26 April Friday

‘ഓപ്പറേഷൻ ആഗ്‌’ ; ഒറ്റ 
രാത്രി ; 2562 ഗുണ്ടകൾ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമർച്ചചെയ്യാൻ സംസ്ഥാന പൊലിസ്‌ ഒറ്റക്കെട്ടായി നീങ്ങിയപ്പോൾ അകത്തായത്‌ 2562 ഗുണ്ടകൾ. ഗുണ്ടാ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമായി ശനിയാഴ്‌ച നടത്തിയ ‘ആഗ്‌’ (ആന്റി സോഷ്യൽ സ്പെഷ്യൽ ഡ്രൈവ്‌)ലാണ്‌ അറസ്‌റ്റ്‌. ഇതിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും കാപ്പ ചുമത്തിയവരുമുണ്ട്‌. ഇവരെ  അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു.  1726 കേസ് രജിസ്റ്റർ ചെയ്തു  834പേർക്ക്‌ വാറന്റ്‌ നൽകി. സംസ്ഥാനത്ത്‌ 4080 ഇടങ്ങളിലായിരുന്നു പരിശോധന.

തിരുവനന്തപുരം സിറ്റി 144,  റൂറൽ 217, കൊല്ലം സിറ്റി 78,  റൂറൽ 110, പത്തനംതിട്ട  32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105,   റൂറൽ 107,  തൃശൂർ സിറ്റി 151, റൂറൽ -  150, പാലക്കാട് -  168, മലപ്പുറം 168, കോഴിക്കോട് സിറ്റി 90,   റൂറൽ -  182, വയനാട് 112, കണ്ണൂർ സിറ്റി 136,   റൂറൽ 135, കാസർകോട്‌ 111 എന്നിങ്ങനെയാണ്‌ അറസ്റ്റിലായവരുടെ കണക്ക്‌.

വാറന്റ്‌ പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽവേണ്ട സാമൂഹ്യ വിരുദ്ധർ, ലഹരി കേസ്‌ പ്രതികൾ എന്നിവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ്‌ ശനിയാഴ്‌ച അർധരാത്രി മുതൽ ‘ഓപ്പറേഷൻ ആഗ്‌’ ആരംഭിച്ചത്‌.

കാപ്പ നിയമപ്രകാരം ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവരെയും വിവിധ കേസുകളിലെ വാറന്റ്‌ പ്രതികളെയും നല്ലനടപ്പിനുള്ള ബോണ്ട്‌ ലംഘിച്ചവരെയുമാണ്‌ റിമാൻഡ്‌ ചെയ്‌തത്‌. അറസ്റ്റിലായവരുടെ വിരലടയാളം, ചിത്രം, വ്യക്തിഗത വിശദാംശങ്ങൾ, ബയോമെട്രിക്‌ വിവരങ്ങൾ എന്നിവ ശേഖരിച്ചു. മൊബൈൽ ഫോണുകളും പരിശോധിച്ചു. കൂടുതൽ അന്വേഷണം നടത്തും. വരും ദിവസങ്ങളിലും ‘ആഗി’ന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഗുണ്ടാപ്രവർത്തനം കർശനമായി നേരിടുമെന്നും പൊലീസ്‌ മേധാവി അനിൽകാന്ത്‌ പറഞ്ഞു.

ജില്ലാ പൊലീസ്‌ 
മേധാവിമാരുടെ യോഗം 13ന്‌
ഗുണ്ടാസംഘങ്ങളെ  അമർച്ച ചെയ്യുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യാനായി 13ന്‌ സംസ്ഥാന പൊലീസ്‌ മേധാവി യോഗം വിളിച്ചു. ജില്ലാ പൊലീസ്‌ മേധാവിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top