19 December Friday

ചില മതവിഭാ​ഗങ്ങൾക്ക് മാത്രം വായ്‌പകൾ നൽകുന്നു‌ ; പ്രചരണങ്ങൾ വസ്‌തുതാവിരുദ്ധമെന്ന് വനിത വികസന കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

തിരുവനന്തപുരം > ചില മതവിഭാ​ഗങ്ങളിൽ ഉൾപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്ന തരത്തിൽ വനിതാ വികസന കോർപറേഷനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കോർപറേഷൻ അറിയിച്ചു.  കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ വിഭാ​ഗത്തിലുൾപ്പെട്ടവർക്കും ഹിന്ദുക്കൾക്കും വിദ്യാഭ്യാസ തൊഴിൽ വായ്പകൾ നൽകുന്നില്ലെന്നും ചില മതവിഭാ​ഗങ്ങൾക്ക് മാത്രമാണ് വായ്പകൾ നൽകുന്നതെന്നും ഹിന്ദുമതത്തിനെതിരെയുള്ള സർക്കാർ നീക്കമാണ് ഇതെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വനിതാ വികസന കോർപറേഷൻ വ്യക്തമാക്കി.

സംസ്ഥാനസർക്കാരിന്റെ പൊതുവിഭാ​ഗത്തിലെ വനിതകൾക്ക് വ്യക്തി​ഗത സ്വയം തൊഴിൽ വായ്പകൾ നൽകുന്ന പദ്ധതി കോർപറേഷനാണ് നടത്തുന്നതെന്നും ഇതിന് സർക്കാരിന്റെയും ഒപ്പം സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോ​ഗിക്കുന്നുണ്ടെന്ന് കോർപറേഷൻ വ്യക്തമാക്കി.

എൻബിസിഡിഎഫ്സി, എൻഎംഡിഎഫ്സി, എൻഎസ്എഫ്ഡിസി, എൻഎസ്ടിഎഫ്ഡിസി, എൻഎസ്കെഎഫ്ഡിസി തുടങ്ങിയ വിവിധ കേന്ദ്രധനകാര്യ കോർപറേഷനുകളുടെ സംസ്ഥാനത്തെ ചാനലൈസിം​ഗ് ഏജൻസിയായി കോർപറേഷൻ പ്രവർത്തിക്കുന്നതെന്ന് വനിതാ വികസന കോർപറേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രസ്തുത കോർപറേഷമുകളുടെ വ്യക്തി​ഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപറേഷനാണ് നടപ്പാക്കുന്നത്. ഇതിലേക്ക് സംസ്ഥാനസർക്കാരിന്റെയും സ്ഥാപനത്തിന്റെയും വി​ഹിതം കൂടി ചേർത്ത് കോർപറേഷനുകളുടെ മാർ​ഗ നിർദേശമനുസരിച്ച് പിന്നാക്ക- ന്യൂനപക്ഷ-പട്ടികവിഭാ​ഗ-ശുചീകരണ തൊഴിലാളി വിഭാ​ഗങ്ങളിലെ വനിതകൾക്കാണ് നിലവിൽ വായ്പകൾ വിതരണം ചെയ്യുന്നതെന്ന് കോർപറേഷൻ വ്യക്തമാക്കി.

പൊതുവിഭാ​ഗത്തിന് ഇത്തരത്തിൽ വായ്പകൾ നൽകുന്ന കേന്ദ്രധനകാര്യ കോർപറേഷനുകൾ നിലവിലില്ല. അതിനാൽ സംസ്ഥാനസർക്കാരിന്റെ പൊതുവിഭാ​ഗ വനിതകൾക്കുള്ള വായ്പ പദ്ധതി സ്ഥാപനമാണ് നടത്തുന്നത്. 3 ലക്ഷം ആയിരുന്ന ഈ വായ്പാ പരിധി 5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെയും കോർപറേഷന്റെയും ഫണ്ട് ഉപയോ​ഗിച്ച് 2001 മുതൽ ഇതുവരെ 4551 പേർക്കായി 8453 ലക്ഷം രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുള്ളതായും കോർപറേഷൻ വ്യക്തമാക്കി.

എന്നാൽ ചിലർക്ക് വായ്പ അനുവദിക്കുന്നില്ലെന്നുള്ള തരത്തിലുള്ള വർ​ഗീയ പ്രചരണങ്ങളാണ് കോർപറേഷനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും വസ്തുതാ വിരു​ദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ അറിയിച്ചു.    
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top