24 April Wednesday

35 വര്‍ഷത്തിനുശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്‍; പുതിയ തസ്‌തികകള്‍; 82 കായിക താരങ്ങള്‍ക്ക് ജോലി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

തിരുവനന്തപുരം > കോഴിക്കോട് ജില്ലയില്‍ കെഎപി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  ആരംഭഘട്ടത്തില്‍ 100 പൊലീസ് കോണ്‍സ്റ്റബിള്‍ മാരെ (25 വനിതകള്‍) ഉള്‍പ്പെടുത്തി ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പോലീസ് കോണ്‍സ്റ്റബിളിന്റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും.

പൊലീസ് സേനയില്‍ ഇപ്പോള്‍ 11 ആംഡ് പൊലീസ് ബറ്റാലിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 8 എണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടവയാണ്. കെഎപി അഞ്ചാം ബറ്റാലിയന്‍ രൂപീകൃതമായത് 35 വര്‍ഷം മുമ്പാണ് അതിനുശേഷം ക്രമസമാധാനപാലന സാഹചര്യം ഏറെ മാറി. നഗരവല്‍ക്കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും ക്രമസമാധാനപാലന രംഗത്ത് പൊലീസിന്റെ വെല്ലുവിളി വര്‍ധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സേനയ്ക്ക് പുതിയൊരു ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.

ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന്റെ അഞ്ച് സ്ഥിരം തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലുള്ള 11 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 33 സ്ഥിരം തസ്തിക ഉള്‍പ്പെടെ 44 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കാസര്‍കോട് ജില്ലയിലെ പരപ്പയില്‍ ഒരു ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസും ഒരു ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസും ആരംഭിക്കുന്നതിനും 8 സ്ഥിരം തസിത്കകള്‍ അടക്കം 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള രാജ്ഭവനില്‍ വിവിധ വിഭാഗങ്ങളിലായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പീരുമേട് താലൂക്കാശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ ഒരു ജൂനിയല്‍ കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഗ്രാമന്യായലയങ്ങളിലും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലുമായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. റാന്നി, മലമ്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശ്ശൂര്‍ ജില്ലയിലെ മതിലകം, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്നീ ഗ്രാമന്യായാലയങ്ങളിലും കല്‍പ്പറ്റ ജെഎഫ്എംസി, ആലപ്പുഴ ജെഎഫ്‌സിഎം.സി-2 എന്നീ കോടതികളിലുമാണ് തസ്തിക സൃഷ്ടിക്കുന്നത്.

കേരള സ്റ്റേറ്റ് ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ നിര്‍ത്തലാക്കിയ 14 തസ്തികകള്‍ക്ക് പകരമായി 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു വേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കാനും ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

തൃക്കാക്കര കാര്‍ഡിനാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂള്‍, കടയ്ക്കാവൂര്‍ ശ്രീ സേതുപാര്‍വ്വതി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ മൂന്നു എയ്ഡഡ് വിദ്യാലയങ്ങള്‍ക്കു വേണ്ടി 21 തസ്തികകള്‍ സൃഷ്ടിക്കാനും 4 തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

കണ്ണൂര്‍ ആറളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള അഗ്രോമെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് കണ്ണൂര്‍ വലിയ വെളിച്ചം യൂണിറ്റിലേക്ക് 38 സ്ഥിരം തസ്തികകള്‍ അടക്കം 45 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പി.എസ്.സി മുഖേന നിയമിതരായെങ്കിലും പഞ്ചായത്ത് വകുപ്പിലെ സൂപ്പര്‍ന്യൂമററി തസ്തികകളില്‍ ജോലി ചെയ്യുന്ന 23 എല്‍ഡി ടൈപ്പിസ്റ്റുമാരുടെ നിയമനം അവര്‍ സര്‍വീസില്‍ പ്രവേശിച്ച തീയതി മുതല്‍ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.

പൊലീസ് ഫുട്‌ബോള്‍ അക്കാദമി
മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എം.എസ്.പി കാമ്പസില്‍ കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചു. അക്കാദമിയുടെ ഡയറക്ടറായി പ്രശ്‌സത ഫുട്‌ബോള്‍ താരവും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു.

അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. 25 വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് എം.എസ്.പി സ്‌കൂളില്‍ പ്രവേശനം നല്‍കും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പൊലീസ് വകുപ്പിലുള്ള അന്തര്‍ദേശീയ കായിക താരങ്ങളെ പരിശീലകരായി നിയമിക്കും.

ആദ്യ ബാച്ചിന്റെ പരിശീലനം മെയ് ഒന്നിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. എം.എസ്.പി. എല്‍.പി. സ്‌കൂള്‍ മൈതാനം, സമീപമുള്ള കൂട്ടിലങ്ങാടി മൈതാനം എന്നിവിടങ്ങളിലായിരിക്കും പരിശീലനം.

കായിക താരങ്ങൾക്ക്‌ നിയമനം 
ഇച്ഛാശക്തിക്ക്‌ തെളിവ്‌
കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായിക താരങ്ങൾക്കുകൂടി ജോലി നൽകാനുള്ള തീരുമാനം സർക്കാരിന്റെ ഇച്ഛാശക്തിക്ക്‌ തെളിവ്‌. കായിക- യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചാണ്‌ നിയമനം. പത്താംതരം അടിസ്ഥാന യോഗ്യതയുള്ള ക്ലറിക്കൽ തസ്തികകളിലേക്കാണ് നിയമനം. ദേശീയ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയവരും ടീം ഇനത്തിൽ സ്വർണമെഡൽ നേടിയവരുമടക്കം 68 പേർക്ക് എൽഡിഎഫ്‌ സർക്കാർ നേരത്തെ ജോലി നൽകിയിരുന്നു.

ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ മുഴുവൻ താരങ്ങൾക്കും ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെള്ളി, വെങ്കല മെഡൽ നേടിയ ടീമുകളിൽ ഉൾപ്പെട്ട 83 പേർക്ക് 30 പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നൽകാനായിരുന്നു ആലോചന. ഇത് അപ്രായോഗികമായതോടെയാണ് കായിക- യുവജനകാര്യ ഡയറക്ടറേറ്റിൽ നിയമനം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ക്ലറിക്കൽ തസ്തികയിലേക്ക് പരിഗണിക്കാൻ അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളുടെ നിയമനം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കും. എൽഡിഎഫ്‌ സർക്കാർ വന്നശേഷം ഇതുവരെ 498 കായിക താരങ്ങളെ‌ സർക്കാർ സർവീസിൽ നിയമിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top