തിരുവനന്തപുരം> നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന തടയാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ 244 പേർ പിടിയിൽ. 246 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
സ്ഥിരം വിൽപ്പനക്കാരുടെ ഡാറ്റാ ബാങ്ക് പൊലീസ് തയ്യാറാക്കിയിരുന്നു. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. 1373 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. പൊലീസ് മേധാവി ഡോ. ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം ക്രമസമാധാനപാലന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് തലത്തിലെ എൻഡിപിഎസ് കോ ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും സംയുക്തമായാണ് ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആന്റി നർക്കോട്ടിക് കൺട്രോൾ റൂമിലെ 9497927797 എന്ന നമ്പറിൽ 24 മണിക്കൂറും അറിയിക്കാം. മയക്കുമരുന്ന് ഇടപാട് നടത്തുന്നവരുടെ വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് വിപുലപ്പെടുത്തി ഓപ്പറേഷൻ ഡി ഹണ്ട് തുടർന്നും നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്‌ഖ് ദർവേഷ് സാഹിബ് പറഞ്ഞു.
22 പേർ അറസ്റ്റിൽ
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത് 22 പേർ അറസ്റ്റിൽ. തിരുവനന്തപുരം സിറ്റിയിൽ 14 പേരും റൂറലിൽ എട്ടുപേരുമാണ് അറസ്റ്റിലായത്. സിറ്റിയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്‌തു. റൂറലിൽ 22.86 ഗ്രാം എംഡിഎംഎയും 4.08 ഗ്രാം ഹാഷിഷ് ഓയിലും 43.20 ഗ്രാം കഞ്ചാവും പിടികൂടി. ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എംഡിഎംഎയുമായി വർക്കല ശ്രീനിവാസപുരം സ്വദേശികളായ വിഷ്ണു, ഷംനാദ്, ഷിബിൻ എന്നിവരെ കല്ലമ്പലം പൊലീസും അഴൂർ സ്വദേശി സുമേഷിനെ ചിറയിൻകീഴ് പൊലീസും 116 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയായ അതിഥി തൊഴിലാളി നരേന്ദ്ര സന്ദാലിനെ മംഗലപുരം പൊലീസും 10.02 ഗ്രാം കഞ്ചാവുമായി കൂനൻവേങ്ങ സ്വദേശി ഷെഹ്നാസിനെ വെഞ്ഞാറമൂട് പൊലീസും 2.32 ഗ്രാം കഞ്ചാവുമായി മംഗലത്തുകോണം സ്വദേശി ബിനോരാജിനെ ബാലരാമപുരം പൊലീസും വെട്ടിയറ സ്വദേശി പ്രവീണിനെ പള്ളിക്കൽ പൊലീസുമാണ് അറസ്റ്റുചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..