27 April Saturday

സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ പ്രസിഡന്റും സെക്രട്ടറിയും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

തൃശൂർ > കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദനും സെക്രട്ടറി സി പി അബൂബക്കറും അറിയിച്ചു. മലയാളസാഹിത്യചരിത്രം പുസ്‌തകപരമ്പര, ശരിയായ രീതിശാസ്ത്രവും പിന്തുടരാതെയും, ഗവേഷണത്തിന്റെ പിൻബലമില്ലാതെയുമുള്ള പദ്ധതിയാണ്‌. എഴുത്തുകാരെക്കുറിച്ചുള്ള പ്രതിപാദനങ്ങളിൽ അനുപാതവും സൂക്ഷ്‌മതയും പുലർത്തിയില്ല. അക്കാദമിയിൽനിന്ന് വായനക്കാർ പ്രതീക്ഷിക്കുന്ന ആധികാരികതയില്ലാത്ത പദ്ധതിയായിരുന്നു.

2011 -16 കാലത്തെ ഭരണസമിതിയായിരുന്നു ഈ പദ്ധതി ആവിഷ്കരിച്ചതും മുന്നോട്ടു കൊണ്ടുപോയതും. പ്രമുഖരായ എഴുത്തുകാരുടെ വിവരങ്ങൾ ഒഴിവാക്കപ്പെട്ടതുൾപ്പെടെ നിരവധി പിഴവുകൾ കണ്ടെത്തി.  തുടർന്ന്‌ 2016-ൽ നിലവിൽവന്ന പുതിയ  ഭരണസമിതി ഈ പുസ്‌തകങ്ങൾ വായനാസമൂഹത്തിന് സമർപ്പിക്കാൻ അർഹമല്ലെന്ന് നിർണ്ണയിക്കുകയും, അവ വിപണിയിൽനിന്ന് പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം വസ്‌തുതകളെ വെളിച്ചത്തുകൊണ്ടുവരികയും പ്രശ്‌നപരിഹാരത്തിന് ഉതകുകയും ചെയ്യുമെങ്കിൽ  അക്കാദമി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.

അതേസമയം  അക്കാദമിയുടെ ഗ്രന്ഥസൂചി പ്രോജക്ടിനെക്കുറിച്ചുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ഇതുവരെ തയ്യാറാക്കിയ ഒമ്പതു വാല്യങ്ങളും കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. തുടർന്നുള്ള വാല്യങ്ങൾ കോഹ സോഫ്റ്റുവെയർ വഴി വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അക്കാദമിയുടെ എല്ലാ പ്രവർത്തനങ്ങളും  സുതാര്യമായാണ് മുന്നോട്ടുപോകുന്നത്. കേരളത്തിലെ പ്രബുദ്ധമായ സാംസ്‌കാരികമണ്ഡലത്തോടും പൊതുസമൂഹത്തോടും നൂറു ശതമാനം കൂറും സത്യസന്ധതയും പുലർത്തുന്നതാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ. അത് അങ്ങനെ തന്നെ തുടരുമെന്നും ഉറപ്പുനൽകുന്നതായും ഭാരവാഹികൾ പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top