തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ കേരള പൊലീസ് നേട്ടങ്ങളുടെ നെറുകയിൽ. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കുറ്റകൃത്യം ഗണ്യമായി കുറഞ്ഞെന്ന് കണക്ക് സൂചിപ്പിക്കുന്നു. 2016ൽ 2.6 ലക്ഷം കുറ്റകൃത്യം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 2.37 ലക്ഷമായി കുറഞ്ഞു. സ്പെഷ്യൽ ലോക്കൽ നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യം ഇക്കാലയളവിൽ 4.47 ലക്ഷത്തിൽനിന്ന് 2.17 ലക്ഷത്തിലേക്ക് താഴ്‌ന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്.
സ്ത്രീസുരക്ഷ മുൻനിർത്തി വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിൻ, അപരാജിത, പിങ്ക് പൊലീസ്, നിഴൽ, വനിതാ സ്വയംപ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. ഉത്ര വധക്കേസ്, ഷാരോൺ വധക്കേസ്, ഇലന്തൂരിലെ നരബലി, എലത്തൂർ തീവയ്‌പ് തുടങ്ങി ഏതു കേസിലും പൊലീസിന്റെ അന്വേഷണമികവ് കേരളം കാണുകയാണ്. എത്ര സുരക്ഷിതരായി ഒളിച്ചിരുന്നാലും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആശ്രമത്തിന് തീയിട്ട ആർഎസ്‌എസ് നേതാക്കളെ കൽത്തുറുങ്കിലടച്ച് തെളിയിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക കുറ്റങ്ങൾക്കെതിരെയും ശക്തമായ നിലപാടാണ് സർക്കാരിന്. ഇതിനായി പ്രത്യേക വിഭാഗമുണ്ടിപ്പോൾ.
സൈബർ കേസുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം, പൊലീസ് സേനയിൽ ആദ്യമായി വനിതാ എസ്‌ഐമാർക്ക് നേരിട്ട് നിയമനം, ലഹരിയുടെ പിടിത്തത്തിൽനിന്ന് കൗമാരത്തെ പിടിച്ചുയർത്താൻ യോദ്ധാവ് തുടങ്ങിയവ കൊണ്ടുവന്നു. ഇതിനെല്ലാമുള്ള അംഗീകാരമാണ് ദേശീയ, അന്തർദേശീയ തലങ്ങളിലെ പുരസ്കാരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..