11 December Monday

കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

തിരുവനന്തപുരം> ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്‍) ലഭിച്ചു. പ്രാദേശിക കരകൗശല- ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം.

നവംബറില്‍ ലണ്ടനില്‍ നടക്കുന്ന ഗ്ലോബല്‍ റെസ്പോണ്‍സിബിള്‍ ടൂറിസം പുരസ്കാരത്തിന് മത്സരിക്കാനുള്ള അര്‍ഹതയും ഈ നേട്ടത്തിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിച്ചു. സംസ്ഥാന ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് ഉത്തരവാദിത്ത ടൂറിസം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഇതൊരു ആഗോള മാതൃകയാണെന്നും ടൂറിസം- പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേടിയെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിന്‍റെ പൊന്‍തൂവലുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാര്‍ഷിക ടൂറിസം പ്രവര്‍ത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കുന്ന എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസീന്‍ പ്രോജക്റ്റ്, പരമ്പരാഗത തൊഴില്‍, കലാപ്രവര്‍ത്തനങ്ങള്‍, രുചി വൈവിധ്യങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന എക് സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഒരുക്കല്‍, തദ്ദേശീയ ജനസമൂഹത്തിനായുള്ള പരിശീലന പരിപാടികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.

ബിഎല്‍ടിഎം സംഗമത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ലീലാ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ യുനെസ്കോ ഫോര്‍ ഇന്ത്യ, നേപ്പാള്‍, മാല്‍ദീവ്സ്, ഭൂട്ടാന്‍ ആന്‍റ്  ബംഗ്ലാദേശ് നാഷണല്‍ പ്രോഗ്രാം ഓഫീസര്‍ (കള്‍ച്ചറല്‍) അന്‍കുഷ് സേട്ടില്‍ നിന്നും സംസ്ഥാന ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.

സ്ത്രീകളുടെ ചെറുകിട സംരംഭങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുകയും ടൂറിസം മേഖലയില്‍ പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണനം സുഗമമാക്കുകയും ചെയ്യുന്ന വിവിധ സംരംഭങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന ആര്‍ടി മിഷന് ഈ ബഹുമതി ലഭിച്ചതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. സ്ത്രീശാക്തീകരണവും പ്രാദേശിക സമൂഹത്തിന്‍റെയും പ്രാദേശിക ഉത്പന്നങ്ങളുടെയും സാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ട് ആര്‍ടി മിഷന്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സമൂഹത്തിന്‍റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന നൂതന സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ഇതുപോലുള്ള പുരസ്കാരങ്ങള്‍ പ്രോത്സാഹനമാകുമെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍  പി ബി. നൂഹ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത് അടുത്തിടെയാണ്.  ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് പുരസ്കാരം നല്കിയത്.

ഗ്രാമീണ പ്രാദേശിക സാമൂഹിക വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതിനൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസനവും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ലക്ഷ്യങ്ങളാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക,  മികച്ച സാമൂഹ്യ-പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top