16 April Tuesday

സമഗ്ര ടൂറിസം വികസനം: കേരളത്തിന്‌ വീണ്ടും ദേശീയ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ന്യൂഡൽഹി> സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ ടൂറിസം പുരസ്‌കാരം തുടർച്ചയായ നാലാം തവണയും നേടി കേരളം ‘ഹാൾ ഓഫ്‌ ഫെയിം’ ബഹുമതി കരസ്ഥമാക്കി. സുസ്ഥിരവും ഉത്തരവാദിത്തപൂർണവുമായ ടൂറിസത്തിന്‌ ഉതകുന്ന തന്ത്രങ്ങൾ ആവിഷ്‌കരിച്ചതിനാണ്‌ പുരസ്‌കാരം.   2018- 2019 ലെ ടൂറിസം പുരസ്‌കാരങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂഡൽഹി  വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി  ജഗദീഷ് ധൻകർ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. കേരള ടൂറിസം വകുപ്പിന് വേണ്ടി കെടിഡിസി മാനേജിങ്‌  ഡയറക്ടർ  വി വിഘ്നേശ്വരി പുരസ്‌കാരം  ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം  മന്ത്രി  ജി കിഷൻ റെഡ്ഡി അധ്യക്ഷനായി. ഒരേ വിഭാഗത്തിൽ  തുടർച്ചയായി പുരസ്‌കാരം ലഭിക്കുന്നവർക്കാണ് ഹാൾ ഓഫ് ഫെയിം ബഹുമതി. ഇതു  ലഭിച്ചവർക്ക്‌ അടുത്ത മൂന്ന് വർഷം ഇതേ വിഭാഗത്തിൽ  പുരസ്‌കാരത്തിന്‌ അപേക്ഷിക്കാൻ കഴിയില്ല.

ബീച്ചുകൾ, ബയോ പാർക്കുകൾ, മലയോര പ്രദേശങ്ങൾ എന്നിവയുടെ പരിപാലനം,  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വപരിപാടികൾ നടപ്പാക്കൽ, പൈതൃക സംരക്ഷണം, ടൂറിസം ക്ലബുകളെ സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങളാണ് കോഴിക്കോട് ഡിടിപിസിയെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. മികച്ച ഫോർ സ്റ്റാർ ഹോട്ടലിനുള്ള പുരസ്‌കാരം കുമരകത്തെ താജിനാണ്. ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സാ കേന്ദ്രമായി  മണൽത്തീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനെ തെരഞ്ഞെടുത്തു. രാജ്യത്തിനകത്തും പുറത്തും നൂതനമായ മാർഗങ്ങളുപയോഗിച്ച്‌ ടൂറിസം വികസനത്തിന്‌ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top