25 April Thursday

കേരള മാതൃകയിൽ ഇനി മഹാരാഷ്ട്രയിലും സ്‌കൂൾ പ്രവേശനോത്സവം: വിദ്യാഭ്യാസ മന്ത്രിയും സംഘവും തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻUpdated: Friday Nov 18, 2022

തിരുവനന്തപുരം> കേരള മോഡൽ  പഠിക്കാൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തലസ്ഥാനത്ത്‌. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയിൽ മൂന്ന്‌ മണിക്കൂർ കൂടിക്കാഴ്‌ച നടത്തി. 1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി കഴിഞ്ഞ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും നിലവിലെ  സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും  ഗുണഫലങ്ങളും  വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നവീന ആശയങ്ങളും ഇരു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച ചെയ്‌തു.

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മന്ത്രി ദീപക്ക് കേസർക്കാർ പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്‌ചയിൽ  പൊതുവിദ്യാഭ്യാസത്തിലെ കേരളത്തിന്റെ  മാതൃകാ പ്രവർത്തനങ്ങൾ  സമഗ്രമായി ചർച്ച ചെയ്‌തു.  കേരളം ജൂൺ ഒന്നിന് നടത്തുന്ന സ്‌കൂൾ പ്രവേശനോത്സവം അടുത്ത വർഷം മുതൽ മഹാരാഷ്ട്രിയിലും നടപ്പാക്കുമെന്നും  ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി  ദീപക്ക് വസന്ത് കേസാർക്കർ പറഞ്ഞു.  പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന്‌ കേരളം നടത്തുന്ന  സമൂഹ്യ ഇടപെടലുകളെയും തദ്ദേശ സ്ഥാപനങ്ങളുടെ  പങ്കാളിത്തത്തെയും  മന്ത്രി അഭിനന്ദിച്ചു.  ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം  എസ്‌എസ്‌കെ  പദ്ധതികളും ചർച്ചയായി.  

കേരളത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന കായിക, കലോത്സവങ്ങൾ , ശാസ്ത്ര മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്രയിലും നടപ്പാക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്‌സിഇആർടി  ഡയറക്ടർ ആർ കെ ജയപ്രകാശ്‌,    എസ്‌എസ്‌കെ ഡയറക്ടർ എസ്‌ ആർ  സുപ്രിയ,  എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സ്കോൾ കേരള വൈസ്‌ ചെയർമാൻ പി പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top