26 April Friday

കനത്ത മഴ: ലഹരി വസ്തുക്കളുടെ പരിശോധനയ്ക്കുപോയ പൊലീസ് സംഘം വനത്തിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

പാലക്കാട്‌> ലഹരിവസ്തുക്കൾ പിടികൂടാനുള്ള  പരിശോധനയ്ക്കുപോയ പൊലീസ് സംഘം മലമ്പുഴ വാളയാർ മേഖലയിലെ വനത്തിൽ കുടുങ്ങി. വ്യാഴാഴ്ച രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്നാണ് 14 അം​ഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. പാലക്കാട്‌ നാർകോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് അംഗങ്ങൾ ഉൾപ്പെട്ട ഉദ്യോ​ഗസ്ഥര്‍ വനത്തിലെ പാറപ്പുറത്ത് സുരക്ഷിതമായ സ്ഥലത്താണ് നിലയുറപ്പിച്ചിട്ടുള്ളത്.

ശനി രാവിലെ അഞ്ചരയോടെ വനപാലകർ ഇവരെ പുറത്തെത്തിക്കാന്‍ കാടുകയറും. ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. കനത്ത മഴയെ തുടർന്നാണ്  തിരിച്ചിറങ്ങല്‍ ദൗത്യമുപേക്ഷിച്ചത്. ലഹരി വസ്തുക്കൾ പിടികൂടാൻ തൃശൂർ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന.

വനത്തിൽ കഞ്ചാവ് കൃഷിയുൾപ്പെടെ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലമ്പുഴ വനമേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കഞ്ചിക്കോട് ഇറങ്ങിയ കാട്ടാനക്കൂട്ടം ഈ മേഖലയിലുള്ളതിനാൽ ജാഗ്രതയിലാണ് പൊലീസ് സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top