25 April Thursday
ജോലി പരിത്യാഗം നടപടി കൂടുതൽ ആധികാരികമാക്കും

വ്യാജ സമ്മതപത്രം തടസ്സമാകില്ല ; ശ്രീജയ്ക്ക്‌ പിഎസ്‌സി ജോലി നൽകും

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

തിരുവനന്തപുരം
വ്യാജ സമ്മതപത്രം കാരണം അർഹതപ്പെട്ട സർക്കാർ ജോലി നഷ്ടമായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ്‌ ശ്രീജയ്ക്ക്‌ ആശ്വാസമായി പിഎസ്‌സി തീരുമാനം. സിവിൽ സപ്ലൈസ്‌ കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്‌തികയിലേക്കുള്ള നിയമന ശുപാർശ ഉടൻ ശ്രീജയ്ക്ക്‌ നൽകാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. റാങ്ക് പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ച്‌ ശ്രീജയുടെ പേരിൽ വ്യാജ സത്യവാങ്മൂലം നൽകിയത്‌ കൊല്ലം സ്വദേശിയാണ്‌. ഇരുവരുടെയും പേര്‌, ഇനിഷ്യൽ, ജനനത്തീയതി എന്നിവ ഒന്നാണ്‌. നിലവിൽ എൽഡി ക്ലർക്കായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്‌തികയിലേക്കുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവർ നൽകിയ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടായേക്കും.

ജോലി പരിത്യാഗം നടപടി കൂടുതൽ ആധികാരികമാക്കും
ജോലി പരിത്യാഗത്തിനുള്ള നടപടിക്രമം കൂടുതൽ ആധികാരികവും വിശ്വസനീയവുമാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ പിഎസ്‌സി അറിയിച്ചു. നേരത്തേ  വെള്ളക്കടലാസിൽ സ്വയം സത്യപ്രസ്താവന തയ്യാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ മതിയായിരുന്നു.  കൂടുതൽ വിശ്വസനീയമാക്കാൻ പിന്നീടാണ്‌ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ  ഏർപ്പെടുത്തിയത്. റാങ്ക് ഹോൾഡേഴ്സ് എന്ന പേരിൽ ചിലരെങ്കിലും ഈ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നത്  ഗൗരവമുള്ള വിഷയമാണെന്നും പിഎസ്‌സി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top