24 April Wednesday
കേരളത്തിന്റെ ആവശ്യങ്ങൾ നിരസിച്ചു

കണക്കിന് നൽകുന്നെന്ന്‌ കേന്ദ്രം

ജി രാജേഷ്‌കുമാർUpdated: Tuesday May 30, 2023

തിരുവനന്തപുരം> സംസ്ഥാനങ്ങൾക്ക്‌ മതിയായ തോതിൽ വരുമാനം ഉറപ്പാക്കുന്നുണ്ടെന്ന്‌ കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ജിഎസ്‌ടി വരുമാനത്തിന്റെ പങ്കിടൽ അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക്‌ അനുകൂലമായ തീരുമാനമുണ്ടാകണമെന്നുകാട്ടി ധനമന്ത്രി കെ എൻ ബാലഗോപാൽ അയച്ച കത്തിന്റെ മറുപടിയിലാണ്‌ തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിരത്തുന്നത്‌. കേന്ദ്ര ധനസഹമന്ത്രി പങ്കജ്‌ ചൗധരി അയച്ച മറുപടിയിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളെല്ലാം നിരസിച്ചു. ജിഎസ്‌ടിയുടെ എഴുപത്‌ ശതമാനംവരെ സംസ്ഥാനങ്ങൾക്ക്‌ ലഭ്യമാക്കുന്നുവെന്നാണ്‌ കേന്ദ്ര നിലപാട്‌.

ജിഎസ്‌ടിയിൽ സുസ്ഥിര വളർച്ച നിരക്കുണ്ടെന്നും കഴിഞ്ഞ സാമ്പത്തികവർഷം മൊത്തം ജിഎസ്‌ടിയിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നുമാണ്‌ അവകാശവാദം. ജിഎസ്‌ടി നഷ്ടപരിഹാര സംവിധാനം നീട്ടേണ്ടതില്ലെന്നും കേന്ദ്രം പറഞ്ഞു. ജിഎസ്‌ടി പങ്കുവയ്‌ക്കൽ അനുപാതം നിലവിലെ 50:50 എന്നത്‌ സംസ്ഥാനങ്ങൾക്ക്‌ 60, കേന്ദ്രത്തിന്‌ നാൽപ്പത്‌ എന്നതിലേക്ക്‌ മാറണമെന്ന കേരളത്തിന്റെ ആവശ്യവും നിരസിച്ചു. അന്തർ സംസ്ഥാന ചരക്കുനീക്കത്തിന്റെ ഭാഗമായി ലഭിക്കുന്ന ഐജിഎസ്‌ടി കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിഭജിക്കുന്നതിനാൽ അനുപാതമാറ്റമാകില്ലെന്നാണ്‌ മറുപടി. കേന്ദ്ര ജിഎസ്‌ടിയുടെ 42 ശതമാനം ധനകമീഷൻ ശുപാർശയിൽ സംസ്ഥാനങ്ങൾക്കായി വിഭജിക്കുന്നുണ്ടെന്നും വിവരിക്കുന്നു. കേന്ദ്ര സെസും സർചാർജും അസാധാരണമായി ഉയർത്തുന്ന നടിപടിയും ന്യായീകരിച്ചു. സെസായി പിരിക്കുന്ന തുക കേന്ദ്രാവിഷ്‌കൃത പദ്ധതികൾവഴി സംസ്ഥാനങ്ങളുടെ വികസനത്തിന്‌ നൽകുന്നുവെന്ന വിചിത്ര വാദവുമുയർത്തി.

ആറുവർഷംമുമ്പ്‌ കേന്ദ്രത്തിന്റെ ആകെ റവന്യു വരവിൽ 12 ശതമാനമായിരുന്നു സെസും സർചാർജും. നടപ്പുവർഷം ഇത്‌ 22 ശതമാനമാണ്‌. കേരളം കൊടുക്കുന്ന ഒരുരൂപ കേന്ദ്ര നികുതിയിൽ തിരികെ കിട്ടുന്നത് 57 പൈസമാത്രം. ഉത്തർപ്രദേശിന് 2.73 രൂപ തിരികെ ലഭിക്കുന്നു. ഇപ്പോഴത്തെ ധനകമീഷൻ സംസ്ഥാനങ്ങൾക്കാകെ അഞ്ചുകൊല്ലത്തിൽ വീതിച്ചു നൽകുന്ന നികുതിവിഹിതം 42,24,760 കോടി രൂപയാണ്. ഇതിൽ കേരളത്തിനു കിട്ടുന്നത് 81,326 കോടി രൂപ മാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top