20 April Saturday

മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി അമ്മയ്‌ക്ക്‌ നൽകി ; പൊലീസിന്‌ സല്യൂട്ടടിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് കാണാതായ കുട്ടിയെ പൊലീസ്‌ കണ്ടെത്തി അമ്മ അശ്വതിയെ ഏൽപ്പിച്ചപ്പോൾ


കോട്ടയം
ജനക്കൂട്ടത്തിനിടയിലൂടെ ആ പിഞ്ചോമനയെ വാരിപ്പിടിച്ച്‌ പൊലീസുകാരൻ അമ്മയ്‌ക്കരികിലേക്ക്‌ ഓടി. ആശ്വാസത്തിന്റെയും ആവേശത്തിന്റെയും ഉച്ചസ്ഥായിയിൽ ചിലർ സല്യൂട്ടടിച്ചു, ചിലർ ഹർഷാരവം മുഴക്കി. പാതി ജീവൻ നിലച്ചുനിന്ന ആ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയതും എല്ലാവരും വിതുമ്പി. ആശ്വാസത്തിന്റെ ആനന്ദക്കണ്ണീർ. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ്‌ വ്യാഴാഴ്‌ച നാടകീയ സംഭവം അരങ്ങേറിയത്‌. വണ്ടിപ്പെരിയാർ വലിയത്തറയിൽ ശ്രീജിത്ത്‌–- അശ്വതി(22) ദമ്പതികളുടെ രണ്ടു ദിവസമായ പെൺകുഞ്ഞിനെ നേഴ്‌സിന്റെ വേഷത്തിലെത്തിയ സ്‌ത്രീയാണ്‌ തട്ടിക്കൊണ്ടുപോയത്‌. പകൽ 3.20നായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ്‌ മിനിറ്റുകൾക്കുള്ളിൽ സമീപത്തെ ഹോട്ടലിൽനിന്ന്‌ കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത തിരുവല്ല പല്ലാടത്തിൽ സുധീഭവനത്തിൽ ആർ നീതുരാജിനെ പിടികൂടി.  . തട്ടിക്കൊണ്ടുപോകലിന്‌ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ്‌  അന്വേഷിക്കുന്നുണ്ടെന്ന്‌ ഡിവൈഎസ്‌പി സന്തോഷ്‌ കുമാർ പറഞ്ഞു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവിവരമറിഞ്ഞ്‌ മന്ത്രി വി എൻ വാസവൻ ആശുപത്രിയിലെത്തി.

നീതു എത്തിയത്‌ നഴ്‌സിന്റെ വേഷത്തിൽ
നിറവ്യത്യാസമുള്ളതിനാൽ പരിശോധിക്കണമെന്നും പറഞ്ഞാണ്‌ നഴ്‌സിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരി  ഗൈനക്കോളജി ജനറൽ വാർഡിൽ നിന്നും കുഞ്ഞിനെ കടത്തിയത്‌. കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനാൽ അമ്മയും ബന്ധുക്കളും അധികൃതരോട്‌ തിരക്കി. അപ്പോഴാണ്‌ തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്‌. ഉടൻ പൊലീസിനെ വിവരമറിയിച്ചു. കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ  വൻ പൊലീസ്‌ സംഘം ആശുപത്രിയിലും സമീപത്തും തിരച്ചിൽ നടത്തി. ഇതിനിടെ ആശുപത്രിക്ക്‌ സമീപമുള്ള  ഹോട്ടലിന്റെ ഉടമ സാബു കുഞ്ഞിനെ കണ്ടതായുള്ള വിവരം കൈമാറി.

പാഞ്ഞെത്തിയ പൊലീസ്‌ സംഘം സ്‌ത്രീയെ പിടികൂടി കുഞ്ഞിനെ  രക്ഷിക്കുകയായിരുന്നു. നീതുരാജ്‌ ഐടി ജീവനക്കാരിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവർക്കൊപ്പം ഏഴു വയസുള്ള മകനും ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിനിയായ ഇവർ കളമശ്ശേരിയിൽ ഒരു ഫ്‌ളാറ്റിലാണ്‌ താമസിക്കുന്നത്‌. രണ്ടു ദിവസമായി സ്‌ത്രീ ആശുപത്രിയിൽ ഉണ്ടായിരുന്നതായി കൂട്ടിരിപ്പുകാർ പറഞ്ഞു.

ഒരാൾ കൂടി കസ്‌റ്റഡിയിൽ
കുഞ്ഞിനെ തട്ടിയെടുത്തത്‌ 
സുഹൃത്തിനൊപ്പം ജീവിക്കാനോ?
കോട്ടയം
മെഡിക്കൽ കോളേജിൽ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്‌ നീതുരാജിന്റെ ജീവിതം സുരക്ഷിതമാക്കാനോ? തന്റെ  ആൺസുഹൃത്തിനെ തന്നോട്‌ ഒപ്പം നിർത്താനും അയാളിൽ തനിക്കുണ്ടായതാണ്‌ കുഞ്ഞെന്നും  ബോധ്യപ്പെടുത്താനുമാണ്‌ ജനിച്ച്‌ 24 മണിക്കൂർ കഴിയും മുമ്പുള്ള കുഞ്ഞിനെ തട്ടിയെടുത്തത്‌. നീതുവിന്റെ  കളമശേരിയിലുള്ള സുഹൃത്ത്‌ ഇബ്രാഹിം ബാദുഷ എന്നൊരാളും പൊലീസ്‌ കസ്‌റ്റഡിയിലുണ്ട്‌. ഇയാളെ രാത്രി വൈകിയും ചോദ്യംചെയ്യുകയാണ്‌. നീതുവിന്റെ  അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. മുൻ ഐടി ജീവനക്കാരിയായ നീതു ഇപ്പോൾ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിലാണ്‌. സുഹൃത്തും ഒപ്പം ജോലി നോക്കുന്നയാളാണ്‌. നീതുവിന്‌ ആറുവയസ്സുള്ള ആൺകുഞ്ഞുണ്ട്‌.

ഭർത്താവ്‌ വിദേശത്താണ്‌. സുഹൃത്തുമായി ഒരുമിച്ച്‌ ജീവിക്കാനാണ്‌ താൻ ഇത്‌ ചെയ്‌തതെന്നാണ്‌ ചോദ്യംചെയ്യലിൽ നീതു പൊലീസിനോട്‌ പറഞ്ഞത്‌. എന്നാൽ നീതു പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണമായും പൊലീസ്‌  വിശ്വാസത്തിലെടുത്തിട്ടില്ല. സുഹൃത്തിനെയും ഒപ്പമിരുത്തി കൂടുതൽ ചോദ്യംചെയ്‌താലേ കാര്യങ്ങളുടെ ചുരുളഴിയൂ. ചോദ്യംചെയ്യലിൽ ആദ്യം പരസ്‌പര വിരുദ്ധമായി സംസാരിച്ചെങ്കിലും എസ്‌പിയും ഡിവൈഎസ്‌പിയും ചേർന്ന്‌ നടത്തിയ ചോദ്യംചെയ്യലിലാണ്‌ ഇക്കാര്യങ്ങൾ തുറന്നുപറ
ഞ്ഞത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top