29 March Friday

അന്താരാഷ്‌ട്ര കേരള പഠന 
കോൺഗ്രസ്‌ അടുത്തവർഷം ; വിദ്യാഭ്യാസ സെമിനാര്‍ 
മെയ് 3 മുതൽ കോഴിക്കോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023



തിരുവനന്തപുരം
എ കെ ജി പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസ്‌ അടുത്തവർഷം നടക്കും. കേരളത്തെക്കുറിച്ച്‌ പഠിച്ചിട്ടുള്ള പരമാവധി പണ്ഡിതരെയും വിദഗ്‌ധരെയും സാമൂഹ്യപ്രവർത്തകരെയും നയകർത്താക്കളെയും പങ്കാളിയാക്കുമെന്ന് പഠന കോൺഗ്രസ്‌ അക്കാദമിക സമിതി ചെയർമാൻ എസ്‌ രാമചന്ദ്രൻപിള്ളയും സെക്രട്ടറി ടി എം തോമസ്‌ ഐസക്കും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1994-ൽ ഇ എം എസാണ്‌ ഒന്നാം അന്തർദേശീയ പഠന കോൺഗ്രസിന്‌ നേതൃത്വം നൽകിയത്‌. തുടർന്ന്‌ അഞ്ചു വർഷത്തിൽ ഒരിക്കൽ പഠന കോൺഗ്രസുകൾ ചേർന്നു. കോവിഡുമൂലം നീട്ടിവച്ച അഞ്ചാമത് കേരള പഠന കോൺഗ്രസാണ്‌ അടുത്തവർഷം ചേരുക. മുന്നോടിയായി 20 വികസന വിഷയത്തിൽ വിവിധ ജില്ലകളിൽ എ കെ ജി പഠന ഗവേഷണകേന്ദ്രവും ജില്ലകളിലെ സമാന പഠനകേന്ദ്രങ്ങളും സംയുക്തമായി സെമിനാർ സംഘടിപ്പിക്കും. 20,000 പണ്ഡിതർ, വിദഗ്ധർ, സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ എന്നിവർ അണിനിരക്കും. 

തുറന്ന സെമിനാറുകളാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. സെമിനാർ വിഷയം സംബന്ധിച്ച് പഠിച്ചിട്ടുള്ള ഏതൊരാൾക്കും രജിസ്റ്റർ ചെയ്‌ത്‌ ചർച്ചകളിൽ പങ്കാളിയാകാം. അക്കാദമിക് സമിതി പരിശോധിച്ച് അവതരണയോഗ്യമായ പ്രബന്ധങ്ങളും അനുഭവക്കുറിപ്പുകളും തെരഞ്ഞെടുക്കും. ആവശ്യം വന്നാൽ പോസ്റ്റർ പ്രദർശന അവതരണത്തിനും സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


 

വിദ്യാഭ്യാസ സെമിനാര്‍ 
മെയ് 3 മുതൽ കോഴിക്കോട്ട്‌
എ കെ ജി പഠനഗവേഷണകേന്ദ്രം നേതൃത്വം നൽകുന്ന അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ സെമിനാർ പരമ്പരയിലെ ആദ്യ സെമിനാർ മെയ്‌ മൂന്നുമുതൽ അഞ്ചുവരെ കോഴിക്കോട്ട്‌ നടക്കും.     പൊതുവിദ്യാഭ്യാസം വിഷയത്തിൽ കേളുവേട്ടൻ പഠനകേന്ദ്രവുമായി സഹകരിച്ചാണ്‌ സെമിനാർ സംഘടിപ്പിക്കുകയെന്ന്‌ പഠന കോൺഗ്രസ്‌ അക്കാദമിക സമിതി ചെയർമാൻ എസ്‌ രാമചന്ദ്രൻ പിള്ളയും സെക്രട്ടറി തോമസ്‌ ഐസക്കും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നിന്‌ മന്ത്രി വി ശിവൻകുട്ടി സെമിനാർ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. പ്രഭാത് പട്നായിക്, അനിത റാംപാൽ തുടങ്ങിയവർ വിഷയം അവതരിപ്പിക്കും.  ഒന്നാം ദിവസം അറുപതിലധികം വേദികളിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുനടന്ന മുന്നൂറി-ലധികം നൂതനമായ വിദ്യാഭ്യാസ അനുഭവങ്ങളും ജനകീയാസൂത്രണാരംഭംമുതൽ നടത്തിയ വ്യത്യസ്തമായ വിദ്യാഭ്യാസ ഇടപെടലുകളും അവതരിപ്പിക്കും. അധ്യാപകർ, വിദഗ്ധർ, പിടിഎ/എസ്എംസി, ജനപ്രതിനിധികൾ തുടങ്ങിയവർക്ക്‌ പങ്കെടുക്കാം.  

രണ്ടാം ദിവസം നാളെയുടെ വിദ്യാഭ്യാസം എന്താകണമെന്നതിൽ 32 സമ്മേളനം നടക്കും. വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളും തിരുത്തലുകളും പുതിയ ആശയങ്ങളും വിദഗ്ധർ മുന്നോട്ടുവയ്ക്കും.  എല്ലാ ചർച്ചകളുടെയും ക്രോഡീകരണം മൂന്നാംദിനം നടക്കും. ഈ രേഖ 2024-ലെ പഠന കോൺഗ്രസിൽ അവതരിപ്പിക്കും.

സെമിനാർ അക്കാദമിക സമിതി ചെയർപേഴ്‌സനായി പ്രൊഫ. സി രവീന്ദ്രനാഥും  കൺവീനറായി ഡോ. സി രാമകൃഷ്ണനും പ്രവർത്തിക്കും. ജില്ലകളിൽ പ്രബന്ധങ്ങൾ പരിശോധിച്ച് അച്ചടിയോഗ്യമാക്കുന്നതിന്‌ വിദ്യാഭ്യാസ വിദഗ്‌ധരുടെ ചെറുസംഘങ്ങളും പ്രവർത്തിക്കുന്നു. കേളുവേട്ടൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എ  പ്രദീപ് കുമാർ ചെയർപേഴ്സനും കെ ടി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായാണ് സ്വാഗതസംഘം.

സെമിനാറിൽ പങ്കെടുക്കുന്നതിന് akgcentre.in  വെബ്സൈറ്റിൽ ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്യാം. സ്ഥാപന പ്രതിനിധികൾ മൂന്നുപേർക്കുവീതം 2000 രൂപയും വ്യക്തികൾക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയും ഫീസുണ്ട്‌.  കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും info@akgcentre.in, crpilicode@gmail.com, വെബ്സൈറ്റ്:- akgcentre.in.  ഫോൺ: 9446464727. സമ്മേളന വിഷയങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top