03 July Thursday
മോദി അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന കേന്ദ്ര നികുതിയേക്കാൾ പെട്രോളിന്‌ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതൽ

ഇന്ധന നികുതി കേരളം കുറച്ചതുതന്നെ ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


തിരുവനന്തപുരം
വിലക്കയറ്റവും ജനരോഷവും രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കുറച്ചപ്പോൾ സംസ്ഥാന സർക്കാരും ആനുപാതികമായി നികുതി കുറച്ചതുതന്നെ. കേന്ദ്രം പെട്രോളിന്‌ എട്ടു രൂപയും ഡീസലിന്‌ ആറു രൂപയും കുറച്ചപ്പോൾ സംസ്ഥാനം ആനുപാതികമായി 2.41 രൂപയും 1.36 രൂപയുമാണ്‌ കുറച്ചത്‌. ഇതോടെ കേരളത്തിൽ പെട്രോളിന്‌ 10.41 രൂപയും ഡീസലിന്‌ 7. 36 രൂപയും കുറഞ്ഞു.  

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ നിരന്തരം വർധിപ്പിച്ചതിൽനിന്നാണ്‌ നിൽക്കക്കള്ളിയില്ലാതെ നാമമാത്ര കുറവ്‌ വരുത്തിയത്‌. കഴിഞ്ഞ മാർച്ച്‌, മെയ്‌ മാസങ്ങളിൽ പെട്രോളിന്‌ 13.32 രൂപയും ഡീസലിന്‌ 17.97 രൂപയും കേന്ദ്രം വർധിപ്പിച്ചു. ആ തുകപോലും കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

ശനിയാഴ്‌ച നൽകിയ ഇളവിനുശേഷവും മോദി അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന കേന്ദ്ര നികുതിയേക്കാൾ പെട്രോളിന്‌ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും  കൂടുതലാണ്‌. 2014ൽ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി. കേന്ദ്രം 2021 നവംബർ നാലിന്‌ ഡീസലിന് നികുതി 10 രൂപയും പെട്രോളിന് അഞ്ചുരൂപയും  കുറച്ചപ്പോൾ കേരളം ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയും കുറച്ചു. ഇതിൽ 2.30 രൂപ ഡീസലിനും 1.56 രൂപ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയാണ്‌.

2021 നവംബറിനുശേഷം കേരളം പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും കുറച്ചിട്ടുമുണ്ട്‌. ഇത്‌ ആനുപാതിക കുറവാണെന്ന്‌ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌.

6 വർഷമായി നികുതി
കൂട്ടാതെ സംസ്ഥാനം
എൽഡിഎഫ്‌ സർക്കാർ 2016ൽ അധികാരമേറ്റശേഷം ഇതുവരെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. 2018 ജൂണിലാകട്ടെ പെട്രോളിന്റെ നികുതി നിരക്ക് 31.8ൽനിന്ന്‌ 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 24.52ൽനിന്ന്‌ 22.76 ശതമാനമായും കുറച്ചിട്ടുമുണ്ട്‌.

കോവിഡ് കാലത്ത്‌ ഉത്തർപ്രദേശ്‌, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടക, അസം മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ നികുതി വർധിപ്പിക്കാതിരുന്ന ചുരുക്കം സംസ്ഥാനത്തിൽ ഒന്നാണ് കേരളം. അസം ഈ കാലത്ത്‌ പെട്രോളിന്‌ അഞ്ചു ശതമാനവും ഡീസലിന് ഏഴു ശതമാനവുമാണ് വർധിപ്പിച്ചത്‌. ഗോവ 10ഉം ഏഴും ശതമാനവും കർണാടക, അഞ്ചു ശതമാനം വീതവും മണിപ്പുർ 15ഉം 12ഉം ശതമാനവും ത്രിപുര എട്ടും ആറുശതമാനവുമാണ്‌ നികുതി കൂട്ടിയത്‌.

ഉമ്മൻചാണ്ടി കൂട്ടിയത്‌
13 തവണ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണ സംസ്ഥാനത്ത്‌ ഇന്ധന നികുതി വർധിപ്പിച്ചുവെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2014 സെപ്തംബറിൽ 99.96 ഡോളർ, ഒക്ടോബറിൽ 86.83 ഡോളർ, നവംബറിൽ 77.58 ഡോളർ, ഡിസംബറിൽ 61.21 ഡോളർ, 2015 ജനുവരിയിൽ 46.59 ഡോളർ എന്നിങ്ങനെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു  ക്രൂഡോയിൽ വില. എന്നാൽ ഈ ആനുകൂല്യം നൽകുന്നതിന് പകരം കേന്ദ്രസർക്കാരിനൊപ്പം  13 തവണയാണ്‌ ഉമ്മൻചാണ്ടി  ഇന്ധനനികുതി വർധിപ്പിച്ചത്.
 2015 ഫെബ്രുവരി മുതൽ വീണ്ടും ക്രൂഡോയിൽ വില വർധിക്കാൻ തുടങ്ങി.  അപ്പോഴും കൂട്ടിയ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയില്ല– മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രം കൊള്ളയടിച്ചത്‌ 
26.51 ലക്ഷം കോടി
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്രതീരുവ കുറച്ചെന്ന പേരിൽ ഊറ്റം കൊള്ളുന്ന കേന്ദ്ര സർക്കാർ എട്ട്‌ വർഷത്തിനിടെ പെട്രോളിയം മേഖലയിൽനിന്നുള്ള കേന്ദ്രതീരുവ വഴി സമാഹരിച്ചത്‌ 26 ലക്ഷം കോടിയിലേറെ രൂപ. പെട്രോൾ, ഡീസൽ തീരുവയാണ്‌ ഇതിൽ സിംഹഭാഗവും. എട്ട്‌ വർഷത്തിനിടെ 18.23 ലക്ഷംകോടിയാണ്‌ ഈ ഇനത്തിൽ കേന്ദ്രസർക്കാർ പിരിച്ചെടുത്തതെന്ന്‌ പെട്രോളിയം പ്ലാനിങ് ആൻഡ്‌ അനാലിസിസ്‌ സെൽ(പിപിഎസി) കണക്ക്‌ വ്യക്തമാക്കുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ 2014–-2015ൽ 0.99 ലക്ഷം കോടിയായിരുന്നു പെട്രോളിയം മേഖലയിൽനിന്നുള്ള എക്‌സൈസ്‌ തീരുവ. ഇത്‌ 

2016–-2017ൽ 2.43ലക്ഷം കോടിയായി. എന്നാൽ, കോവിഡ്‌ പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിഞ്ഞ 2020–-2021ൽ തീരുവ 3.73 ലക്ഷം കോടിയായി കുതിച്ചുയർന്നു. 2020–-2021ൽ കേന്ദ്രം സമാഹരിച്ച എക്‌സൈ്‌ തീരുവ സംസ്ഥാനങ്ങളുടെ മൊത്തം വാറ്റ്‌ / സെയിൽസ്‌ ടാക്‌സിനേക്കാൾ 1.8 മടങ്ങ്‌ അധികമായിരുന്നു.

പെട്രോൾ മേഖലയെ കറവപ്പശുവായി കണക്കാക്കുന്ന സർക്കാർ നിലപാടാണ്‌ ജനജീവിതം പ്രതിസന്ധിയിലാക്കിയതെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ കണക്ക്‌. ഇത്‌ മറച്ച്‌വച്ച്‌ പെട്രോൾ, ഡീസൽ വില വർധനയുടെ മുഴുവൻ ഉത്തരവാദിത്വവും സംസ്ഥാനസർക്കാരുകളിൽ അടിച്ചേൽപ്പിക്കാനാണ്‌ കേന്ദ്ര നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top