25 April Thursday

മാധ്യമ സ്ഥാപനങ്ങളിൽ പൊലീസ്‌ നടപടി ആദ്യമല്ല

സ്വന്തം ലേഖകൻUpdated: Tuesday Mar 7, 2023

തിരുവനന്തപുരം> മാധ്യമധർമത്തിന്‌ നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിൽ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന്റെ നിയമ നടപടികൾ നേരിടുന്നത്‌ ആദ്യമെന്ന പ്രചാരണം തെറ്റ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സൂര്യ ടിവിയുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസിൽ പ്രതിയായ ഒരാളാണ്‌ ഇന്ന്‌ മറ്റൊരു ചാനലിന്റെ തലപ്പത്തിരുന്ന്‌ ഇപ്പോഴത്തെ പൊലീസ്‌ നടപടിയെക്കുറിച്ച്‌ ചർച്ച സംഘടിപ്പിക്കുന്നത്‌.

2002ൽ സൂര്യ ടിവിയുടെ അന്നത്തെ ബ്യൂറോ ചീഫിന്റെ നേതൃത്വത്തിലായിരുന്നു വാർത്താനിർമിതി. ഇതിനായി വ്യാജരേഖയും സൃഷ്ടിച്ചു. എ കെ ആന്റണി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെയാണ്‌ ‘എക്സ്ക്ലൂസീവ് വാർത്ത’ സൂര്യ ടിവി അവതരിപ്പിച്ചത്‌.  മന്ത്രിക്ക്‌ 336 കോടി രൂപയുടെ അന്തർ സംസ്ഥാന ഹവാല ഇടപാടുണ്ടെന്നും കള്ളപ്പണ റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും അക്കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്‌ എന്നുമായിരുന്നു വാർത്ത. വിഷയത്തിൽ ഇന്റലിജൻസ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച റിപ്പോർട്ട് എന്ന പേരിലാണ്‌ വ്യാജരേഖ തയ്യാറാക്കി സംപ്രേഷണം ചെയ്‌തത്‌. അന്ന്‌ രണ്ട്‌ ഡിവൈഎസ്‌പിമാരും ഇരുപതിലേറെ പൊലീസുകാരും അടങ്ങിയ സംഘം സൂര്യ ടിവി ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌തു. വ്യാജരേഖാ നിർമിതി കേന്ദ്രമെന്ന നിലയിൽ മറ്റൊരു വാരികയുടെ ഓഫീസും പരിശോധിച്ചു. കംപ്യൂട്ടർ അടക്കമുള്ള സാമഗ്രികളും പിടിച്ചെടുത്തു. രണ്ട്‌ മാധ്യമപ്രവർത്തകരെ അന്ന്‌ അറസ്റ്റുചെയ്‌തു. 

രണ്ടായിരത്തിൽ കല്ലുവാതുക്കൽ മദ്യദുരന്തത്തെത്തുടർന്ന്‌ ഒളിവിൽ പോയ മണിച്ചനുമായുള്ള  രഹസ്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ ഉപയോഗിച്ച കേന്ദ്രമെന്ന നിലയിൽ സായാഹ്നപത്രമായിരുന്ന  ഫ്രീലാൻസിന്റെ ഓഫീസിൽ എത്തിയാണ്‌ പൊലീസ്‌ തെളിവ്‌ ശേഖരിച്ചത്‌.  പ്രതിയെക്കുറിച്ച്‌ ലഭിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കാതെ, അയാൾക്ക്‌ പത്രം ഓഫീസിൽ  താവളം ഒരുക്കിയെന്നായിരുന്നു ആക്ഷേപം.

മംഗളം ചാനലിന്റെ "തേൻകെണി' യുടെ ഭാഗമായും സ്ഥാപനം പൊലീസ്‌ നടപടികൾക്ക്‌ വിധേയമായി.  വാർത്ത ശേഖരിച്ചുവച്ച ടേപ്പിന്റെ പകർപ്പ്‌ കസ്റ്റഡിയിൽ എടുത്തു. കംപ്യൂട്ടർ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു. ചാനൽ മേധാവിയടക്കം മുതിർന്ന മാധ്യമപ്രവർത്തകരെ പൊലീസ്‌ 12 മണിക്കൂർവരെ ചോദ്യംചെയ്‌തു. അറസ്റ്റിലായ നാല്‌ മുതിർന്ന മാധ്യമപ്രവർത്തകരെ കോടതി റിമാൻഡ്‌ ചെയ്‌തു.  

ദുബായിൽനിന്ന്‌ തിരുവനന്തപുരം വിമാനത്താവളംവഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുമായുള്ള ഫോൺ സംഭാഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചാനലിന്റെ തലവനായ മാധ്യമപ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇദ്ദേഹം നേരത്തേ വ്യാജരേഖാ കേസിൽ പ്രതിയായിരുന്നു. അഞ്ചു മണിക്കൂർവരെ ഇയാളെ കസ്റ്റംസ്‌ ചോദ്യംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top