20 April Saturday

ചിറക്‌ മുളയ്‌ക്കട്ടെ സ്റ്റാർട്ടപ് സ്വപ്‌നത്തിന്‌ ; കളമശേരി ഡിജിറ്റൽ ഹബ്ബ്‌ നാളെ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


കളമശേരി
പുതുതലമുറയുടെ സ്റ്റാർട്ടപ് സ്വപ്‌നങ്ങൾക്ക്‌ ചിറക്‌ മുളപ്പിച്ച്‌ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉൽപ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റൽ ഹബ്ബ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന് (കെഎസ്‌യുഎം) കീഴിലുള്ള ഇവിടെ ഇൻകുബേറ്ററുകൾ, ആക്സിലറേറ്റർ, ഡിസൈനർ സ്‌റ്റുഡിയോകൾ, മികവിന്റെ കേന്ദ്രം തുടങ്ങിയവ സജ്ജീകരിക്കും.

കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിലാണ്‌ രണ്ടു ലക്ഷം ചതുരശ്രയടിയിൽ പുതിയ കെട്ടിടസമുച്ചയം. ഇന്റഗ്രേറ്റഡ് സ്‌റ്റാർട്ടപ്‌ കോംപ്ലക്സിലെ 165 സ്റ്റാർട്ടപ്പുകൾക്കുപുറമേ 200 സംരംഭങ്ങൾകൂടി പുതിയ കെട്ടിടത്തിൽ തുടങ്ങുമെന്ന്‌ കെഎസ്‌യുഎം സിഇഒ_ജോൺ എം തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കറിലാണ് ടെക്നോളജി ഇന്നൊവേഷൻ സോൺ. സംരംഭകരുടെ സുസ്ഥിര വളർച്ചയും ആശയം മുതൽ ഉൽപ്പന്നത്തിന്റെ വിപണനംവരെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം._2.3 ലക്ഷം ചതുരശ്രയടിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്‌ കോംപ്ലക്സ്, ബയോ ടെക്നോളജി ഇൻകുബേഷൻ സെന്റർ എന്നിവയാണ് നിലവിലുള്ളത്‌.

സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങളിലെ ഉൽപ്പന്ന രൂപകൽപ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇത്‌ മാറും. നിർമിതബുദ്ധി ഓഗ്‌മെന്റഡ് റിയാലിറ്റി,_ഇന്റർനെറ്റ് ഓഫ് തിങ്സ്, ലാംഗ്വേജ് പ്രോസസിങ്‌ സാങ്കേതികവിദ്യകളിലൂടെയാണ്‌ പ്രവർത്തനം. 2,500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രതിബന്ധങ്ങൾ ഡിജിറ്റൽ ഹബ്ബിന്റെ വരവോടെ ഇല്ലാതാകും. ഡിസൈനർമാർക്കും പുതിയ പ്രതിഭകൾക്കും കൂടുതൽ അവസരങ്ങളും ലഭിക്കും. ശനിയാഴ്‌ച പകൽ 11.15ന് ഉദ്ഘാടനചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top