26 April Friday

കേരളത്തെ ഞെരുക്കുന്ന 
നയങ്ങൾക്കെതിരെ അണിചേരുക ; എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

എൻജി യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പുത്തരിക്കണ്ടം മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നു


തിരുവനന്തപുരം
കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെ ചെറുക്കാനും ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടത്തിനും ആഹ്വാനം ചെയ്‌ത്‌ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം. കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ, നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്ന മോദിഭരണത്തെ അലോസരപ്പെടുത്തുകയാണ്. ധനകമീഷൻ വിഹിതം വെട്ടിക്കുറച്ചും റവന്യു ഡെഫിസിറ്റ് ഗ്രാൻഡ്‌ നാമമാത്രമാക്കിയും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയും കടമെടുപ്പ് പരിധി മൂന്ന് ശതമാനമാക്കിയും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തടയാനാണ്‌ ശ്രമം. കേന്ദ്രം അനുവദിച്ച കടമെടുപ്പ്  തുകയായ 32,442 കോടി രൂപ ഒറ്റയടിക്ക് 15,350 കോടിയായി വെട്ടിക്കുറച്ചു.  കേരളത്തോടുള്ള പ്രതികാര നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണിത്‌.

ഒമ്പത് വർഷം പൂർത്തിയാക്കിയ മോദി സർക്കാർ നടപ്പിലാക്കിയ വിനാശകരമായ നയങ്ങൾ, രാജ്യത്തിന്റെ സർവ മേഖലകളിലും വർഗീയ ശക്തികളുടെ ആധിപത്യമുറപ്പിച്ചു.  പാർലമെന്റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി. രാജ്യത്തിന്റെ സമ്പദ്ഘടന തകർച്ചയിലാണ്. എല്ലാ മേഖലകളിലും ഇന്ത്യ പിന്നോട്ടുപോകുന്നതായാണ് യുഎൻ അടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌.
കരാർ, കാഷ്വൽ നിയമനങ്ങൾ നടത്തിയും  പൊതുമേഖലാ സ്ഥാപനങ്ങളിൽ 60 ലക്ഷം തസ്തികകളിൽ നിയമനം നടത്താതെയും കേന്ദ്രം സിവിൽ സർവീസിനെ തളർത്തുകയാണ്‌. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുകയാണ് ശാശ്വതപരിഹാരമെന്നും സമ്മേളനത്തിലവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

സെക്രട്ടറി ആർ സാജൻ പ്രമേയം അവതരിപ്പിച്ചു. എ വി റീന, ടി വി പ്രജീഷ്‌, കെ എം നവാസ്‌, വി വിനിജ, വി പി സിനി, കെ പി ബിന്ദു, വി വിമോദ്‌, എസ്‌ വി സജയൻ, ജി ഷിബു, വി സി അജിത്‌കുമാർ, കെ സതീഷ്‌, വി പി തനൂജ, എം എം നിസാമുദീൻ, എം രാജേഷ്‌, വി കെ ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top