19 April Friday

കടം പെരുകുകയല്ല കുറയുന്നു

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

തിരുവനന്തപുരം> സംസ്ഥാനം കടമെടുത്ത്‌ ധൂർത്തടിക്കുന്നുവെന്ന വാദം അസംബന്ധം. ധന ഉത്തരവാദിത്വ നിയമപ്രകാരം അനുവദനീയ പരിധിയിലും താഴേയ്‌ക്കാണ്‌ കേരളത്തിന്റെ കടം പോകുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം മൂന്നര ശതമാനം വായ്‌പ എടുക്കാൻ അനുമതി അറിയിച്ച കേന്ദ്രം സമ്മതം നൽകിയത്‌  2.2 ശതമാനത്തിനുമാത്രം. ഇതിലൂടെ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കുള്ള 14,000 കോടി രൂപ വെട്ടി.

കോവിഡ്‌ പ്രതിസന്ധി രൂക്ഷമായ 2020നുശേഷം സംസ്ഥാനം തനത്‌ വരുമാനം ഉയർത്തിയും കടമെടുപ്പ്‌ കുറച്ചും ധനദൃഢീകരണ പാതയിലാണ്‌. 2021ൽ 29,032 കോടി വായ്‌പ എടുത്തപ്പോൾ 22ൽ ആകെ കടമെടുത്തത്‌ 22,672 കോടി രൂപയാണ്‌. ട്രഷറി നിക്ഷേപമായി ലഭിക്കുന്ന പബ്ലിക്‌ അക്കൗണ്ടിൽ 2021ൽ 16,926 കോടി രൂപ ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞവർഷം 6240 കോടിയായി താഴ്‌ന്നു. സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയരുന്നതിനൊപ്പം വായ്‌പ കുറയുന്നു.

ഈവർഷം ബജറ്റിലെ ധനകമ്മി 39,662 കോടി രൂപയാണ്‌. കടപത്രത്തിലൂടെയുള്ള വായ്‌പ, നബാർഡ് ഉൾപ്പെടെ ധനസ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പ, ട്രഷറി നിക്ഷേപവും മറ്റുംചേരുന്ന പൊതുകണക്ക് എന്നിവയിലൂടെയാണ്‌ ഈ തുക കണ്ടെത്തുന്നത്‌. എന്നാൽ, വിപണിവായ്‌പയിൽനിന്ന്‌ 18,030 കോടി രൂപ വെട്ടിക്കുറച്ചതോടെ ധനകമ്മി പരിഹരിക്കാൻ ബദൽമാർഗം ഇല്ലാതാകും. സംസ്ഥാനത്തിന്റെ ബജറ്റ്‌ ലക്ഷ്യങ്ങൾ പ്രതിസന്ധിയിലാകും. ക്ഷേമ, വികസന പ്രവർത്തനങ്ങൾ ദുഷ്‌കരമാകും.
കേരളത്തിന്റെ ധനകമ്മി മൂന്നുശതമാനത്തിനുള്ളിലാക്കാൻ വാശിപിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ധനകമ്മി 6.7 ശതമാനമാണ്. ആകെ കടം 82.8 ശതമാനവും. കേരളത്തിന്റെ ആകെ കടം 36 ശതമാനവും.

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് 1,39,360 കോടിയും റവന്യുവരുമാനം 1,32,536 കോടിയുമായിരുന്നു. വ്യത്യാസം 6824 കോടിയും. ഇത്‌ സംസ്ഥാന ആഭ്യന്തര മൊത്തവരുമാനമായ 10,17,872 കോടി രൂപയുടെ 0.67 ശതമാനവും. ഇതാണ് അക്കൗണ്ടന്റ്‌ ജനറലിന്റെ  കണക്കുകൾ വ്യക്തമാക്കുന്ന സംസ്ഥാനത്തിന്റെ കഴിഞ്ഞവർഷത്തെ റവന്യുകമ്മി. തൻവർഷം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയ, ഫലത്തിൽ മൂലധനച്ചെലവായ 11,283 കോടിയും റവന്യുച്ചെലവിലാണ്‌ ഉൾപ്പെടുത്തിയത്‌. ഈ വസ്‌തുതയെല്ലാം മറച്ചാണ്‌ കടം വാങ്ങി റവന്യുചെലവുചെയ്യുന്ന സംസ്ഥാനമെന്ന്‌ കേരളത്തെ ആക്ഷേപിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top