28 March Thursday

ആഗ്രഹത്തിന്റെ തിരയുതിർത്ത്‌ സഹോദരങ്ങളുടെ സ്വർണക്കൊയ്‌ത്ത്‌

എം ശ്രീനേഷ്‌Updated: Monday May 9, 2022

പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇരട്ടസഹോദരങ്ങളായ അരുണയും അരുണും

പാലക്കാട്‌> പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയതിന്റെ സന്തോഷത്തിലാണ്‌ പാലക്കാട്‌ എൻ കെ പാളയത്തിലെ ഇരട്ടസഹോദരങ്ങളായ അരുണയും അരുണും. അരുണയ്‌ക്കും അരുണിനും ഉന്നംപിഴയ്‌ക്കാത്ത ലക്ഷ്യമാണ്‌ ഷൂട്ടിങ്ങിനോടുള്ള കമ്പം. അരുണ ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ വെള്ളിയും നേടിയപ്പോൾ അരുൺ ടീം ഇനത്തിൽ സ്വർണം നേടി.

ഒമ്പതിലെ പഠനം കഴിഞ്ഞുള്ള വേനലവധിക്കാലത്താണ്‌ ഇവർ ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങിയത്‌. യാത്രയ്‌ക്കിടയിൽ ഷൂട്ടിങ്‌ പരിശീലനം കണ്ട കുട്ടികളുടെ അമ്മ സിന്ധുവാണ്‌ മക്കളെയും ഷൂട്ടിങ്‌ പഠിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചത്‌. അച്ഛൻ ആനന്ദനും ആഗ്രഹത്തിനൊപ്പംനിന്നപ്പോൾ കുട്ടികൾ ഇരുവരും മൂന്നുവർഷം കൊണ്ട്‌ നേടിയ നേട്ടങ്ങളേറെ.  ഇരുവരും ചേർന്ന്‌ വിവിധ മത്സരങ്ങളിലായി 10 സ്വർണവും ആറ്‌ വെള്ളിയും മൂന്ന്‌ വെങ്കലവും എൻ കെ പാളയത്തെ ആനന്ദ്‌ ഭവനിലെത്തിച്ചു. റൈഫിൾ അസോസിയേഷൻ നടത്തിയ സംസ്ഥാനമത്സരത്തിൽ അരുൺ ആറ്‌ സ്വർണവും രണ്ട്‌ വെള്ളിയും, അരുണ രണ്ടുസ്വർണവും രണ്ട്‌ വെള്ളിയും ഒരുവെങ്കലവും നേടി.

ചെന്നൈ ആവടിയിൽ നടന്ന സൗത്ത്‌ സോൺ മത്സരത്തിൽ അരുൺ രണ്ടു സ്വർണവും ഒരു വെള്ളിയും അരുണ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. പാലക്കാട്‌ റൈഫിൾ ക്ലബ്ബിലായിരുന്നു പരിശീലനം. സംസ്ഥാന സർക്കാർ ആദ്യമായി സംഘടിപ്പിച്ച കേരള ഒളിമ്പിക്‌ ഗെയിംസിൽ പങ്കെടുത്ത്‌ ജില്ലയ്‌ക്കുവേണ്ടി സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ്‌ ഇരുവരും. ഇരുവരും ഒലവക്കോട്‌ സെന്റ്‌ തോമസ്‌ കോൺവന്റ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥികളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top