07 July Monday

സംസ്ഥാനത്തെ റോഡ് നിർമാണത്തിന്‌ പുത്തൻവിദ്യകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിരുവനന്തപുരം  > സംസ്ഥാനത്തെ റോഡുകളുടെ നിർമാണത്തിന് ആറ് പുതിയ സാങ്കേതികവിദ്യകൂടി ഉപയോഗിക്കാൻ തീരുമാനം. ജിയോ സെൽസ്- ജിയോ ഗ്രിഡ്സ്, ഫുൾ ഡെപ്ത് റിക്ലമേഷൻ, മൈക്രോ സർഫസിങ്‌, സെഗ്‌മെന്റൽ ബ്ലോക്‌സ്, സോയിൽ നെയിലിങ്‌, ഹൈഡ്രോ സീഡിങ്‌ എന്നിവയാണ്‌ ഉപയോഗപ്പെടുത്തുക. റോഡ്സ് വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആദ്യം ഇവ ഉപയോഗിക്കുക.

ജിയോ സെൽസ്- ജിയോ ഗ്രിഡ്സ്
ഭാരം താങ്ങാൻ ശേഷികുറഞ്ഞ മണ്ണുള്ള ഇടങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. മുൻകൂട്ടി നിർമിച്ച സെല്ലുപോലെയുള്ളവ ഉപയോഗിച്ചാകും നിർമാണം.

ഫുൾ ഡെപ്ത് റിക്ലമേഷൻ
നിലവിലുള്ള റോഡ‍ിന്റെ ടാറും മെറ്റലും ഇളക്കി എടുത്ത് സിമന്റും പ്രത്യേക പോളിമർ മിശ്രിതവും നിശ്ചിത അനുപാതത്തിൽ ചേർത്ത് കുഴച്ച് നിർമിക്കുന്ന രീതി.

മൈക്രോ സർഫസിങ്‌
നിലവിലുള്ള റോഡിന്റെ ആയുസ്സ്‌ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന രീതി. റോഡിനു മുകളിൽ നൽകുന്ന ചെറിയ കനത്തിലുള്ള  കവചമാണ്‌ ഇത്. ബിറ്റുമെൻ എമൽഷനിൽ ചെറിയ മെറ്റൽ ചേർത്താണ് നിർമാണം. റോ‍‍ഡിലെ ചെറിയ പൊട്ടലും കുഴിയും അടയ്‌ക്കാൻ ഈ രീതി ഉപയോഗിക്കാം.

സെഗ്‌മെന്റൽ ബ്ലോക്‌സ്‌
ഉയരത്തിൽ മണ്ണ് താങ്ങിനിർത്താൻ വശങ്ങളിൽ പ്രത്യേകരൂപത്തിൽ ബ്ലോക്ക്‌ നിർമിക്കുന്ന സാങ്കേതികവിദ്യ.

സോയിൽ നെയിലിങ്‌
മൺതിട്ടകളുള്ള സ്ഥലങ്ങളിൽ അവ ഇടിഞ്ഞുവീഴാതിരിക്കാൻ ചെറിയ കനത്തിലുള്ള മതിൽ നിർമിക്കുന്ന രീതി.

ഹൈഡ്രോസീഡിങ്‌
മണ്ണൊലിപ്പ് തടയാൻ റോഡരികിൽ ചെടികൾ നട്ട്‌ പരിപാലിക്കുന്ന സംവിധാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top