18 April Thursday

മുഖ്യമന്ത്രിക്ക്‌ നേരെ വധശ്രമം: അക്രമികൾക്ക്‌ അനുകൂലനിലപാടുമായി വ്യോമയാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

ന്യൂഡൽഹി> പ്രതിഷേധത്തിന്റെ പേരിൽ വിമാനത്തിനുള്ളിൽ നുഴഞ്ഞുകയറി  മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച  കോൺഗ്രസ്‌പ്രവർത്തകർക്ക്‌ പിന്തുണയുമായി കേന്ദ്ര വ്യോമയാനമന്ത്രി. വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച അക്രമികളെ തടഞ്ഞ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജന്‌ എതിരെ ഹൈബി ഈഡൻ എംപി ട്വീറ്റ്‌ ചെയ്‌തിരുന്നു. ഈ ട്വീറ്റ്‌,  റീട്വീറ്റ്‌ ചെയ്‌ത കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യസിന്ധ്യ വിഷയം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പ്രതികരിച്ചു. വിമാനത്തിൽ നടന്ന സംഭവങ്ങളുടെ എഡിറ്റ്‌ ചെയ്‌ത ദൃശ്യങ്ങൾ സഹിതമായിരുന്നു കോൺഗ്രസ്‌ എംപിയുടെ ട്വീറ്റ്‌.

‘മുദ്രാവാക്യങ്ങൾ മുഴക്കിയ രണ്ട്‌ യാത്രക്കാരെ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ കൈയ്യേറ്റം ചെയ്യുന്നത്‌ ഈ ദൃശ്യത്തിൽ വ്യക്തമാണ്‌. എന്തുകൊണ്ട്‌ ഇൻഡിഗോ എയർലൈൻസും ഡിജിസിഎയും ജോതിരാദിത്യസിന്ധ്യയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നില്ല’–- ഹൈബി ഈഡൻ ചോദിച്ചു. ഈ ട്വീറ്റ്‌,  റീട്വീറ്റ്‌ ചെയ്‌ത വ്യോമയാനമന്ത്രി ‘വിഷയം പരിശോധിക്കുമെന്നും നടപടി എടുക്കുമെന്നും’ ഉടൻ പ്രതികരിച്ചു. വിമാനത്തിനുള്ളിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ നടപടി വലിയ ചർച്ചയായിട്ടും വ്യോമയാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിഷേധിക്കാനെന്ന വ്യാജേന വിമാനത്തിൽ നുഴഞ്ഞുകയറിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ലക്ഷ്യം മുഖ്യമന്ത്രിയെ  ആക്രമിക്കാനായിരുന്നുവെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. വധശ്രമം,കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി അക്രമികൾക്ക്‌ എതിരെ കേസും എടുത്തിട്ടുണ്ട്‌. ‘നിന്നെ വെച്ചേക്കില്ലെടാ’ എന്ന ആക്രോശത്തോടെ അക്രമികൾ മുഖ്യമന്ത്രിക്ക്‌ നേരെ പാഞ്ഞടുത്ത അവസരത്തിലാണ്‌ ഇ പി ജയരാജൻ  അവരെ തടഞ്ഞത്‌.

വിമാനത്തിനുള്ളിലെ യൂത്ത്‌കോൺഗ്രസ്‌ നീക്കം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നെന്ന്‌ ഇൻഡിഗോയും റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വസ്‌തുതകൾ മറച്ചുവെച്ച്‌ അക്രമികളെ ‘യാത്രക്കാരായി’ ചിത്രീകരിച്ച്‌ കോൺഗ്രസ്‌ എംപി രംഗത്തെത്തിയത്‌. അതീവ ഗുരുതരമായ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുക പോലും ചെയ്യാതെ നടപടി എടുക്കുമെന്ന് ഉറപ്പ്‌ നൽകിയ വ്യോമയാനമന്ത്രി അസ്വാഭാവിക പ്രതികരണമാണ്‌ നടത്തിയിട്ടുള്ളത്‌. മുഖ്യമന്ത്രിക്ക്‌ നേരെ യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ വധശ്രമത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള പ്രതികരണമാണിതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top