26 April Friday

വലിയ നേട്ടവുമായി സംസ്ഥാനത്തെ വ്യവസായ മേഖല, ചെറുകിട മേഖലയുടെ പങ്ക് സുപ്രധാനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കൊച്ചി> സംസ്ഥാനത്തെ വ്യവസായ മേഖല ഉദ്ദേശിച്ചതിനേക്കാൾ വലിയ നേട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯ പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിംഗിലെ മുന്നേറ്റം, തുടർച്ചയായ മൂന്നാം വർഷവും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം കേരളത്തിലെ വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്റ്റേറ്റ് സ്മോൾ ഇ൯ഡസ്ട്രീസ് അസോസിയേഷ൯ കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ സൂക്ഷ്മ, ചെറുകിടം, ഇടത്തരം സംരംഭങ്ങളുടെ പങ്ക് സുപ്രധാനമാണ്. ഈ മേഖലയുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 69138 സ്ഥാപനങ്ങളാണ് ഈ മേഖലയിൽ ആരംഭിച്ചത്. 6442 കോടി രൂപയുടെ നിക്ഷേപവും 245369 തൊഴിലവസരങ്ങളും ഇതിൽ നിന്നും സൃഷ്ടിക്കാനായി. ഈ സമീപനം നിലവിലെ സർക്കാരും ശക്തമായി മുന്നോട്ടു കൊണ്ടു പോകും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ൽ 82000 സംരംഭങ്ങളാണ് ഉണ്ടായിരുന്നത് 2021ൽ ഒന്നര ലക്ഷമായി ഉയർന്നു. തൊഴിലാളികൾ നാല് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ വികസന മേഖലകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും. സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും. വായ്പാ നടപടിക്രമങ്ങൾ ഉദാരമാക്കും.

പീഡിത വ്യവസായ പുനരുദ്ധാരണത്തിന് ഇത്തവണത്തെ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങളിൽ പത്ത് ശതമാനം വനിതകൾക്കായി നീക്കി വയ്ക്കും. സംരംഭകരെ സഹായിക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ ഇന്റേണിനെ വീതം നിയമിച്ചിട്ടുണ്ട്. സ്വകാര്യ ഇ൯ഡസ്ട്രിയൽ പാർക്കുകൾ, ചെറുകിട ഭക്ഷ്യ സംസ്കരണ മേഖല എന്നിവയ്ക്കായി 20 കോടി രൂപ വീതമാണ് ബജറ്റിലെ വകയിരുത്തൽ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഇടത്തരം കാറ്റഗറിയിലേക്ക് ഉയർത്തുന്നതിന് 11.40 കോടി രൂപയും നാനോ യൂണിറ്റുകൾക്ക് മാർജി൯ മണിയായി 2.25 കോടി രൂപയും പലിശ സഹായമായി ഒരു കോടി രൂപയും നീക്കിവച്ചു. ക്ലസ്റ്റർ വികസനത്തിനായി ഉൾക്കൊള്ളിച്ചിരിക്കുന്നത് 4.40 കോടി രൂപയാണ്.

തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭങ്ങളും തൊഴിൽ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന തൊഴിൽസഭയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി എന്റെ സംരംഭം, നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി ഈ വർഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതിയിൽ ഇതിനകം 58306 സംരംഭങ്ങളായി. 128919 തൊഴിലവസരങ്ങളും 3536 കോടി രൂപയുടെ നിക്ഷേപവുമാണ് ഇതിന്റെ ഫലം. സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവരുമുണ്ട്. എന്നാൽ സംരംഭങ്ങൾ, നിക്ഷേപം, തൊഴിലവസരം, നാടിന്റെ വികസനം എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോകും – മുഖ്യമന്ത്രി വ്യക്തമാക്കി.

അസോസിയേഷ൯ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ജി.എസ് പ്രകാശ്, എസ്. പ്രേംകുമാർ, കെ.പി. രാമചന്ദ്ര൯ നായർ, വി.കെ.സി മമ്മദ് കോയ, എ. നിസാറുദ്ദീ൯ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷന്റെ വിവിധ പുരസ്കാരങ്ങൾ വിജയ, പവിഴം ഗ്രൂപ്പുകൾക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സാമൂഹ്യ സുരക്ഷാ ഫണ്ട് ട്രസ്റ്റിന്റെ ധനസഹായ വിതരണവും നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top