27 January Friday

പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്: വി ഡി സതീശന് മറുപടിയുമായി കേരള പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

തിരുവനന്തപുരം> പ്രവാസികൾക്കായി കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ ഷാർജയിൽ നിന്നുള്ള പ്രസ്‌താവന അവാസ്തവമാണെന്ന് കേരള പ്രവാസി സംഘം. ഇന്ത്യയിൽ പ്രവാസി ക്ഷേമ പദ്ധതികൾ  നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അദ്ദേഹം കണ്ണടച്ച് ഇരുട്ടാണെന്ന് വരുത്താൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

കഴിഞ്ഞ എട്ടു വർഷത്തോളമായി കേന്ദ്ര സർക്കാർ പ്രവാസിക്ഷേമ വകുപ്പ് പിരിച്ചു വിട്ടിട്ട്. അതെ കുറിച്ച് ഈ നിമിഷം വരെ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോൾ കേരളത്തെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് തിരിച്ചു വന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകിയ ഏക സംസ്ഥാന സർക്കാർ കേരളത്തിലേതാണെന്ന് പ്രതിപക്ഷ നേതാവ് അറിയണം. അയ്യായിരം രൂപ വീതം ഒരു ലക്ഷത്തോളം പേർക്ക് സഹായം നൽകി. കോൺഗ്രസോ ബിജെപിയോ ഭരിക്കുന്ന ഒരു സംസ്ഥാന സർക്കാരും പ്രവാസികൾക്ക് കോവിഡ് കാല സഹായം നൽകിയിട്ടില്ല.

കഴിഞ്ഞ ആറ് വർഷം കൊണ്ട് 21,987 പ്രവാസികൾക്ക് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാ- മരണാനന്തര സഹായങ്ങൾ കേരളം നൽകി.133 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ 'എൻഡിപിആർഇഎം ' പ്രകാരം 4860 സംരഭങ്ങൾ  ആരംഭിക്കാൻ കഴിഞ്ഞു. 84.40കോടി രൂപയുടെ മൂലധന സബ്സിഡി ഇതിനായി അനുവദിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസി ഭദ്രത എന്ന പദ്ധതി തുടങ്ങി.5010 സംരംഭങ്ങൾ ആരംഭിച്ചു. 90.41കോടി രൂപയാണ് സർക്കാർ ഇതിനായി വിനിയോഗിച്ചത്. പ്രവാസി നിയമസഹായ സെൽ ,എമർജെൻസി  ആംബുലൻസ് സർവ്വീസ് തുടങ്ങിയ നിരവധി സഹായ പദ്ധതികൾ  ആരംഭിച്ചത് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്. 2011മുതൽ 2016വരെ യുഡിഎഫ് ഭരണഘട്ടത്തിൽ പ്രവാസി  പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ഞൂറു രൂപയായിരുന്ന പ്രവാസി പെൻഷൻ അഞ്ചിരട്ടി വർദ്ധിപ്പിച്ച  സംസ്ഥാന സർക്കാരിനെയാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. തങ്ങളുടെ കാലത്ത് പ്രവാസികളെ സമ്പൂർണ്ണഭായി തഴഞ്ഞ സതീശൻറെ പാർട്ടിയുടെ നിലപാടിൽ അദ്ദേഹം പാശ്ചാത്തപിക്കുന്നുവെങ്കിൽ അതാണദ്ദേഹം വ്യക്തമാക്കേണ്ടത്. വിമാനക്കൂലി വർദ്ധനവിൻറെ കാര്യത്തിലും പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വിചിത്രമാണ്.

കോൺഗസ് കേന്ദ്രം ഭരിക്കുമ്പോഴാണ് ഫെസ്റ്റിവൽ സീസണിൽ ഇഷ്ടംപോലെ വിലകൂട്ടാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയത്. അതിപ്പോഴും തുടരുകയാണ്. ആകാശക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് എങ്ങിനെയാണ് ഒഴിഞ്ഞു മാറാനാവുകയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് സംസ്ഥാനത്തിൻറെ മാത്രം ബാദ്ധ്യതയല്ല. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമായിട്ടും  കേന്ദ്ര സർക്കാർ പ്രവാസികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുകയാണ്. ഇതെ കുറിച്ച് വിഡി സതീശൻ അഭിപ്രായമൊന്നും പ്രകടിപ്പിക്കാത്തും  അത്ഭുതകരമാണ്. കേരളത്തിൽ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top