23 April Tuesday

ഡിജിറ്റൽ സർവകലാശാല ബില്ലിന്‌ അംഗീകാരം ; സ്വാശ്രയ കോളേജ്‌ ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


തിരുവനന്തപുരം
കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരവും വിവിധ തൊഴിൽമേഖലയിൽ ഉന്നതനിലവാരമുള്ള മാനവവിഭവശേഷിയും ഉറപ്പാക്കുന്നതാണ്‌ സർവകലാശാല. ആഗസ്തിൽ മന്ത്രി പി രാജീവ്‌ അവതരിപ്പിച്ച ബിൽ സബ്‌ജക്ട്‌ കമ്മിറ്റി പരിശോധനയ്ക്കുശേഷം തിങ്കളാഴ്‌ച നിയമസഭയിൽ മടങ്ങിയെത്തുകയായിരുന്നു.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ്‌ കേരളയെ (ഐഐഐടിഎംകെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തി 2020 ജനുവരി 18ന്‌ ഓർഡിനൻസ്‌ ഇറക്കി‌. അഞ്ച്‌ പഠന സ്‌കൂളും ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളും ആരംഭിക്കുമെന്ന്‌  മന്ത്രി പറഞ്ഞു. രാജ്യത്ത്‌ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളും തുടങ്ങും. ഡിജിറ്റൽ സയൻസിനൊപ്പം സാങ്കേതികവിദ്യ, ഇന്റർ ഡിസിപ്ലിനറി ഇന്നൊവേഷൻ, സംരംഭകത്വം, ലിബറൽ ആർട്‌സ്‌, മാനവിക വിഷയങ്ങളിൽ പഠനഗവേഷണത്തിന്‌ അന്തർദേശീയ സഹകരണം ഉറപ്പുവരുത്തും.

ജനാധിപത്യം ഉറപ്പാക്കാൻ ജനറൽ കൗൺസിലിലും ബോർഡ്‌ ഓഫ്‌ ഗവേണൻസിലും എംഎൽഎമാരും പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ പ്രതിനിധികളുമുണ്ടാകും. ഇവയ്ക്ക്‌ പുറമെ, ഗവേഷണ–- അക്കാദമിക കൗൺസിലുകളിലും രണ്ടുവീതം വിദ്യാർഥി പ്രതിനിധികളെന്ന വ്യവസ്ഥയും കൂട്ടിച്ചേർത്തു. ഒന്നുവീതം വിദ്യാർഥിനിയായിരിക്കും. ചർച്ചയിൽ വി ഡി സതീശൻ, എം വിജിൻ, പി പി സുമോദ്‌ എന്നിവർ പങ്കെടുത്തു.‌ പി രാജീവ്‌ മറുപടി നൽകി.

സ്വാശ്രയ കോളേജ്‌ ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌
സ്വാശ്രയ കോളേജ്‌ അധ്യാപക–- അനധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്ക്‌ നിയമസാധുത നൽകുന്ന ബിൽ നിയമസഭ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു.

2021ലെ കേരള സ്വാശ്രയ കോളേജ്‌ അധ്യാപക-–- അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അവതരിപ്പിച്ചു. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വായശ്ര കോളേജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനരീതിയും സേവനവ്യവസ്ഥകളും വേതനവും ക്രമീകരിക്കുന്നതുമാണ് ബില്ലിന്റെ കാതൽ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശപ്രകാരമാണ് നിയമനിർമാണം.

ആയിരത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അമ്പതിനായിരത്തിലേറെ ജീവനക്കാർ ഈ മേഖലയിലുണ്ട്‌. ഇവരുടെ നിയമനത്തിന്‌ തസ്‌തിക, ശമ്പള സ്‌കെയിൽ, ഇൻക്രിമെന്റ്‌, ഗ്രേഡ്‌ പ്രൊമോഷൻ, നിയമന കാലയളവ്‌, ശമ്പളം, ബത്ത, അധിക സമയ ജോലി ‌ പ്രോവിഡന്റ്‌ ഫണ്ട്, ഇൻഷുറൻസ്‌ തുടങ്ങിയ ആനുകൂല്യങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

തൊഴിൽ ദിനങ്ങൾ, ജോലിസമയം എന്നിവ സർക്കാർ–-എയ്‌ഡഡ്‌ കോളേജുകളിലേതിനു തുല്യമാക്കി. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ്‌ സെൽ, അധ്യാപക–- രക്ഷാകർതൃ അസോസിയേഷൻ, വിദ്യാർഥി പരാതി പരിഹാര സെൽ, കോളേജ്‌ കൗൺസിൽ തുടങ്ങിയവയും ബില്ലിലുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയിൽ ഓർഡിനൻസ്‌ ഇറക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top