26 April Friday

സാങ്കേതിക സർവകലാശാലയ്ക്ക് 
615 കോടിയുടെ ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


തിരുവനന്തപുരം  
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ ലക്ഷ്യമാക്കി സാങ്കേതിക സർവകലാശാലാ ബജറ്റ്. 566.98 കോടി രൂപ വരവും 614.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ്‌ അംഗീകാരം നൽകി. ധന സമിതി അധ്യക്ഷൻ ഡോ. പി കെ ബിജു ബജറ്റ് അവതരിപ്പിച്ചു. വൈസ് ചാൻസലർ എം എസ് രാജശ്രീ അധ്യക്ഷയായി.

വിളപ്പിൽശാലയിൽ നിർമിക്കുന്ന ആസ്ഥാനമന്ദിരത്തിന് 60 കോടി രൂപയും വിവിധ എൻജിനിയറിങ്‌ സ്കൂളുകൾക്കായി 50 കോടിയും വകയിരുത്തി. ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും ട്രാൻസലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷൻ സെന്ററുകൾക്കും 19 കോടിയും നീക്കിവച്ചു.

കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹ്യ വികസനത്തിനുതകുന്ന 1000 വിദ്യാർഥി പ്രോജക്ടുകൾ എന്നിവയ്‌ക്ക്  മൂന്നു കോടി വീതം ചെലവഴിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ പരീക്ഷാ നടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക വിദൂര പരീക്ഷ നിരീക്ഷണ സംവിധാനത്തിന്‌ 10 കോടിയും സർവകലാശാല- വ്യാവസായിക സംയുക്ത സംരംഭങ്ങൾക്ക് അഞ്ചു കോടിയും  ഓൺലൈൻ പരീക്ഷാ സംവിധാനത്തിന്‌ മൂന്നു കോടിയും  എൻജിനിയറിങ്‌ ഫാബ് ലാബുകൾക്ക്‌ രണ്ടു കോടിയും  വകയിരുത്തി.

ആധുനിക ക്ലൗഡ് കംപ്യൂട്ടിങ്‌ സംവിധാനങ്ങൾക്ക്‌ ഒരു കോടി ചെലവഴിക്കും. എൻജിനിയറിങ് പഠനം വൈവിധ്യവൽക്കരിക്കുന്ന പ്രോജക്ട്‌ അധിഷ്‌ഠിത കോഴ്‌സുകൾ, ഇ–-- കോൺടെന്റ് രൂപീകരണം, വിദേശ സർവകലാശാലകളുമായുള്ള ട്വിന്നിങ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി നാലു കോടി രൂപ നീക്കിവച്ചു.

പ്രൊഫഷണൽ ഡോക്യുമെന്റ് തയ്യാറാക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറിന്‌ 75 ലക്ഷം, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള സാങ്കേതികവിദ്യാ പഠനകേന്ദ്രത്തിന് 50 ലക്ഷം, വിവിധ ഇ-–- ഗവേണൻസ്  സംവിധാനങ്ങൾക്ക്‌ ഒരു കോടി എന്നിവയാണ് മറ്റ്‌ പ്രധാന നിർദേശങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top