29 March Friday

കേരളത്തിലെ കർഷകരും ഡൽഹിക്ക്‌ തിരിച്ചു ; മാർച്ചിന്‌ തിങ്കളാഴ്‌ച കണ്ണൂരിൽ തുടക്കമായി

പ്രത്യേക ലേഖകൻUpdated: Tuesday Jan 12, 2021

കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്‌ പോകുന്ന കർഷകസംഘം വളന്റിയർമാർ


രാജ്യത്തെ ഇളക്കിമറിച്ച ഡൽഹി കർഷകപ്രക്ഷോഭത്തിന്‌ കരുത്തേകാൻ  കേരള വളണ്ടിയർമാരും. കേരള കർഷകസംഘം നേതൃത്വത്തിൽ 500‌ സമരഭടന്മാരുടെ  ഡൽഹി  മാർച്ചിന്‌ തിങ്കളാഴ്‌ച കണ്ണൂരിൽ തുടക്കമായി.  ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പരിസരത്തെ സംയുക്ത കർഷകസത്യഗ്രഹ വേദിയിൽ കിസാൻ സഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള മാർച്ച്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു.

എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുത്ത കർഷകവളണ്ടിയർമാരാണ്‌ ഐക്യദാർഢ്യവുമായി പ്രത്യേക ബസുകളിൽ ഡൽഹിയിലേക്ക്‌ പുറപ്പെട്ടത്‌. അയൽജില്ലകളിൽനിന്നുൾപ്പെടെ നൂറുകണക്കിന്‌ കൃഷിക്കാർ സമരഭടന്മാരെ യാത്രയാക്കാനെത്തി. കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റും ടീം ലീഡറുമായ വി എം ഷൗക്കത്ത്‌, സംസ്ഥാന കമ്മിറ്റി അംഗവും ഡെപ്യൂട്ടി ലീഡറുമായ കെ സി മനോജ്‌ എന്നിവർക്ക്‌ പതാക കൈമാറിയാണ്‌ എസ്‌ ആർ പി ഉദ്‌ഘാടനം നിർവഹിച്ചത്‌.   സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാഗേഷ്‌ എംപി അധ്യക്ഷനായി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ സ്വാഗതം പറഞ്ഞു.

വളണ്ടിയർമാർ 14ന്‌ ഡൽഹി–- രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപുരിലെത്തും. അവിടെനിന്ന്‌ പ്രകടനമായി ഡൽഹിയിലേക്കു തിരിക്കും. ഡൽഹിയിലേക്കു കടക്കുന്നത്‌ തടഞ്ഞാൽ ഷാജഹാൻപുരിൽ  നിലയുറപ്പിച്ച്‌ സമരം തുടരുമെന്ന്‌ കെ എൻ ബാലഗോപാൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top