10 December Sunday
പി‍എസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം

പിഎസ്‍സിയെ തകർക്കാൻ 
ആസൂത്രിത ശ്രമം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


തിരുവനന്തപുരം
രാജ്യത്തിനു മാതൃകയായ കേരള പിഎസ്‍സിയെ താറടിച്ചുകാണിക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി‍എസ്‍സി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽപ്പോലും പിഎസ്‍സിയുടെ പ്രവർത്തനം ദുർബലമാണ്. പല സംസ്ഥാനങ്ങളിലും പിഎസ്‍സിയെ നോക്കുകുത്തിയാക്കി. സമാന്തര ഏജൻസികളാണ് സംവരണംപോലും അട്ടിമറിച്ച് ഈ സംസ്ഥാനങ്ങളിൽ നിയമനം നടത്തുന്നത്.

കേന്ദ്ര സർവീസിലും പൊതുമേഖലയിലുമായി 10 ലക്ഷം ഒഴിവുകളാണ് നികത്താതെയുള്ളത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് കസേരകൾ ഒഴിഞ്ഞുകിടക്കുമ്പോൾ അതിനെയെല്ലാം മറച്ചുവച്ച് റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തിയ നാമമാത്ര നിയമനങ്ങൾ പെരുപ്പിച്ചുകാട്ടുകയാണ് കേന്ദ്രം.  കേരളത്തിൽ പിഎസ്‍സി വഴി പ്രതിവർഷം ശരാശരി മുപ്പത്തിരണ്ടായിരം പേർക്ക് നിയമനം നൽകുന്നു. ഇടതുപക്ഷ സർക്കാരിന്റെ ഏഴര വർഷക്കാലത്ത് 2,20,456 പേർക്ക് നിയമന ശുപാർശകൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ,  ജില്ലാ സെക്രട്ടറി വി ജോയി, വി കെ പ്രശാന്ത് എംഎൽഎ, എം എ അജിത് കുമാർ, എൻ ടി ശിവരാജൻ, പി കെ മുരളീധരൻ, ഡോ. എസ് ആർ മോഹനചന്ദ്രൻ,  കെ എൻ അശോക് കുമാർ, ഹരിലാൽ,  ടി സുബ്രഹ്മണ്യൻ, പി സതികുമാർ, കെ ബിജുകുമാർ,  എസ് ജയകുമാർ,  ബി ജയകുമാർ, കെ വി സുനുകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top