23 October Thursday

കശ്മീര്‍ യാത്രയ്ക്കിടെ അപകടം ; സ്വപ്നം ബാക്കിയാക്കി അനസ് യാത്രയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


വെഞ്ഞാറമൂട്
സ്കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക് യാത്ര ചെയ്ത യുവാവ്‌ അപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരുത്തിപ്പാറ സുമയ്യ മൻസിലിൽ അനസ് ഹജാസാ(31)ണ്‌ സ്വപ്ന യാത്രയ്‌ക്കിടെ ഹരിയാനയിലെ അപകടത്തിൽ മരിച്ചത്‌. ചൊവ്വ പുലർച്ചെ ഹരിയാനയിലെ പഞ്ചകുളയിൽ ട്രക്ക് ഇടിച്ചാണ് മരിച്ചത്‌. അപകടത്തിൽ പരിക്കേറ്റ അനസിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ.

മെയ് 29ന് കന്യാകുമാരിയിൽനിന്ന് ഒറ്റയ്ക്കായിരുന്നു അനസ്‌ യാത്രയാരംഭിച്ചത്. മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഹരിയാനയിലെ ബഞ്ചാരിയിലെത്തിയതായും 300 കിലോമീറ്റർ കഴിഞ്ഞാൽ കശ്മീരിൽ എത്തുമെന്നും അനസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പാണ് അനസ് സ്കേറ്റിങ്‌ ബോർഡ്‌ സ്വന്തമാക്കിയത്. സ്വന്തമായി പരിശീലനം നടത്തിയാണ് സ്‌കേറ്റിങ്‌ പഠിച്ചത്. കംപ്യൂട്ടർ സയൻസ് ബിരുദത്തിനുശേഷം ടെക്നോപാർക്കിലും ബിഹാറിലെ സ്കൂളിലും ജോലി ചെയ്‌തിരുന്നു. കശ്മീർ യാത്ര കഴിഞ്ഞ് ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ രാജ്യങ്ങളിലേക്ക് സ്‌കേറ്റിങ് യാത്ര ചെയ്യാനിരിക്കുകയായിരുന്നുവെന്ന്‌ ബന്ധുക്കൾ പറഞ്ഞു.ഉപ്പ: അലിയാര് കുഞ്ഞു. ഉമ്മ: ഷൈല ബീവി. സഹോദരങ്ങൾ: അജിംഷ അമാനി, സുമയ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top