28 March Thursday

കേരളത്തിന്റെ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക്‌ മാതൃക: ഉപരാഷ്ട്രപതി

പ്രത്യേക ലേഖകൻUpdated: Tuesday Jan 4, 2022

ഫയൽ ചിത്രം

കോട്ടയം > വിദ്യാഭ്യാസം, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം ചരമവാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാഹോദര്യവും മതസൗഹാർദവും നിലനിർത്തുന്നതിൽ ചാവറയച്ചന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. ചാവറയച്ചന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഊർജം ഉൾക്കാണ്ട്‌ കേരളം വിപ്ലവകരമായ മാതൃക തീർത്തു. ഇത്‌ പിന്തുടർന്നാല്‍ എല്ലാ സംസ്ഥാനങ്ങൾക്കും പുരോഗതി കൈവരിക്കാനാകും.

എല്ലാ വിഭാഗത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിച്ചയാളാണ് ചാവറയച്ചൻ. മതങ്ങൾ തമ്മിൽ അകൽച്ചയോ തർക്കമോ പാടില്ല. മറ്റൊരു മതത്തിനുമേലുള്ള കുറ്റകൃത്യം രാജ്യത്തിന്‌ നേരെയുള്ള കുറ്റകൃത്യമായി കാണണം. ഒരു മതവും മറ്റൊന്നിൽനിന്ന്‌ ഉന്നതമല്ല എന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം വികസന പാതയിൽ പ്രധാനമാണ്‌. ചാവറയച്ചന് ആധ്യാത്മികത എന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുമായി യോജിച്ച്‌ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒന്നായിരുന്നു. കേരളത്തിലെ ആദ്യത്തെ സർക്കാരിതര അച്ചടിശാലയായ സെന്റ് ജോസഫ്‌സ് പ്രസ് ഇതിന്റെ മികച്ച ഉദാഹരണമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ചടങ്ങില്‍ അധ്യക്ഷനായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top