കിലും ആഗസ്ത് 30 വരെ കുറയാനിടയില്ല.

വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മലയാളികളെ കൊള്ളയടിക്കാൻ ഒന്നരമാസംമുമ്പാണ് വിമാനക്കമ്പനികൾ യാത്രാനിരക്ക് വർധിപ്പിച്ചത്. ഇതിനുപുറമെയാണ്‌ കഴുത്തറുപ്പൻ വർധന. മാർച്ച് ഒന്നുമുതൽ വിമാന ഇന്ധനവില അഞ്ചുതവണ കുറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top